ഹരിപ്പാട്: വിഎസ് അച്യുതാനന്ദന്റെ അന്ത്യയാത്ര ചരിത്രമായി. മണിക്കൂറുകള്‍ കാത്തു നിന്ന ജനസഞ്ചയം കേരളത്തിലെ വിപ്ലവ നേതാവിന് യാത്രാമൊഴിയേകി. ഇതിനിടെ മുരളീ തുമ്മാരുകുടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്. താന്‍ ജനിച്ചു വീണ സമൂഹത്തിലെ പാവങ്ങളുടെ കൂടെ നിന്ന്, അനീതികളെ എതിര്‍ത്ത് തോല്‍പ്പിച്ച് കൂടുതല്‍നല്ലൊരു സമൂഹവും ജീവിതവും പിന്‍തലമുറകള്‍ക്ക് നല്‍കി ഒരാള്‍ കടന്നുപോകുമ്പോള്‍ ആ തലമുറയുടെ പ്രതികരണമാണ് നാം കാണുന്നത്. വഴിയരികില്‍ കാത്തുനിന്ന ലക്ഷങ്ങളില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചത് ഒരു സാധാരണക്കാരനെപ്പോലെ വി എസ്സിന്റെ ഭൗതികശരീരവുമായി എതുന്ന വാഹനം കാത്തുനില്‍ക്കുന്ന ശ്രീ രമേശ് ചെന്നിത്തലയെ ആണ്. ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഇത്തരം ഒരു കാഴ്ചയുണ്ടാകുമോ?-ഇതാണ് തുമ്മാരുകുടി ചര്‍ച്ചയാക്കുന്നത്.

വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ഹരിപ്പാടേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ വി.എസിന് യാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കാത്തു നിന്നു. പുലര്‍ച്ചെയാണ് ഹരിപ്പാടിലൂടെ വി.എസിന്റെ വിലാപ യാത്ര കടന്നുപോയത്. ഹരിപ്പാടിലൂടെ വി.എസ് കടന്നുപോകുമ്പോള്‍ താനിവിടെ വേണ്ടെയെന്നാണ് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് രമേശ് ചെന്നിത്തല ചോദിച്ചത്. ഹരിപ്പാടുമായി വി.എസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. എനിക്കത് അനുഭവമുള്ള കാര്യമാണ്. ഞങ്ങള്‍ തമ്മില്‍ നല്ല വ്യക്തിബന്ധമുണ്ട്. എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ. അന്ത്യയാത്രയല്ലേ', രമേശ് ചെന്നിത്തല പറഞ്ഞു.

വി.എസിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മണിക്കൂറുകളായി കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ വി.എസിനെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വന്‍ ജനാവലി. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ ഈ ആദരവ് തരും. തമ്മില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ടാണ് വി.എസിനെ ആളുകള്‍ ഇത്രയധികം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിലെ നേതാക്കന്മാര്‍ എന്ന നിലക്ക് വി.എസും താനും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചുവടെ

കണ്ണേ കരളേ വി എസ്സേ

ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ

സഖാവ് വി എസ് അച്ചുതാനന്ദന്റെ അന്ത്യയാത്ര കാണുന്നു

ഇന്നലെ രാത്രി പലവട്ടം പലയിടത്ത് കണ്ടു. ബോണില്‍ ഇപ്പോഴും നേരം വെളുത്തിട്ടില്ല, അവസാനയാത്ര ഹരിപ്പാട് എത്തുന്നതേ ഉള്ളൂ

എവിടെയും ജനസമുദ്രമാണ്. ഉയരുന്ന മുദ്രാവാക്യങ്ങളാണ്.

എങ്ങനെയാണ് ഒരു മനുഷ്യന്‍ ദശലക്ഷേക്കണക്കിന് ആളുകള്‍ക്ക് ഇത്രയും പ്രിയങ്കരനാകുന്നത്?

താന്‍ ജനിച്ചു വീണ സമൂഹത്തിലെ പാവങ്ങളുടെ കൂടെ നിന്ന്, അനീതികളെ എതിര്‍ത്ത് തോല്‍പ്പിച്ച് കൂടുതല്‍ നല്ലൊരു സമൂഹവും ജീവിതവും പിന്‍തലമുറകള്‍ക്ക് നല്‍കി ഒരാള്‍ കടന്നുപോകുമ്പോള്‍ ആ തലമുറയുടെ പ്രതികരണമാണ് നാം കാണുന്നത്.

വഴിയരികില്‍ കാത്തുനിന്ന ലക്ഷങ്ങളില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചത് ഒരു സാധാരണക്കാരനെപ്പോലെ വി എസ്സിന്റെ ഭൗതികശരീരവുമായി എതുന്ന വാഹനം കാത്തുനില്‍ക്കുന്ന ശ്രീ രമേഷ് ചെന്നിത്തലയെ ആണ്.

ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഇത്തരം ഒരു കാഴ്ചയുണ്ടാകുമോ?

കേരളം പ്രതീക്ഷ നല്‍കുന്നത് ഇത്തരം ഉത്തമമാതൃകകളില്‍ കൂടിയാണ്

മുരളി തുമ്മാരുകുടി