- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുഴ മുതൽ പുഴ വരെ' ഒരു കാരണവശാലും കാണരുത്; കണ്ടാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും': സിപിഎം സിനിമയെ തകർക്കാൻ ശ്രമിക്കുന്നു എന്ന് രാമസിംഹൻ അബൂബക്കർ; 'പറ്റിച്ച പൈസ കൊണ്ട് സെക്രട്ടേറിയേറ്റിന് പിന്നിൽ ഒരേക്കർ സ്ഥലം വാങ്ങി, കുറച്ച് പൈസ സ്വിസ് ബാങ്കിലിട്ടു': ആരോപണങ്ങൾക്കും മറുപടി
കോഴിക്കോട്: മമധർമ എന്ന ജനകീയ കൂട്ടായ്മ വഴി സ്വരൂപിച്ച പണം കൊണ്ട് നിർമ്മിച്ച 'പുഴ മുതൽ പുഴ വരെ' പുറത്തുവന്നതിന് പിന്നാലെ സിപിഎം സിനിമയെ തകർക്കാൻ രംഗത്തെത്തിയിരിക്കുകയാണെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ ( അലി അക്ബർ). സിനിമ കണ്ടാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് പാർട്ടി പ്രവർത്തകനോട് നേതാവ് ഭീഷണി മുഴക്കുന്ന ശ്ബദസന്ദേശം വരെ ഉണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സിനിമയ്ക്ക് എതിരെന്ന് വരുത്താൻ ശ്രമമുണ്ടെന്നും അദ്ദേഹം ഫേസബുക്ക് ലൈവിൽ പറഞ്ഞു. സിനിമ നല്ല രീതിയിൽ മുന്നോട്ടുപോകുമ്പോൾ, അതിനെ തകർക്കാനാണ് ശ്രമം. ജനകീയ കൂട്ടായ്മ വഴി സ്വരൂപിച്ച തുക ദുർവിനിയോഗം നടത്തിയെന്ന ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു.
'ഈ സമയത്ത്, ഒന്ന് സിപിഎം, ക്യത്യമായ അജണ്ടയോടുകൂടിയിട്ട് ഈ സിനിമ ഒരുകാരണവശാലും നിങ്ങൾ കാണരുത്, രണ്ട് സംഘപരിവാറും രാമസിംഹനും തമ്മിലുള്ള ബന്ധം ഇല്ലാതാക്കണം. അതിനെന്തൊക്കെ ചെയ്യാൻ പറ്റും. സംഘപരിവാറും ഞാനും തമ്മിൽ വലിയ ശണ്ഠ നടക്കുന്നുവെന്ന മട്ടിൽ, വിവിധങ്ങങ്ങളായ പോസ്റ്റുകൾ, അതിലൊന്ന് സുരേന്ദ്രൻ പണം തന്നിട്ടില്ല എന്ന രീതിയിലുള്ള പോസ്റ്റ്. ഞാൻ വ്യക്തമായി പറഞിഞു, ഇത് ബിജെപിയുടെയോ സംഘപരിവാറിന്റെയോ പടമല്ല, സംഘപരിവാറിൽ ഉൾപ്പെട്ട സാധാരണ മനുഷ്യർ തന്ന പണം കൊണ്ടുണ്ടാക്കിയ പടമാണ്. ബിജെപി ഉൾപ്പെടുന്ന ജനങ്ങളുടെ പണം കൊണ്ടുണ്ടാക്കിയ പണമാണ്. സുരേന്ദ്രൻ എനിക്ക് പ്രത്യേകമായി പണമൊന്നും തന്നിട്ടില്ല. സുരേന്ദ്രൻ പടത്തിന് എതിരാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം. രണ്ടുദിവസം മുമ്പാണ് പടത്തിന് അനുകൂലമായി സുരേന്ദ്രൻ പോസ്റ്റിട്ടത്.
മറ്റൊന്ന് സംഘപരിവാർ ഇല്ലാതെ രാമസിംഹൻ ഒറ്റയ്ക്ക് കൊണ്ടുപോകുന്ന പടം എന്ന രീതിയിൽ പുതിയ വ്യാഖ്യാനം. സംഘത്തിന്റെ ഒരുഘടകമാണ് ഞാൻ. ആ രീതിയിൽ പ്രത്യേക ഉദ്ദേശ്യത്തോടെ ഈ സിനിമയെ തകർക്കാൻ വച്ചുള്ള അജണ്ടയോടെ ശ്രമം നടക്കുന്നു.'
ജനകീയ കൂട്ടായ്മ വഴി സ്വരൂപിച്ച തുക ദുർവിനിയോഗം നടത്തിയെന്ന ആരോപണത്തിനും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി പറഞ്ഞു.
'പറ്റിച്ച പൈസ കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നിൽ ഒരേക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്. കുറച്ച് പൈസ സ്വിസ് ബാങ്കിലിട്ടു. ബാക്കി പൂഴ്ത്തി വച്ചിട്ടുണ്ട്. അത് എന്തു ചെയ്യണമെന്ന് അറിയില്ല. ജനങ്ങളോട് മറുപടി പറയേണ്ടി വരില്ല. എല്ലാം എന്റെ അക്കൗണ്ടിലേക്കാണ് വന്നത്, കൃത്യമായ കണക്കുണ്ട്. രണ്ടു കോടിയിൽ താഴെ പണം പിരിഞ്ഞു കിട്ടി. അതിൽ കടവും ഉൾപ്പെടും. സിനിമ ഇപ്പോൾ തിയേറ്ററുകളിലെത്തി കഴിഞ്ഞു. 86 തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു.
മലബാർ കലാപത്തിന്റെ യഥാർഥ ചരിത്രമാണ് ഈ ചിത്രം പറയുന്നത്. ഒരുപാട് ഗവേഷണങ്ങൾക്കൊടുവിലാണ് സിനിമ ഒരുക്കിയത്. സിനിമ ഒരുക്കിയിരിക്കുന്നത് അനുഭവസ്ഥരുടെ കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ്. ആധുനിക രാഷ്ട്രീയ പ്രവർത്തകർ വാരിയം കുന്നനെ മഹത്വവൽക്കരിച്ച് എഴുതിയിട്ടുണ്ട്. അവർ ആരോട് ചോദിച്ചാണ് ചരിത്രം എഴുതിയത്? മലബാർ കലാപത്തെ ആസ്പദമാക്കി ഒരുക്കുമെന്ന പ്രഖ്യാപിച്ച മറ്റു ചിത്രങ്ങൾ എന്തുകൊണ്ട് നടന്നില്ല. ഞങ്ങൾ ആരും അവരെ എതിർത്തില്ല. അവർ സിനിമ എടുത്താൽ ഞങ്ങളും എടുക്കുമെന്നാണ് പറഞ്ഞത്. ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു. ഒരു പക്ഷേ പൃഥ്വിരാജ് ചെയ്യുമെന്ന് ഉറപ്പിച്ചുവെങ്കിൽ സിനിമ നടന്നേനെ. ചരിത്രബോധം ഇല്ലാത്തതുകൊണ്ടായിരിക്കാം അദ്ദേഹം സിനിമ ചെയ്യാമെന്ന് പറഞ്ഞത്. പിന്നീട് അദ്ദേഹം ചരിത്രം വായിച്ചു കാണാം'.
മറുനാടന് മലയാളി ബ്യൂറോ