തിരുവനന്തപുരം: ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇപോസ്) മെഷീൻ മുഖേനയുള്ള റേഷൻ വിതരണം പ്രതിസന്ധിയിലാകുമ്പോൾ വലയുന്നത് സാധാരണക്കാർ. പല പാവങ്ങൾക്കും റേഷൻ കിട്ടാത്ത അവസ്ഥയാണ്. പല ഗ്രാമ മേഖലകളിലും ഇത് സംഘർഷ സാധ്യതയുണ്ടാക്കുന്നു. സർവ്വർ തകരാറാണ് ഇതിന് കാരണം. ഇതോടെ ബദലുകളെ കുറിച്ചും ആലോചന തുടങ്ങി. സർവ്വറിന് പ്രശ്‌നം ഉണ്ടാകാതിരിക്കാൻ സമയ ക്രമീകരണം കൊണ്ടു വരും. ഒരു ദിവസം ഏഴ് ജില്ലകളിൽ മാത്രമാകും റേഷൻ വിതരണം.

ഇടവേളക്കുശേഷം സെർവർ തകരാറിൽ റേഷൻ വിതരണം താളംതെറ്റിയതോടെ റേഷൻ വാങ്ങാൻ കഴിയാതെ പതിനായിക്കണക്കിന് കുടുംബങ്ങൾ വലയുകയാണ്. ഏതാനും മാസങ്ങളായി സെർവർ തകരാറാകുന്നതും റേഷൻ വിതരണം അവതാളത്തിലാകുന്നതും പതിവായിരുന്നു. ഇതിനെതുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറന്നുള്ള പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞമാസം കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. മാസാവസാനമടക്കം വിതരണം സുഗമമായി നടന്നു. ഇതോടെ സമയ ക്രമീകരണം മാറ്റി. ഇത് വീണ്ടും താളം തെറ്റലായി. പതിവിൽനിന്ന് വ്യത്യസ്തമായി കുത്തരി, പുഴുക്കലരി, പച്ചരി എന്നിങ്ങനെ എല്ലാ ഇനം അരികളിലും കടകളിൽ ഉണ്ടായ അവസരത്തിലാണ് സെർവർ പണിമുടക്ക്.

റേഷൻ വിതരണം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന ആരോപണം സജീവമാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണേണ്ട സർക്കാർ നിഷ്‌ക്രിയമാണെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് പൊതുവിതരണ സംവിധാനം. സാങ്കേതിക പിഴവിന്റെ പേരിൽ റേഷൻ വിതരണം നിർത്തുമ്പോൾ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റും. ഇത് പാവപ്പട്ടവരോട് കാട്ടുന്ന ക്രൂരതയാണ്. ഇ-പോസ് യന്ത്രത്തിന്റെയും അത് നിയന്ത്രിക്കുന്ന സെർവറിന്റെയും തകരാറ് പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ ദയനീയ പരാജയമാണെന്ന ആക്ഷേപവും പ്രതിപക്ഷം ഉയർത്തുന്നു.

ഈ സാഹചര്യത്തിൽ ചില സാങ്കേതിക മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇത് എല്ലാം പരിഹരിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ റേഷൻ കടകളുടെയും ഗുണഭോക്താക്കളുടെയും വിവരശേഖരം ഐടി മിഷന്റെ ഡേറ്റ സെന്ററിലെ സെർവറിൽ നിന്നു ക്ലൗഡ് സ്റ്റോറേജിലേക്കു മാറ്റി. ഇപോസ് മുഖേനയുള്ള റേഷൻ വിതരണം നിയന്ത്രിക്കുന്ന ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ (എൻഐസി) നിർദ്ദേശ പ്രകാരമാണു സെർവറിൽ നിന്നു വിവരശേഖരം ക്ലൗഡ് സ്റ്റോറേജിലേക്കു മാറ്റിയത്.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ റേഷൻ കടകളിൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റേഷൻ വിതരണം നടക്കും. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 7 മണി വരെയാണു റേഷൻ വിതരണം. മെയ്‌ 3 വരെയാണ് ഈ സമയക്രമം തുടരുക. നാളെയും തൊഴിലാളി ദിനമായ മെയ്‌ ഒന്നിനും റേഷൻ കടകൾക്ക് അവധിയായിരിക്കും.

തിങ്കളാഴ്ച മുതലാണ് പ്രശ്‌നങ്ങൾ രൂക്ഷമായതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ തടസ്സങ്ങളില്ലാതെ പ്രവർത്തിച്ച സെർവർ പത്തോടെ പണിമുടക്കുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെ അൽപനേരം പ്രവർത്തിച്ചതിനൊടുവിൽ വീണ്ടും യന്ത്രം പണിമുടക്കി. ഇതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.

സംസ്ഥാനത്തെ ഡേറ്റാ സെന്ററിലെ പ്രശ്‌നങ്ങളാണ് കുഴപ്പിച്ചതെന്നും ബുധനാഴ്ച രാവിലെയോടെ പ്രശ്‌നം പരിഹരിക്കുമെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. ഇതനുസരിച്ച് ബുധനാഴ്ച വ്യാപാരികൾ കട തുറന്നെങ്കിലും ഏതാനും മണിക്കൂറിനുശേഷം വിതരണം വീണ്ടും തടസ്സപ്പെട്ടു. വിതരണം താളംതെറ്റിയതോടെ റേഷൻ കടകളിലെത്തി നിരാശരായി മടങ്ങിയവർ നിരവധിയാണ്.

കൂലിപ്പണിക്കാരും മറ്റും പണിപോലും ഉപേക്ഷിച്ചാണ് കടകൾക്കു മുന്നിൽ കാത്തുനിന്നത്. അരിനൽകാൻ താൽപര്യമില്ലാത്തതിനാൽ കടയുടമകൾ കള്ളം പറയുന്നതാണെന്നാരോപിച്ച് ചിലർ തട്ടിക്കയറി.