- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ മുറ്റം വൃത്തിയാക്കാന്‍ എത്തിയയാള്‍ ക്ലാസ്സ് എടുത്തു; ടീച്ചര്‍മാരും കുട്ടികളും ഞെട്ടി; 'ടീച്ചര്‍ ഇന്ത ഇടത്തിലെ ടീച്ചിംഗ് മെത്തേഡ് സൂപ്പര്‍' എന്ന് കമന്റും; എം എ, എം എഡുകാരന് കുടുംബം പുലര്‍ത്താന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍ കൂലിവേലയ്ക്ക്; വൈറ്റ് കോളര്‍ ജോലിക്ക് വാശി പിടിക്കാതെ വന്ന രംഗനാഥന് കയ്യടിച്ച് ഈരാറ്റുപേട്ടക്കാര്‍
രംഗനാഥന് കയ്യടിച്ച് ഈരാറ്റുപേട്ടക്കാര്‍
കോട്ടയം: 'ടീച്ചര്‍ ഇന്ത ഇടത്തിലെ ടീച്ചിംഗ് മെത്തേഡ് സൂപ്പര്‍'. സ്‌കൂള്‍ മുറ്റത്ത് മുറിച്ചിട്ട മരക്കഷണങ്ങള്‍ നീക്കം ചെയ്യാന്‍ വന്ന തൊഴിലാളി ഏറെ നേരം ക്ലാസ് മുറിയിലേയ്ക്ക് നോക്കി നിന്നു. നിര്‍വികാരനായി നില്‍ക്കുന്ന തൊഴിലാളിയോട് കാര്യം അന്വേഷിച്ചപ്പോള്‍ അധ്യാപകര്‍ ഞെട്ടി. രണ്ട് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ആളാണ് കുടുംബം പുലര്‍ത്തുന്നതിനായി കൂലിവേല അന്വേഷിച്ച് തമിഴ്നാട്ടില്‍ നിന്നുമെത്തിയതെന്ന് മനസ്സിലായി. ഉടന്‍ തന്നെ് പ്രിന്‍സിപ്പല്‍ ഷീജ സലീം ക്ലാസ്സ് മുറിയിലേയ്ക്ക് ക്ഷണിച്ചു. പണി ചെയ്തിരുന്ന വേഷത്തില്‍ തന്നെ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അധ്യാപകര്‍ ഭാഷ തര്‍ജ്ജമ ചെയ്തു. ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് വേദിയായത്.
തമിഴ്നാട് തേനി സ്വദേശി എം. രംഗനാഥന്‍ (35) ആണ് ബിരുദാനന്തര ബിരുദധാരി. ഇവിടെ എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കല്ലു പണിയും മരപ്പണിയും കൃഷിപ്പണിയുമെല്ലാം ചെയ്യും. തമിഴ്നാട് തേനി ജില്ലയില്‍ ഉത്തമ പാളയം താലൂക്കില്‍ കോംബേ നിവാസിയാണ്. കോംബെ ആര്‍.സി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്‌കൂള്‍, പ്ലസ് ടു എസ് കെ പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, തുടര്‍ന്ന് കോംബെ,മധുരൈ അമേരിക്കന്‍ കോളേജിലെ ഡിഗ്രി വിദ്യാഭ്യാസം, മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്നും കറസ്പോണ്ടന്‍സ് ആയി തമിഴില്‍ ബിരുദാനന്തര ബിരുദം. പിന്നെ മാര്‍ത്താണ്ഡം സെന്റ് ജോസഫ് ടീച്ചര്‍ എജുക്കേഷന്‍ കോളേജില്‍ നിന്നും ബി എഡ് ബിരുദം നേടി. തൃച്ചി ജീവന്‍ കോളേജ് ഓഫ് എജുക്കേഷനില്‍ നിന്നും എം എഡ്. ഒരു ബിഎഡ് കോളജ് അധ്യാപകനാകാനുള്ള യോഗ്യതയുണ്ട് രംഗനാഥന്.
കോംബെ എസ് കെ പി സ്‌കൂളില്‍ ഒരു വര്‍ഷം താല്‍ക്കാലിക അധ്യാപകനായി ജോലി നോക്കി. 2014 വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 2015 ല്‍ മെഡിക്കല്‍ ലാബ് ടെക്നീഷ്യനായ ആര്‍ സെല്‍വിയെ വിവാഹം ചെയ്തു. ഇവര്‍ക്ക് അഞ്ച് വയസുകാരന്‍ മകനുണ്ട്. ജീവിത ചെലവ് കൂടിയപ്പോഴാണ് തമിഴ്നാട്ടില്‍ നിന്നും ഇവിടെ ജോലിക്ക് വന്നത്. ദിവസക്കൂലി വച്ചുനോക്കുമ്പോള്‍ തമിഴ്നാട്ടിലേക്കാളും ഒരു ദിവസം ഇവിടെ കൂലി ചെയ്താല്‍ 300 രൂപ കൂടുതല്‍ ലഭിക്കും എന്നുള്ളതായിരുന്നു അതിന് കാരണം. ഒരു കലാകാരന്‍ കൂടിയാണ്. തമിഴ്നാട്ടിലെ സിനിമാതാരങ്ങളുടെ ശബ്ദം അനുകരിക്കും. പാട്ടുപാടും, ഡാന്‍സ് കളിക്കും. പരമ്പരാഗത ആയോധന കലയായ സിലമ്പും വശമാണ്.
കോംബെ സ്വദേശി മുരുകേശ്വരന്റെയും സരസ്വതി അമ്മയുടെയും മകനായി 1989 ലാണ് രംഗനാഥന്‍ ജനിച്ചത്. സുന്ദരി എന്ന ഒരു പെങ്ങളുമുണ്ട്. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരണമടഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞ് പിതാവ് മറ്റൊരാളെ വിവാഹം കഴിച്ചു. തുടര്‍ന്ന് പിതാവിന് തന്നോട് താല്പര്യം കുറഞ്ഞതിനാല്‍ അമ്മാവന്‍ താപസിമാരി മുത്തു കൂടെയായിരുന്നു താമസം. ബി.എഡ് പഠിക്കുന്നത് വരെയും ആവശ്യമായ പണം നല്‍കി സഹായിച്ചത് അദ്ദേഹമാണ്. തുടര്‍ന്ന് ആറുമാസത്തോളം പെരുമ്പാവൂര്‍ കറിപൗഡര്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്താണ് എം. എഡ് പഠിച്ചത്.
വിദ്യാഭ്യാസം എല്ലാം ഉണ്ട് എങ്കിലും സ്‌കൂളില്‍ കയറുന്നതിന് വന്‍ തുക സംഭാവന കൊടുക്കണം എന്നുള്ളതിനാല്‍ ആ സ്വപ്നവും മുടങ്ങി. തമിഴ് അധ്യാപകനായതിനാല്‍ അവസരവും കുറവ്. വൈറ്റ് കോളര്‍ ജോലി നോക്കി നില്‍ക്കാതെ അഭിമാനത്തോടെ കൂലിപണിക്കിറങ്ങുകയായിരുന്നു ഈ യുവാവ്