തിരുവനന്തപുരം : 'ഗോമതീദാസൻ' എന്നു പേരെടുത്ത ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെ, ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹസ്തലിഖിത ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരത്തിൽ ഇനി നടക്കുക വിശദ പരിശോധന. 1823-ൽ തമിഴ്‌നാട്ടിൽ ജനിച്ച ശാസ്ത്രികൾ, തിരുവിതാംകൂർ രാജാക്കന്മാരായ ഉത്രം തിരുനാൾ, ആയില്യം തിരുനാൾ, വിശാഖം തിരുനാൾ എന്നിവരുടെ സദസ്സിലെ പണ്ഡിതനായിരുന്നു. കേരളവർമ വലിയകോയിത്തമ്പുരാന്റെ ഗുരുവുമായിരുന്നു. അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യമുള്ളതാണ് ഈ ഗ്രന്ഥങ്ങൾ. 26 താളിയോലക്കെട്ടുകളിലായി 50-ഓളം ഗ്രന്ഥങ്ങളാണ് ശേഖരത്തിലുണ്ടായിരുന്നത്.

ശാസ്ത്രികളുടെ ഏഴാം തലമുറയിലെ അംഗമായ ഗീതാ രവിയുടെ കരമന നീറമൺകര ഗായത്രിനഗറിലെ വീട്ടിൽനിന്നാണ് ഗ്രന്ഥശേഖരം ലഭിച്ചത്. മലയാളം, തമിഴ്, ഗ്രന്ഥ എന്നീ ലിപികളിൽ സാഹിത്യം, സൗന്ദര്യശാസ്ത്രം, വേദാന്തം, ന്യായം, തന്ത്രം, ഗണിതം, വേദലക്ഷണം, മന്ത്രശാസ്ത്രം, ആചാരം, സ്‌തോത്രം തുടങ്ങി വിവിധ ശാഖകളിലുള്ള ഗ്രന്ഥങ്ങളാണ് ലഭിച്ചത്. നീറമൺകര എൻ.എസ്.എസ്. കോളേജിലെ സംസ്‌കൃതവിഭാഗം അസി. പ്രൊഫസർ ഡോ. ആചാര്യ ജി.ആനന്ദരാജിന്റെ നേതൃത്വത്തിൽ, കണ്ടെത്തിയ ഗ്രന്ഥശേഖരം പരിശോധിക്കുകയും പ്രാഥമികമായി തരംതിരിക്കുകയും ചെയ്തു. ഇനി വിശദ പരിശോധന നടത്തും.

രേഖകൾ കാര്യവട്ടം മാനുസ്‌ക്രിപ്റ്റ് മിഷൻ സെന്ററിൽ ഏല്പിച്ചു വൃത്തിയാക്കിയിട്ടുണ്ട്. അടുത്തകാലത്ത് കേരളത്തിൽ വ്യക്തിഗതശേഖരത്തിൽനിന്നു കണ്ടെത്തിയ വലിയ ഗ്രന്ഥസഞ്ചയമാണിതെന്ന് ഡോ. ആചാര്യ ജി.ആനന്ദരാജ് അറിയിച്ചു. ഗ്രന്ഥങ്ങളിൽ, അപൂർവമായവയും ഗവേഷണത്തിനുതകുന്നവയും ഏറെയുണ്ട്.

ശേഖരത്തിന്റെ വിശദമായ പഠനത്തിനും ഉപയോഗത്തിനുമായി കേരള സർവകലാശാലയുടെ കാര്യവട്ടത്തു പ്രവർത്തിക്കുന്ന ഓറിയന്റൽ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിക്കു കൈമാറും. ഹസ്തലിഖിത ഗ്രന്ഥശാലാവിഭാഗം മേധാവി ഡോ. ആർ.ബി.ശ്രീകലയുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. തിരുവിതാംകൂർ ആസ്ഥാനവിദ്വാനായിരുന്ന മഹാകവിയുടെ ഗ്രന്ഥശേഖരം എന്ന നിലയിൽ ഇവയുടെ പ്രാധാന്യം ഇരട്ടിക്കുന്നു. കാലപ്പഴക്കം കാര്യമായി ബാധിച്ചിട്ടില്ല.

ചെങ്കോട്ടയിലെ ഇലന്തൂരിലാണ് രാമസ്വാമി ശാസ്ത്രികൾ ജനിക്കുന്നത്. കൃഷ്ണപുരം നാരായണ ശാസ്ത്രികളിൽ നിന്നും കാവ്യനാടകങ്ങൾ പഠിച്ച ശേഷം ഉപരിപഠനത്തിനായി പന്തളത്ത് പോയി. അന്ന് ഇലന്തൂർ പന്തളം രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. നീരാഴിക്കോട് കൊട്ടാരത്തിലെ കേരളവർമ്മയിൽ നിന്നും വ്യാകരണവും തർക്കവും പഠിച്ചു. വേദാന്തശാസ്ത്രവും മന്ത്ര ശാസ്ത്രവും അഭ്യസിച്ചു.

മൂകാംബിക ക്ഷേത്രത്തിൽ ഭജന നടത്തിയ ശേഷം തിരുവനന്തപുരത്ത് എത്തി ഉത്ര തിരുനാളിന്റെ ആസ്ഥാന പണ്ഡിതനായി. ഉത്രം തിരുനാൾ, ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമുലം തിരുനാൾ തുടങ്ങിയ നാലു രാജാക്കന്മാരുടെ അടുപ്പം കിട്ടി. അതുകൊണ്ട് തന്നെ ഏറെ നിർണ്ണായകമാണ് കിട്ടിയ രേഖകൾ.