കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്ക വഴി ക്യൂബയിലെത്തി. ഇനി ദുബായിൽ ഇറങ്ങി കേരളത്തിലേക്ക് മടക്കം. അങ്ങനെ മന്ത്രിസംഘം അടിച്ചു പൊളിക്കുമ്പോൾ ആദിവാസി ഊരുകൾ വേദനയിലാണ്. പുഴുക്കലരി ഒഴിവാക്കി പച്ചരിമാത്രം നൽകുന്നത് ആദിവാസി ഊരുകളിൽ ഉൾപ്പെടെ റേഷൻ വിതരണം കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ പ്രതിസന്ധിക്ക് സർക്കാർ ഉടൻ പരിഹാരം കാണണം. പാവങ്ങളുടെ കണ്ണീര് തുടയ്‌ക്കേണ്ട ബാധ്യത മുഖ്യമന്ത്രി ഏറ്റെടുക്കണം.

കഴിഞ്ഞ അഞ്ചുമാസമായി വടക്കെ മലബാറിലെ എ. എ. വൈ. കാർഡ് ഉടമകൾക്ക് കിട്ടുന്നതിൽ കൂടുതലും പച്ചരിയാണ്. പുഴുക്കലരി കണികാണാൻ പോലും കിട്ടുന്നില്ലെന്നാണ് ആദിവാസി ജനവിഭാഗങ്ങൾ പറയുന്നത്. നാലംഗമുള്ള കുടുംബത്തിന് എ. എ. വൈ റേഷൻകാർഡുപ്രകാരം 25കിലോ പുഴുക്കലരിയും അഞ്ചുകിലോ പച്ചരിയുമാണ് കിട്ടിയിരുന്നത്. ഈ കുടുംബങ്ങൾക്കും ഇഷ്ട ഭക്ഷണം കഴിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. പിഴവ് ചിലപ്പോൾ കേന്ദ്രത്തിന്റേതാകും. എന്നാലും അത് പരിഹരിക്കേണ്ട പ്രാഥമിക ബാധ്യത കേരളാ സർക്കാരിനാണ്. പരസ്പരം കുറ്റം പറയുന്നത് ഒഴിവാക്കി കേന്ദ്രവും അടിയന്തര ഇടപെടൽ നടത്തണം.

അഞ്ചുമാസം മുൻപ്വരെ പുഴുക്കലരി ആവശ്യത്തിന് കിട്ടുമായിരുന്നു. ഇപ്പോൾ 25കിലോ പച്ചരിയും അഞ്ചുകിലോ പുഴുക്കലരിയുമാണ് കിട്ടുന്നത്. റേഷൻ കടയിൽ നിന്നും വിതരണം ചെയ്യുന്ന പച്ചരി ഉപയോഗിച്ചു ചോറുവയ്ക്കാൻ സാധിക്കുന്നില്ലെന്നാണ് ആദിവാസി കുടുംബങ്ങൾ പറയുന്നത്. ഇതു ഒരുമാസം പോലും തികയുന്നില്ലെന്നാണ് ഇവരുടെ പരാതി. എന്നാൽ മഴക്കാലമായതിനാൽ പുറമേനിന്നും പുഴുക്കലരി വാങ്ങി ചോറുവയ്ക്കാൻ കഴിയാത്ത അവസ്ഥയാണിവർക്ക്. അങ്ങനെ തീർത്താൽ തീരാത്ത ദുരിതം.

ആദിവാസികൾ മാത്രമല്ല റേഷൻ കടകളിൽനിന്ന് പുഴുക്കലരി കിട്ടാതെ സാധാരണക്കാരും ദുരിതത്തിലാണ്. കേന്ദ്രം പുഴുക്കലരി വിഹിതം കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. പുഴുക്കലരിയേക്കാൾ കൂടുതൽ പച്ചരിയാണ് കേന്ദ്രം ഇപ്പോൾ വിതരണം ചെയ്യുന്നത്. ഊണിന് കൂടുതലായും പുഴുക്കലരിയെ ആശ്രയിക്കുന്ന ജനങ്ങളുടെ അന്നം മുട്ടിക്കുന്ന പരിപാടിയാണ് ഇതെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഇക്കാര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ഇതിന് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെടലുകൾ നടത്തണം. അതുണ്ടാകുന്നില്ലെന്നതാണ് വസ്തുത.

കഴിഞ്ഞ കുറച്ച് മാസങ്ങളായി റേഷൻ കടകളിൽ പുഴുക്കലരി ക്ഷാമം രൂക്ഷമാണ്. അമ്പത് ശതമാനം പുഴുക്കലരിയും അമ്പത് ശതമാനം പച്ചരിയുമാണ് മുൻകാലങ്ങളിൽ കേന്ദ്രം നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ എഫ്‌സിഐ ഗോഡൗണിലെത്തുന്നതിൽ ഭൂരിഭാഗവും പച്ചരിയാണ്. 70 ശതമാനം പച്ചരിയും 30 ശതമാനം പുഴുക്കലരിയുമാണ് റേഷൻ കടകൾക്ക് നൽകുന്നത്. മുപ്പത് ശതമാനത്തിൽ 15 ശതമാനം കുത്തരിയാണ്. കുത്തരിയേക്കാൾ റേഷനരിയെന്നറിയപ്പെടുന്ന പുഴുക്കലരിക്കാണ് വടക്കെ മലബാറിൽ ആവശ്യക്കാർ.

എഎവൈ, പിഎച്ച്എച്ച് വിഭാഗം കാർഡുകൾക്ക് മാസങ്ങളായി 80 ശതമാനം പച്ചരിയും 20 ശതമാനം പുഴുക്കലരിയുമാണ് വിതരണം ചെയ്യുന്നത്. ആദിവാസി വിഭാഗങ്ങൾ കൂടുതലുള്ള മലയോരമേഖയിലും വലിയ പ്രതിസന്ധിയാണിതുണ്ടാക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളം പൂർണമായും പുഴുക്കലരിയെയാണ് ആശ്രയിക്കുന്നത്. ഇത് പരിഗണിച്ച് പുഴുക്കലരി കൂടുതൽ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കേന്ദ്രം നടപടിയെടുത്തില്ലെങ്കിൽ ഓഗസ്റ്റ് മാസത്തോടെ റേഷൻ കടകളിൽ പച്ചരി മാത്രമുള്ള സാഹചര്യമുണ്ടാകും.

ജില്ലയ്ക്ക് 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ എഫ്‌സിഐ ജനറൽ മാനേജർക്ക് കത്ത് നൽകിയതായി ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്കുമാർ പറഞ്ഞു. പുഴുക്കലരി ക്ഷാമത്തിന് അടിയന്തര പരിഹാരം കാണാൻ കേന്ദ്രം ഇടപെടണമെന്ന് കേരള റേഷൻ എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി ടി വി തമ്പാൻ ആവശ്യപ്പെട്ടു. അളവ് കൃത്യമാക്കാൻ പുഴുക്കലരിക്ക് പകരം പച്ചരി കൊടുക്കേണ്ട അവസ്ഥയിലാണ് റേഷൻ കടയുടമകൾ.

അരി കിട്ടാത്തത് കാർഡ് ഉടമകളും റേഷൻ കട ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിനുവരെ കാരണമാകുന്നുണ്ട്. പുഴുക്കലരിയുടെ അലോട്ട്മെന്റ് വർധിപ്പിച്ചേ ഈ പ്രശ്നത്തിന് പരിഹാരം കാണനാകൂവെന്നും തമ്പാൻ പറഞ്ഞു.