- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തേടിപ്പോയത് പമ്പ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ; അകപ്പെട്ടത് 12 കിലോമീറ്ററോളം ഉൾവനത്തിൽ; ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞു; ഒപ്പം വന്ന പൊലീസുകാരന് അസ്വസ്ഥത വന്നത് ആശങ്കയും; ഉൾവനത്തിൽ നിന്ന് തിരിച്ചിറങ്ങാൻ സാധിച്ചത് ഇന്ന് പുലർച്ചെ; ഗ്രാമ്പി വനമേഖലയിൽ അകപ്പെട്ട കഥ മറുനാടനോട് പറഞ്ഞ് റാന്നി ഡിവൈ.എസ്‌പി
റാന്നി: പോക്സോ കേസ് പ്രതിയെ തെരഞ്ഞു പോയി വണ്ടിപ്പെരിയാർ ഗ്രാമ്പി വനമേഖലയിൽ ഉൾവനത്തിൽ കുടുങ്ങിപ്പോയ പൊലീസ് സംഘം തിരികെ ഇറങ്ങിയത് ഇന്ന് പുലർച്ചെ ഒന്നരയോടെ. ശനിയാഴ്ച രാവിലെ ഒമ്പതിന് അന്വേഷണത്തിനിറങ്ങിയ സംഘം ഭക്ഷണവും വെള്ളവും കിട്ടാതെ കാടിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഒടുവിൽ ഫയർഫോഴ്സും പൊലീസുമെത്തി ഭക്ഷണവും വെള്ളവും പ്രഥമശുശ്രൂഷയും നൽകി ഇവരെ തിരികെയെത്തിച്ചു.
പമ്പ പൊലീസ് 2020 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ തെരഞ്ഞാണ് പോയതെന്ന് സംഘത്തിന് നേതൃത്വം നൽകിയ റാന്നി ഡിവൈ.എസ്‌പി ജി. സന്തോഷ്‌കുമാർ പറഞ്ഞു. പമ്പ ഇൻസ്പെക്ടർ മഹേഷ് അടക്കം ഒമ്പതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. അട്ടത്തോട്ടിലുള്ള പ്രായപൂർത്തിയാകാത്ത ആദിവാസിപ്പെൺകുട്ടിയാണ് ഇര. കുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് മൃതപ്രായയാക്കിയെന്നാണ് കേസ്. പ്രതിയായ ആദിവാസി യുവാവ് വണ്ടിപ്പെരിയാൻ സത്രം സ്വദേശിയാണ്. കുറ്റകൃത്യത്തിന് ശേഷം കാടു കയറിയ ഇയാളെ കണ്ടെത്തുക പമ്പ പൊലീസിന് അസാധ്യമായിരുന്നു. പല തവണ ഇതിനായി ശ്രമിച്ചു. ഒരു തവണ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹായം തേടി. പ്രതിയുടെ സഹോദരി വനംവകുപ്പിൽ താൽക്കാലിക വാച്ചറാണ്. ഇവർ വിവരം ചോർത്തി നൽകിയതിനാൽ ആ ദൗത്യം പരാജയപ്പെട്ടു.
പോക്സോ കേസ് പ്രതിയെ നാളിതു വരെ അറസ്റ്റ് ചെയ്യാത്തത് മേലധികാരികൾക്കിടയിൽ അതൃപ്തിക്ക് കാരണമായിരുന്നു. എങ്ങനെയും പ്രതിയെ അറസ്റ്റ് ചെയ്യാൻ സമ്മർദമുണ്ടായിരുന്നു. മൂന്നു വർഷമായിട്ടും പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല എന്നത് നാണക്കേടുണ്ടാക്കുന്ന അവസ്ഥ വന്നപ്പോൾ താൻ നേരിട്ട് രംഗത്ത് ഇറങ്ങുകയായിരുന്നുവെന്ന് ഡിവൈ.എസ്‌പി സന്തോഷ്‌കുമാർ പറഞ്ഞു. അങ്ങനെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സത്രത്തിലുള്ള പ്രതിയുടെ വീട്ടിലെത്തുന്നത്. ശേഷിച്ച വിവരങ്ങൾ ഡിവൈ.എസ്‌പിയുടെ വാക്കുകളിലൂടെ...
രാവിലെ ഒമ്പതു മണിക്കാണ് പൊലീസ് സംഘം പ്രതിയുടെ വീട്ടിലെത്തുന്നത്. പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഇറങ്ങിയത്. അവിടെ ചെല്ലുമ്പോൾ പ്രതിയുടെ രണ്ട് അനുജന്മാർ ഇവിടെയുണ്ടായിരുന്നു. അതിൽ ഒരാൾ പൊലീസിനെ കണ്ട് ഇറങ്ങിയോടി. ശേഷിച്ചയാളെയും കൂട്ടി രാവിലെ പത്തരയോടെയാണ് പ്രതിയെ തേടി ഗ്രാമ്പി വനമേഖലയിൽ കടന്നത്. ഇവിടെ ഷെഡ് കെട്ടിയാണ് പ്രതി താമസം. കാടിന് പുറത്തിറങ്ങുന്നത് ചുരുക്കമാണ്. 12 കിലോമീറ്റർ കൊടുംവനത്തിലൂടെ താണ്ടി.
ഏതാനും കുപ്പിവെള്ളം മാത്രമാണ് കൈവശം ഉള്ളത്. വൈകിട്ട് മൂന്നു മണിയോടെയാണ് പ്രതി താമസിക്കുന്ന ഷെഡിൽ എത്തിയത്. ഇവിടെ ആരുമുണ്ടായിരുന്നില്ല. ഞങ്ങൾ ആദ്യം വീട്ടിൽ ചെന്നപ്പോൾ ഇറങ്ങിയോടിയ സഹോദരൻ ഇവിടെ എത്തി പ്രതിക്ക് വിവരം കൈമാറിയെന്നാണ് സംശയം. മൊബൈൽ ഫോണിനും മറ്റ് റേഞ്ച് ഇല്ലാത്ത സ്ഥലമാണ്. പ്രതിയെ കിട്ടാത്തതിനാൽ തിരിച്ചിറങ്ങാൻ തീരുമാനിച്ചു. ആറു മണിക്കൂറോളം തിരികെ നടക്കണം. നേരം ഇരുട്ടുകയും ചെയ്യും. വഴികാട്ടാൻ വന്ന പ്രതിയുടെ സഹോദരൻ ഒരു കുറുക്കു വഴിയുണ്ടെന്ന് പറഞ്ഞ്. അത് കുത്തനെയുള്ള കയറ്റമാണ്.
കയറ്റം കയറാൻ തുടങ്ങുമ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു പൊലീസുകാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഒട്ടും നടക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു അയാൾ. ഇതിനോടകം കൈയിൽ കരുതിയിരുന്ന വെള്ളവും തീർന്നു. കൊടുംവനത്തിലൂടെയുള്ള 12 കിലോമീറ്റർ നടത്തം കാരണം എല്ലാവരും തളർന്നു. ഇതു കാരണം വയ്യാതായ പൊലീസുകാരനെയുമെടുത്ത് ദുർഘടം പിടിച്ച പാത താണ്ടാൻ കഴിയുമായിരുന്നില്ല. പൊലീസുകാരനെ ഒരു പാറയിടുക്കിലേക്ക് മാറ്റി സുരക്ഷിതമാക്കി കിടത്തി. രണ്ടു പേരെ കാവലുമിട്ടു. കയറ്റം കയറി ഒരു കുന്നിൽ മുകളിൽ ചെന്നപ്പോൾ റേഞ്ച് കിട്ടി. വിവരം പൊലീസിൽ അറിയിച്ചു.
അതിന് ശേഷം അവിടെ കാത്തിരുന്നു. രാത്രി എട്ടരയോടെ പൊലീസും ഫയർഫോഴ്സുമടങ്ങുന്ന സംഘം വന്നു. അവർ ഭക്ഷണവും വെള്ളവും മരുന്നുകളും കരുതിയിട്ടുണ്ടായിരുന്നു. അതെല്ലാം കഴിച്ചു. പ്രഥമശുശ്രൂഷയും നൽകി. തുടർന്ന് ഒമ്പതു മണിയോടെ വനത്തിൽ നിന്ന് മടങ്ങി. നാട്ടിൽ എത്തുമ്പോൾ പുലർച്ചെ ഒന്നരയായി. താൻ കൂടിയുണ്ടായിരുന്നതു കൊണ്ടാണ് പൊലീസ് സംഘം വനത്തിലേക്ക് കയറാൻ തയാറായത്. എങ്ങനെയും പ്രതിയെ പിടിക്കണമെന്ന വാശിയിലാണ് മറ്റൊന്നും ചിന്തിക്കാതെ വനത്തിൽ കയറിയതെന്നും സന്തോഷ്‌കുമാർ പറഞ്ഞു.
പ്രതി എങ്ങോട്ട് കടന്നുവെന്നതിനെ കുറിച്ച് സൂചനയില്ല. ഇനി വനപാലകസംഘത്തിന്റെ സഹായത്തോടെ തെരയാനാണ് നീക്കം. വനത്തിനുള്ളിൽ വച്ച് പ്രതിയെ വനപാലകസംഘം പലവട്ടം കണ്ടിട്ടുണ്ട്. ഇയാളെ കണ്ടിട്ടുള്ള ഭാഗങ്ങളിൽ അന്വേഷണം നടത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്