- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുതിയ പാമ്പന്‍ പാലം സമുദ്രനിരപ്പില്‍ നിന്ന് 6 മീറ്റര്‍ ഉയരത്തില്‍; ഇന്ത്യയിലെ ആദ്യത്തെ 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്' റെയില്‍വേ പാലം; ഉദ്ഘാടനം രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും; പഴയ പാമ്പന്‍ പാലത്തിന്റെ ഒരു ഭാഗം സ്മാരകം; ബാക്കിയുള്ള ഭാഗം പൊളിച്ചുനീക്കും
ചെന്നൈ: പാമ്പനില്‍ പുതുതായി നിര്‍മ്മിച്ച റെയില്‍പ്പാലത്തിലൂടെ ഏപ്രില്‍ 6-ന് തീവണ്ടി ഗതാഗതം ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. ഇതിനായി അദ്ദേഹം രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും, പിന്നീട് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും.
പുതിയ പാമ്പന്‍ റെയില്‍പ്പാലം, രാമേശ്വരത്തെയും പാമ്പന്‍ ദ്വീപിനെയും വന്‍കരയുമായി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണ്. പാലത്തിന്റെ നിര്‍മ്മാണം 2023 ഒക്ടോബറോടെ പൂര്‍ത്തിയായിരുന്നു, എന്നാല്‍ സുരക്ഷാ പരിശോധനകള്‍ക്കും പ്രധാനമന്ത്രിയുടെ സമയക്രമത്തിനുമനുസരിച്ച് ഉദ്ഘാടന തീയതി നീണ്ടുപോയിരുന്നു.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് ബുധനാഴ്ച പാമ്പന്‍ സന്ദര്‍ശിച്ചു, ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. താംബരത്തുനിന്ന് രാമേശ്വരത്തേക്കുള്ള പുതിയ തീവണ്ടിക്കും പ്രധാനമന്ത്രി പച്ചക്കൊടി വീശും. അതേസമയം, രാമേശ്വരം റെയില്‍വേ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബറോടെ പൂര്‍ത്തിയാകും.
പഴയ പാമ്പന്‍ പാലത്തിന്റെ ഒരു ഭാഗം സ്മാരകമായി മാറ്റുമെന്നും ബാക്കിയുള്ള ഭാഗം പൊളിച്ചുനീക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. പുതിയ പാലത്തിന്റെ നിര്‍മ്മാണം ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് പൂര്‍ത്തിയാക്കിയത്. ചെലവ് ഏകദേശം 535 കോടി രൂപയായിരുന്നു.
പുതിയ പാമ്പന്‍ പാലം സമുദ്രനിരപ്പില്‍ നിന്ന് 6 മീറ്റര്‍ ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2.07 കിലോമീറ്റര്‍ നീളമുള്ള ഈ പാലം ഇന്ത്യയിലെ ആദ്യത്തെ 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്' റെയില്‍വേ പാലമാണെന്നതാണ് പ്രധാന സവിശേഷത. കപ്പലുകള്‍ കടന്നുപോകുന്നതിനായി പാലത്തിന്റെ ഒരു ഭാഗം 27 മീറ്റര്‍ ഉയരത്തിലേക്ക് ലിഫ്റ്റ് ചെയ്യാവുന്നതാണ്. പഴയ പാലത്തിലെ ചെരിഞ്ഞ് തുറക്കുന്ന സംവിധാനം പുതുക്കി ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനം കൊണ്ടുവന്നതാണ് പുതിയ പാലത്തിന്റെ മറ്റൊരു പ്രത്യേകത. ലിഫ്റ്റ് തുറക്കാന്‍ 3 മിനിറ്റ്, അടയ്ക്കാന്‍ 2 മിനിറ്റ് മാത്രമേ വേണ്ടിവരൂ.
1914-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പഴയ ഉരുക്ക് പാലം അറ്റകുറ്റപ്പണി അസാധ്യമായതിനെ തുടര്‍ന്ന്, 2022 ഡിസംബര്‍ 23 മുതല്‍ തീവണ്ടി ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പുതിയ പാലം പ്രവര്‍ത്തനം ആരംഭിച്ചതോടെ കേരളത്തിലുനിന്നുള്ള അമൃത എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ ഇനി രാമേശ്വരത്തേക്കു നേരിട്ട് ഓടുമെന്നതാണ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസം.