- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അര്‍ജുന്റെ ലോറി കരയിലെ മണ്ണില്‍ തന്നെയുണ്ട്, അതിന് 90 ശതമാനത്തിന് മേലെ ചാന്‍സുണ്ട്; വെള്ളത്തില്‍ പോയിട്ടുണ്ടെങ്കില്‍ റെഡാറില്‍ കിട്ടാവുന്നതേയുള്ളൂ'
അങ്കോല: കര്‍ണാടകയിലെ അങ്കോലയില്‍ മലയിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് നദി കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. അര്‍ജുന്റെ ലോറി മണ്ണില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ നദിയിലേക്ക് തിരച്ചില്‍ നടത്തുന്നത്. അതേസമയം അര്‍ജുന്റെ ലോറി കരയിലെ മണ്ണില്‍ തന്നെയുണ്ടെന്ന് രക്ഷാപ്രവര്ത്തകന് രഞ്ജിത്ത് ഇസ്രായേല്‍ പറയുന്നു. ലോറി കരയിലെ മണ്ണിലുണ്ടാകാനുള്ള ചാന്‍സ് 90 ശതമാനത്തിനും മേലെയാണെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'80 ശതമാനം മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളത്. അത് ആര്‍ക്കുവേണമെങ്കിലും പരിശോധിച്ചാല്‍ മനസിലാകും. ബോര്‍വെല്ലിന്റെ ഡ്രില്ലിങ് ഉപകരണമാണ് ഇനി വേണ്ടത്. അത് ഉപയോഗിച്ചാല്‍ മെറ്റല്‍ സാന്നിധ്യമുണ്ടെങ്കില്‍ അതില്‍ തട്ടും. അത് ഇന്ന് തന്നെ കിട്ടുകയാണെങ്കില്‍ പ്രതീക്ഷയുണ്ട്. പക്ഷേ,അതിനുള്ള ഒരു സഹായവും ഇവിടെ ലഭിക്കുന്നില്ല. ഞാന്‍ വെറുമൊരു സാധാരണക്കാരനാണ്. അര്‍ജുന്റെ മൊബൈല്‍ റിങ് ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത്രയും ഭാരമുള്ള ലോറി വെള്ളത്തില്‍ പോയിട്ടുണ്ടെങ്കില്‍ റെഡാറില്‍ കിട്ടാവുന്നതേയുള്ളൂ. ഇതൊക്കെ അതിനുള്ള തെളിവാണ്..' രഞ്ജിത്ത് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം ശരിയായി നടക്കുന്നില്ലെന്നും രഞ്ജിത്ത് ആരോപിച്ചു. അതേസമയം, അര്‍ജുനായുള്ള പരിശോധന എട്ടാംദിനത്തിലേക്ക് കടന്നു. ഏഴുദിവസത്തെ തിരച്ചിലില്‍ കരയില്‍ ലോറി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തില്‍ ഇന്ന് ഗംഗാവലി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നുണ്ട്. അപകട സമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവികസേനയ്ക്കൊപ്പം കരസേനയും തിരച്ചില്‍ തുടരും. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയാകും രക്ഷാപ്രവര്‍ത്തനം. നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ദരും ദൗത്യത്തില്‍ പങ്കാളിയാകും. അതേസമയം, സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്തും പരിശോധന തുടരും.
അതേസമയം ഷിരൂരില്‍ മണ്ണിടിഞ്ഞ് ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായ ദിവസം ഈ സ്ഥലത്തോടു ചേര്‍ന്ന് ഗംഗാവലിപ്പുഴയില്‍ ഉഗ്രസ്ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. അരക്കിലോമീറ്ററോളം വീതിയുള്ള പുഴയുടെ മറുകര മാടങ്കേരി ഉള്‍വരെ എന്ന ഗ്രാമമാണ്. മത്സ്യത്തൊഴിലാളികളും ഗോത്രവിഭാഗക്കാരുമാണ് ഇവിടെ കൂടുതലുള്ളത്. 6 വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. 9 പേരെ കാണാതായി. ഇതില്‍ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. പരുക്കേറ്റ 7 പേര് ആശുപത്രിയിലാണ്. വീടുകളിലെ പാത്രങ്ങളും ഉപകരണങ്ങളും തകര്‍ന്നു.
ദേശീയപാതയില്‍നിന്നു പുഴയിലേക്കുവീണ 2 പാചകവാതക ടാങ്കര്‍ലോറികളില്‍ ഒന്നു മാത്രമാണ് 7 കിലോമീറ്റര്‍ അകലെനിന്നു കണ്ടെത്തിയത്. രണ്ടാമത്തെ ലോറിയുടെ ഡ്രൈവറുടെ മൃതദേഹം കിട്ടിയെങ്കിലും ലോറിയെക്കുറിച്ചു വിവരമില്ല. ലോറിയിലെ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചതാകും സ്ഫോടനത്തിനും വെള്ളം ഉയരാനും കാരണമെന്നാണു കരുതുന്നത്.
അതേസമയം ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി ഏഴാം ദിവസം നടത്തിയ തിരച്ചിലിലും അതൃപ്തിയറിയിച്ചു കണ്ണാടിക്കല്‍ അര്‍ജുന്റെ കുടുംബം. 'വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍ സൈന്യത്തെ കാത്തിരുന്നത്. എന്നാല്‍ ഉപകരണങ്ങളില്ലാതെയാണു സൈന്യം എത്തിയത്. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം' അര്‍ജുന്റെ അമ്മ ഷീല പറഞ്ഞു. മകന് എന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞാല്‍ ഉള്‍ക്കൊള്ളും. മകനെ ജീവനോടെ കിട്ടുമെന്ന് ഇനി പ്രതീക്ഷയില്ല. പട്ടാളത്തെ അഭിമാനമായാണു കണ്ടിരുന്നത്. അതിപ്പോള്‍ തെറ്റിയെന്നും ഷീല പറഞ്ഞു.