- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്കമണി ദി ബ്ലീഡിങ് വില്ലേജ്: രതീഷ് രഘുനന്ദന്റെ ദിലീപ് ചിത്രം ഇറങ്ങും മുൻപേ വിവാദത്തിലേക്ക്; നാട്ടിലെ സ്ത്രീകളെ അധിക്ഷേപിച്ചാൽ നോക്കി നിൽക്കില്ലെന്ന് തങ്കമണിക്കാർ; 37 വർഷം മുൻപുള്ള തങ്കമണി സംഭവം പുനരാവിഷ്കരിക്കുമ്പോർ നാടിന്റെ പ്രതികരണം ഇങ്ങനെ
ഇടുക്കി: കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഉടൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രതീഷ് രഘുനന്ദൻ. തന്റെ അടുത്ത ചിത്രം അനശ്വര നടൻ സത്യന്റെ ബയോപിക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോഴിതാ ദിലീപിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന 'തങ്കമണി ദി ബ്ലീഡിങ് വില്ലേജ്' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നു. സൂപ്പർഗുഡ് ഫിലിംസിന് വേണ്ടി നടൻ ജീവയുടെ പിതാവ് ആർബി ചൗധരിയാണ് സിനിമ നിർമ്മിക്കുന്നത്.
മോഷൻ പോസ്റ്റർ ഒരുഗാനത്തിന്റെ അകമ്പടിയോടെയാണ് വന്നിരിക്കുന്നത്. ഈ ഗാനത്തിന്റെ വരികളിൽ ചിലത് വിവാദമായിരിക്കുന്നു. തങ്കമണിയിലെ സ്ത്രീകളെ അധിക്ഷേപിക്കുന്നതാണ് ചിത്രമെന്ന് ആരോപിച്ച് അന്നാട്ടുകാർ രംഗത്ത് വന്നിരിക്കുകയാണ്. പെണ്ണിന്റെ പേരല്ല തങ്കമണി എന്ന് തുടങ്ങുന്ന ഗാനമാണ് വിവാദമായിരിക്കുന്നത്.
പാതിരാ നേരത്ത് കാരിരുൾ കൈയുമായ് കാക്കി കൂത്താടിയ തങ്കമണി
ലാത്തിക്കും രാത്രിക്കും പേ പിടിച്ചു നല്ല നാടിന്റെ നട്ടെല്ല് തച്ചുടച്ചു
മാനം കവർന്നവർ ചോര മോന്തി മേലെ വാനം മനംനൊന്ത് കണ്ണുപൊത്തി
എന്നിങ്ങനെയുള്ള ഗാനം തങ്കമണിയിലെ സ്ത്രീകളെ അധിക്ഷേപിക്കുന്നതാണെന്നും ചിത്രത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മാധ്യമപ്രവർത്തകനായ വി ആർ ബിജു പറയുന്നു. കേട്ടുകേഴ്‌വികളുടെ അടിസ്ഥാനത്തിൽ നാടിനെ ആക്ഷേപിച്ചാൽ വിവരമറിയുമെന്നാണ് ബിജു പറയുന്നത്. സിനിമയ്ക്ക് എതിരേ കോടതിയെ സമീപിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.
എൺപതുകളിൽ ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ബസ് റൂട്ടിനെ ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച തങ്കമണി സംഭവമായി മാറിയത്. കേരളത്തിലെ പൊലീസ് ക്രൂരതകളുടെ ഏറ്റവും വലിയ ഉദാഹരണമായി ഇപ്പോഴും തങ്കമണി സംഭവം പലരും ചൂണ്ടിക്കാണിക്കാറുണ്ട്.
1986 ഒക്ടോബർ 21 നായിരുന്നു സംഭവങ്ങളുടെ തുടക്കം. കാമാക്ഷി പഞ്ചായത്തിലെ തങ്കമണി ഗ്രാമത്തിൽ ഒരു സ്വകാര്യ ബസിന്റെ റൂട്ട് സർവീസുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും ജീവനക്കാരും തമ്മിലുണ്ടായ തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം. കട്ടപ്പന-തങ്കമണി റൂട്ടിൽ പാറമടയിൽ നിന്നും തങ്കമണി വരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു. അതിനാൽ കട്ടപ്പനയിൽ നിന്നും തങ്കമണിയിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും പാറമട കഴിയുമ്പോൾ ആളുകളെ അവിടെ ഇറക്കി വിടുകയായിരുന്നു പതിവ്. എന്നാൽ തങ്കമണി വരെയുള്ള പണം ഈടാക്കിയിരുന്നു. ഇതിൽ നാട്ടുകാർക്കിടയിൽ അമർഷവുമുണ്ടായിരുന്നു. പ്രത്യേകിച്ചും സ്ഥിരമായി യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികൾക്ക്.
ഒരിക്കൽ പതിവു പോലെ തങ്കമണി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന 'എലൈറ്റ്' എന്ന സ്വകാര്യ ബസിലെ ജീവനക്കാർ യാത്രക്കാരെ പാറമടയിൽ ഇറക്കി വിട്ടപ്പോൾ ഒരു കോളേജ് വിദ്യാർത്ഥി ചോദ്യം ചെയ്തത് വാക്കു തർക്കമായി. ബസ് ജീവനക്കാർ വിദ്യാർത്ഥിയെ മർദിച്ച് ബസിൽ നിന്നും പുറത്താക്കി. വിവരമറിഞ്ഞ പ്രദേശവാസികൾ അടുത്ത ദിവസം ബസ് തടയുകയും ബലം പ്രയോഗിച്ച് തങ്കമണിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. വിദ്യാർത്ഥിയെ ആക്രമിച്ച ജീവനക്കാർ മാപ്പ് പറയാതെ ബസ് തിരികെ കൊണ്ടുപോകാൻ കഴിയില്ലെന്ന് നാട്ടുകാർ നിലപാട് എടുത്ത് തങ്കമണിയിൽ സംഘടിക്കുകയും ചെയ്തു.
പ്രകോപിതനായ ഉടമ ദേവസ്യ പൊലീസുമായെത്തി ബസ് ബലമായി കൊണ്ടുപോകാൻ ശ്രമിച്ചു. ഇത് പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമായി. പൊലീസ് നാട്ടുകാർക്ക് നേരെ ലാത്തിവീശി. ജനങ്ങൾ തിരിച്ച് കല്ലെറിഞ്ഞു. പൊലീസുകാർ കൂടുതൽ പ്രകോപിതരായി. പഞ്ചായത്ത് പ്രസിഡന്റ് മാത്യു മത്തായി തേക്കമലയും തങ്കമണി സീറോ മലബാർ സഭ വികാരി ഫാ. ജോസ് കോട്ടൂരും അന്ന് പീരുമേട് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഐ.സി. തമ്പാനുമായി ചർച്ച നടത്തി.
പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തമ്പാൻ വഴങ്ങിയില്ല. തമ്പാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിറ്റേ ദിവസം തങ്കമണിയിലെത്തുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങൾക്ക് നേരെ വെടിവയ്ക്കാൻ കൽപ്പിക്കുകയും ചെയ്തു. വെടിവെപ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ സംഭവസ്ഥലത്ത് മരിച്ചു. ഉടുമ്പയ്ക്കൽ മാത്യുവിന് ഇരു കാലുകളും നഷ്ടപ്പെടുകയും ചെയ്തു. പരിഭ്രാന്തരായ നാട്ടുകാർ പലയിടങ്ങളിലായി സംഘടിച്ചു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി നിരവധി വാഹനങ്ങളിൽ നൂറുകണക്കിന് പൊലീസുകാർ വൈകിട്ടോടെ വീണ്ടും തങ്കമണിയിൽ വന്നിറങ്ങി.
സർവ സന്നാഹങ്ങളുമായെത്തിയ പൊലീസുകാർ കണ്ണിൽ കണ്ടവരെയെല്ലാം ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്ത് കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസുകാർ സംഘങ്ങളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലെ വീടുകളിൽ കയറിയിറങ്ങി വാതിലുകൾ ചവിട്ടിത്തുറന്നു. പൊലീസിന്റെ തേർവാഴ്ചയിൽ ഭയന്ന പ്രദേശത്തെ പുരുഷന്മാർ കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു രക്ഷപ്പെട്ടു. വീടുകളിൽ സ്ത്രീകളും കുട്ടികളും തനിച്ചായി. ഇവിടെ കടന്നു കയറിയ പൊലീസുകാർ സ്ത്രീകളെ അപമാനിച്ചുവെന്നാണ് പിന്നീട് പുറത്തു വന്ന വാർത്തകൾ.
പൊലീസ് കസ്റ്റഡിയിലെടുത്ത് കട്ടപ്പനയിലേക്ക് കൊണ്ടുപോയ പുരുഷന്മാരും അതിക്രൂരമായ മൂന്നാംമുറയടക്കമുള്ള മർദനങ്ങൾക്കിരയായിരുന്നു. 'തങ്കമണി വെടിവെപ്പ്' എന്നും 'തങ്കമണി കൂട്ടബലാത്സംഗം' എന്നുമാണ് സംഭവം പിന്നീട് അറിയപ്പെട്ടത്. എലൈറ്റ് ബസിന്റെ ഉടമയായിരുന്ന ദേവസ്യ (എലൈറ്റ് ദേവസ്യ) സാമ്പത്തികമായി തകർന്നതിനെ തുടർന്ന് കുമളി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ താല്ക്കാലിക ജീവനക്കാരനായി ജോലി നോക്കി. ഈ കാലയളവിലാണ് സൂര്യനെല്ലി പീഡന കേസിൽ ദേവസ്യ മുഖ്യ പ്രതിയുമായി.
സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ് ഡി. ശ്രീദേവിയെ കമ്മിഷനായി നിയമിച്ചു. കമ്മിഷന്റെ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. പെലീസ് മാനഭംഗത്തിനിരയാക്കിയെന്ന് കമ്മിഷന് സ്ത്രീകൾ മൊഴി നൽകി. എന്നാൽ കമ്മിഷൻ റിപ്പോർട്ടിൽ സർക്കാരിന്റെ നടപടി കാര്യമായി ഉണ്ടായില്ലായെന്നതാണ് വസ്തുത.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി
1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപാണ് തങ്കമണിയിൽ വെടിവെപ്പുണ്ടായത്. പ്രതിപക്ഷ പാർട്ടികൾ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. കെ കരുണാകരനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി. തങ്കമണി വെടിവെപ്പ് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടാക്കിയത്. ഇ കെ നായനാരുടെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു.
അന്ന് പുറത്തു പ്രചരിച്ച കഥകൾ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ സിനിമ എടുക്കുന്നതെങ്കിൽ അത് നാടിന് അപമാനകരമാണെന്നും തടയുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേ വിഷയത്തിൽ 1987 മെയ് 15 ന് ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. എസ്എൽ പുരം രചിച്ച ഇതാ സമയമായി എന്ന ചിത്രം പി.ജി.വിശ്വംഭരനാണ് സംവിധാനം ചെയ്തത്. രതീഷ്, ശാരി, ജഗതി, ഇന്നസെന്റ് എംജി സോമൻ, രോഹിണി എന്നിവരാണ് അഭിനയിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്