- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകനായ സൈനികനെതിരേ പീഡന പരാതി പൊലീസിൽ ലഭിച്ചത് ജനുവരിയിൽ; ഒരു നടപടിയുമുണ്ടാകാതെ വന്നപ്പോൾ ഇര കോടതിയെ സമീപിച്ചു; കോടതി ഇടപെടലിൽ കേസെടുത്തുവെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി; പ്രതിക്ക് സുരക്ഷയൊരുക്കി അടൂരിലെ സിപിഎം നേതൃത്വം
കൊല്ലം: വിവാഹ വാഗ്ദാനം ചെയ്ത് ആറു തവണ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകനായ സൈനികനെതിരേ കേസ് എടുക്കാതെ പൊലീസ് ഒളിച്ചു കളിച്ചത് മാസങ്ങളോളം. പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്ന് വന്നതോടെ ഇര കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ലെന്ന് ആരോപണം.
സിപിഎം മണ്ണടി മുടിപ്പുര ബ്രാഞ്ച് സെക്രട്ടറിയും മുൻസൈനികനും വി ആൻഡ് വി ഈവന്റ് മാനേജ്മെന്റ് ഉടമയുമായ മണ്ണടി കാഞ്ഞിരംവിളയിൽ സന്തോഷിന്റെ മകനും സൈനികനുമായ വിഷ്ണുവിനെതിരേയാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. വിവരം പുറത്തായതോടെ സിപിഎമ്മിന്റെ അടൂർ ഏരിയാ നേതാവ് ഇടപെട്ടു. ഉന്നത തലങ്ങളിൽ നിന്ന് സ്വാധീനം വന്നതോടെ പൊലീസ് പരാതി മുക്കിയെന്നും പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇരയുടെ പരാതി വന്നത്. സിപിഎം നേതാക്കളുടെ ആജ്ഞയ്ക്ക് കാതോർത്തിരിക്കുന്ന പൊലീസ് പരാതി ഭംഗിയായി ഒതുക്കി. ഇര പിന്നാക്ക സമുദായത്തിൽപ്പെട്ട ആളാണെന്നും പറയുന്നു.
ഫേസ്‌ബുക്കിലൂടെയാണ് പെൺകുട്ടിയെ വിഷ്ണു വീഴ്‌ത്തിയത്. തുടർന്ന് പ്രണയം നടിച്ചും വിവാഹ വാഗ്ദാനം ചെയ്തും ആറു തവണ കൊല്ലത്തെ വിവിധ ലോഡ്ജുകളിലെത്തിച്ചാണ് പീഡനം നടന്നത്. ഇതിന് ശേഷം മൊബൈൽഫോണിൽ പെൺകുട്ടിയുടെ നമ്പർ ബ്ലോക്ക് ചെയ്ത പ്രതി ജോലി സ്ഥലത്തേക്ക് പോയി. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയപ്പോഴാണ് പെൺകുട്ടി കൊല്ലം ഈസ്്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോൾ കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശ പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതിന് ശേഷം തുടർ നടപടിക്ക് അനുമതി തേടി സൈന്യത്തിലെ ഉദ്യോഗസ്ഥർക്ക് അയച്ചു. വിഷയം പരിഹരിച്ച് വരുന്നതിന് വേണ്ടി നാലു മാസത്തെ അവധി നൽകി വിഷ്ണുവിനെ നാട്ടിലേക്ക് അയച്ചു.
കോടതി ഇടപെടലുള്ളതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സിപിഎം നേതാക്കളെ അറിയിച്ചു. അറസ്റ്റുണ്ടാകുമെന്ന് വന്നതോടെ നാട്ടിലുണ്ടായിരുന്ന വിഷ്ണുവിനെ മണ്ണടി സഹകരണ ബാങ്ക് സെക്രട്ടറി അനിൽകുമാറിന്റെ സംരക്ഷണയിൽ ഒളിസങ്കേതത്തിലാക്കി. രണ്ടു ദിവസം മുൻപ് രാത്രി 11 ന് കൊല്ലം ഈസ്റ്റ്് പൊലീസ് സംഘം അനിൽകുമാറിന്റെ വീട്ടിൽ പരിശോധന നടത്തി. അനിലിന്റെ വീടിന് സമീപത്തെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി വിവരമറിഞ്ഞ് ഒരു മാരുതി ആൾട്ടോ കാറിൽ രക്ഷപ്പെട്ടു. പ്രതിയെ ഒളിപ്പിച്ചത് സിപിഎം നേതാവ് കൂടിയായ അനിൽ കുമാറാണെന്ന് പൊലീസ് പറയുന്നു.
എന്നാൽ, തനിക്ക് ഇങ്ങനെ ഒരു സംഭവം അറിയില്ലെന്നും ഈ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ആരോപണ വിധേയനായ അനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതേപ്പറ്റി കൂടുതൽ പ്രതികരിക്കാനും അദ്ദേഹം തയാറായില്ല. മണ്ണടി സ്വദേശിയായ സിപിഎമ്മിന്റെ ഏരിയാ നേതാവാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. അതേസമയം, ഈ വാർത്ത മാധ്യമങ്ങൾക്ക് ചോരാതിരിക്കാൻ സകല മുൻകരുതലുകളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചോദിച്ചാൽ പൊലീസ് കൈമലർത്തുകയാണ് ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ