സിൽക്യാര: നിർമ്മാണത്തിലിരിക്കെ ഇടിഞ്ഞുവീണ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനാകാതെ രാജ്യം ദിവസങ്ങളോളം പകച്ചുനിന്നപ്പോൾ അവസാനം രക്ഷകരുടെ വേഷമിട്ടെത്തിയവരായിരുന്നു വകീൽ ഹസന്റെ നേതൃത്വത്തിലുള്ള 'റാറ്റ്‌ഹോൾ മൈനേഴ്‌സ്' എന്നറിയപ്പെടുന്ന സംഘം. അമേരിക്കൻ ഓഗർ യന്ത്രം പോലും പണിമുടക്കിയപ്പോഴാണ് റാറ്റ്‌ഹോൾ മൈനേഴ്‌സ് രക്ഷകരായിത്. എലിയെ പോലെ തുരുന്ന കയറുന്നവരുടെ സംഘം എന്ന നിലയിലാണ് ഇവരെ ഈ പേരുകളിൽ വിളിക്കുന്നത്. 2014ൽ നിരോധിച്ച രീതായാണ് ഇതെങ്കിലും ഇന്നും വ്യാപകമായ ഈ രീതിയിൽ തുരക്കുന്നത് രാജ്യത്ത് നടക്കുന്നുണ്ട്. അങ്ങനെ നിയമവിരുദ്ധമാിരുന്ന റാറ്റ്‌ഹോൾ മൈനിംഗാണ് 41 തൊഴിലാളി ജീവനുകൾ രക്ഷിച്ചത്.

അമേരിക്കൻ ഓഗർ യന്ത്രത്തെ കൈക്കരുത്തും കരവിരുതും കൊണ്ട് തോൽപിച്ചവരായാണ് ഇനി ഇവരെ ലോകം അടയാളപ്പെടുത്തുക. രക്ഷാദൗത്യത്തിന് വഴിവെട്ടാൻ കൊണ്ടുവന്ന് നിരന്തരം വഴിമുടക്കിയായി മാറിയ ഓഗർ മെഷീൻ സ്‌പൈറൽ ബ്ലേഡിന് മൂന്നുദിവസമായി ചെയ്യാനാവാത്തതാണ് 2.6 അടി വ്യാസമുള്ള കുഴലിനകത്ത് കയറി സംഘം കേവലം 36 മണിക്കൂർ കൊണ്ട് സാധിച്ചെടുത്തത്.

രക്ഷാദൗത്യം വിജയിച്ചതോടെ രാജ്യത്തിന്റെ ഹീറോകളായിരിക്കുകയാണ് ഇവർ. അഭിനന്ദന പ്രവാഹങ്ങൾക്കിടെ ഇവർ പ്രതിഫലം നിരസിച്ചെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് തങ്ങളുടെ രാജ്യത്തിന് വേണ്ടിയാണെന്നും അതിനാൽ പ്രതിഫലം വേണ്ടെന്നുമാണ് സംഘത്തിന്റെ നിലപാടെന്ന് വാർത്തകൾ പുറത്തുവരുന്നത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ സഹായിച്ച രക്ഷാപ്രവർത്തകർക്ക് 50,000 രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് റാറ്റ്‌ഹോൾ മൈനേഴ്‌സ് വേണ്ടെന്നു വെച്ചിരിക്കുന്നത്.

തുരങ്കത്തിനുള്ളിൽ കയറി 12 മീറ്റർ തുരക്കാനായിരുന്നു സംഘം നിയോഗിക്കപ്പെട്ടത്. കുടിവെള്ള പൈപ്പ് ലൈനുകളും അഴുക്കുചാലുകളുമെല്ലാം വൃത്തിയാക്കിയെടുക്കുന്ന ജോലി ചെയ്യുന്ന 'റോക്ക് വെൽ' എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു വകീൽ ഹസനും മുന്ന ഖുറൈശിയും അടക്കമുള്ളവർ. 32 ഇഞ്ച് ഇരുമ്പ് കുഴലിനകത്ത് മെയ്‌വഴക്കത്തോടെ എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്ന് ദൗത്യം ലക്ഷ്യത്തിലെത്തിച്ച്, 17 ദിവസമായി തുരങ്കത്തിൽ കഴിയുന്നവരെ പുറംലോകത്തുനിന്ന് ചെന്നുകണ്ട ആദ്യത്തെയാൾ 29കാരനായ മുന്നാ ഖുറൈശിയായിരുന്നു.

ഖുറൈശിക്കൊപ്പം തുരന്നുകൊണ്ടിരുന്ന മോനു കുമാർ, വകീൽ ഖാൻ, ഫിറോസ്, പർസാദി ലോധി, വിപിൻ റജാവത്ത് എന്നിവരും തുടർന്ന് കുഴൽപാതയിലൂടെ തൊഴിലാളികളുടെ അടുത്തെത്തി. മൂന്ന് ടീം ഷിഫ്റ്റുകളായി 24 മണിക്കൂറും ജോലി ചെയ്താണ് കുടുങ്ങിയ തൊഴിലാളികൾക്കടുത്തെത്തിയത്.

'ഞാൻ അവസാനത്തെ പാറയും നീക്കം ചെയ്തു. എനിക്ക് അവരെ കാണാനായി. അവർ ഞങ്ങളെ കെട്ടിപ്പിടിച്ച് ഉയർത്തി. ഒപ്പം പുറത്തെത്തിക്കുന്നതിന് നന്ദിയും പറഞ്ഞു. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാനത് ചെയ്തത്', രക്ഷാദൗത്യത്തെ കുറിച്ച് ഖുറേഷിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. തങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും എന്നാൽ, ആദ്യമായാണ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നതെന്നും ടീം ലീഡറായ വകീൽ ഹസൻ പറഞ്ഞു.

മേഘാലയയിലെ ഖനികളിൽ എലിമാളം പോലൊരുക്കുന്ന മടകളിലൂടെ ചെറിയ കുട്ടികളെ ഉപയോഗിച്ച് നടത്തിയ ഖനനമാണ് 'റാറ്റ് ഹോൾ മൈനിങ്'. കുട്ടികളെ വെച്ചുള്ള ഈ ഖനന രീതി നിരോധിക്കപ്പെട്ടുവെങ്കിലും യന്ത്രം തോൽക്കുന്ന ഘട്ടങ്ങളിൽ തൊഴിലാളികളെ ഉപയോഗിച്ച് ഖനികളിലും പൈപ്പ്‌ലൈനിടുന്ന പ്രവൃത്തികളിലും ഇപ്പോഴും പയറ്റാറുണ്ട്. കുടിവെള്ള, സീവേജ് പദ്ധതികൾക്ക് കുഴലിട്ടുകൊടുക്കുന്ന 'ട്രെഞ്ച്‌ലസ് ടെക്‌നോളജീസി'ലെ തൊഴിലാളികളും മറ്റു മാർഗങ്ങളില്ലാത്ത ഘട്ടങ്ങളിൽ ഈ രീതി പയറ്റാറുണ്ട്.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ആദ്യത്തെ തൊഴിലാളിയെ തുരങ്കത്തിന് പുറത്തെത്തിച്ചത്. തുടർന്ന് ഓരോരുത്തരെയായി ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 12 പേർ വീതമടങ്ങുന്ന മൂന്നു സംഘങ്ങൾ തുരങ്കത്തിനുള്ളിൽ പ്രവേശിച്ചാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.