കണ്ണൂര്‍: സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖര്‍ തന്റെ മുഖ്യമന്ത്രിക്കുള്ള ആദ്യ സല്യൂട്ട് കണ്ണൂരില്‍ നല്‍കുമ്പോഴും 'കൂത്തുപറമ്പ് വിവാദം' തുടരുന്നു. സിപിഎമ്മിലെ ഒരു വിഭാഗം പുകച്ചിലിലാണ്. നിലമ്പൂരില്‍ തോറ്റ സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ ഈ വിഷയത്തില്‍ വേണ്ടിയിരുന്നുവെന്നാണ് വിലയിരുത്തല്‍. ക്ലീന്‍ ഇമേജുള്ള യോഗേഷ് ഗുപ്തയെ തഴഞ്ഞത് എന്തിനാണെന്ന ചോദ്യം സിപിഎമ്മില്‍ പുകയുന്നുണ്ട്. അതിനിടെ റവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയാക്കിയ തീരുമാനം മന്ത്രിസഭാ യോഗം ചേരുമ്പോള്‍ പുറത്തു വന്നുവെന്ന വാദവും സജീവമാണ്. വാര്‍ത്താ ചാനലുകളില്‍ മന്ത്രിസഭാ യോഗം തീരും മുമ്പേ എങ്ങനെ ബ്രേക്കിംഗ് വന്നുവെന്നതാണ് ഉയരുന്ന ചോദ്യം. എന്നാല്‍ ഇത് വെറും ഊഹാപോഹമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ തിയറി. പക്ഷേ കൂത്തുപറമ്പ് രക്തസാക്ഷികളെ നെഞ്ചിലേറ്റുന്നവര്‍ക്ക് പരിഭവം അതിശക്തമാണ്. അവര്‍ക്ക് പല സംശയമുണ്ട്. ഇതെല്ലാം സിപിഎമ്മിനുള്ളില്‍ ചര്‍ച്ചയാക്കുന്നതും അവര്‍ ആലോചിക്കുന്നുണ്ട്. കണ്ണൂരിലെ സല്യൂട്ട് എങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് അവരുടെ പക്ഷം.

എന്നാല്‍ ഇതു സംബന്ധിച്ച പലകഥകള്‍ സിപിഎമ്മിനുള്ളില്‍ പ്രചരിക്കുന്നുണ്ട്. ചുമതലയേല്‍ക്കുന്ന ദിവസം കണ്ണൂരില്‍ റവാഡയുടെ ആദ്യ പരിപാടി വരും വിധം കളികള്‍ നടന്നുവെന്നാണ് വിലയിരുത്തല്‍. ജൂലൈ 1ന് പോലീസ് മേധാവി പുതുതായി എത്തുമെന്ന് നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാം. അന്ന് കണ്ണൂരില്‍ പോലീസ് അവലോകനം വച്ചത് തന്ത്രമായിരുന്നു. കൂത്തുപറമ്പ് വിവാദം ചര്‍ച്ചയാകുമെന്ന് തിരിച്ചറിഞ്ഞുള്ള നീക്കം. അതായത് റവാഡയാണ് പോലീസ് മേധാവിയെന്ന് ചില കേന്ദ്രങ്ങള്‍ നേരത്തെ ഉറപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് മന്ത്രിസഭാ യോഗം നടക്കുമ്പോഴുള്ള വാര്‍ത്ത ചോരല്‍. മന്ത്രിസഭ നടക്കുമ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക് മിഷന്‍ സക്‌സസ് എന്നൊരു സന്ദേശം വന്നെന്നും 'കഥ'യുണ്ട്. വിവാദ വ്യവസായിയാണ് അതയച്ചതെന്നും പറയുന്നു. മന്ത്രിസഭയ്ക്കുള്ളില്‍ നിന്നും വിവരം ചോര്‍ന്ന് കിട്ടിയാണ് ഈ സന്ദേശം അയച്ചതെന്നും സൂചനകളുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായി അടക്കം അഞ്ചു പേര്‍ പോലീസ് നിയമനത്തില്‍ ഇടപെട്ടുവെന്നതാണ് സിപിഎമ്മിലെ മറ്റൊരു തിയറി. ഏതായാലും കൂത്തുപറമ്പ് രക്തസാക്ഷികളെ സ്‌നേഹിക്കുന്നവര്‍ക്ക് കണ്ണൂരില്‍ മുഖ്യമന്ത്രിയെ ആദ്യമായി സല്യൂട്ട് അടിച്ച റവാഡയുടെ നടപടി പിടിച്ചിട്ടില്ല. രക്തസാക്ഷികളേയും അവരെ സ്‌നേഹിക്കുന്ന സഖാക്കളേയും വെ്ല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്നാണ് അവരുടെ വാദം. ഈ വേദന പി ജയരാജന്‍ സംസ്ഥാന കമ്മറ്റിയില്‍ ഉയര്‍ത്തുമെന്നും സൂചനകളുണ്ട്. ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് റവാഡയെ പോലീസ് മേധാവിയാക്കിയത്. ഇതേ ഓണ്‍ലൈന്‍ യോഗത്തില്‍ കാബിനറ്റ് പദവിയുള്ള മന്ത്രിമാരല്ലാത്ത ചിലരും പങ്കെടുത്തതായി സിപിഎം കേന്ദ്രങ്ങളില്‍ കഥ പ്രചരിക്കുന്നുണ്ട്. അങ്ങനെയാകും മന്ത്രിസഭാ യോഗം തീരും മുമ്പ് തീരുമാനം പുറത്തെത്തിയതെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന നാലു ജില്ലകളുടെ ഔദ്യോഗിക അവലോകന യോഗത്തോടനുബന്ധിച്ച് ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പുതിയ പോലീസ് മേധാവി മുഖ്യമന്ത്രിയെ ഔദ്യോഗികമായി സല്യൂട്ട് ചെയ്തത്. കഴിഞ്ഞ മാസം നായനാര്‍ അക്കാഡമിയില്‍ നടത്താനിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് മാറ്റിവച്ച ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് ചേര്‍ന്നത്. കനത്ത മഴ കാരണമാണ് നേരത്തേ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചത്. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് രവാഡ ചന്ദ്രശേഖര്‍ അവലോകന വേദിയിലെത്തിയത്. ജൂണ്‍ 30ന് ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ പോലീസ് മേധാവിയുടെ കസേരയിലെ ആദ്യ ദിനം തന്നെ കണ്ണൂരിലേക്ക് എത്താക്കാനുള്ള തന്ത്രമൊരുക്കല്‍ ഈ യോഗത്തിനുണ്ടെന്ന് തന്നെയാണ് വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നിയമത്തിനനുസൃതമായാണു ഡിജിപിയെ നിയമിച്ചതെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രതികരിച്ചിട്ടുണ്ട്. റവാഡ ചന്ദ്രശേഖറിനെതിരേ കൂത്തുപറന്പ് വെടിവയ്പ് സംഭവത്തില്‍ ആക്ഷേപമുണ്ടായിരുന്നെങ്കിലും പുതുതായി ചുമതലയേറ്റ ആ ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിരുന്നില്ലെന്ന് കെ.കെ. രാഗേഷ് വിശദീകരിച്ചു. ഇതും അണികള്‍ക്ക് പിടിച്ചിട്ടില്ല.

1994ല്‍ തലശ്ശേരി എഎസ്പി ആയാണ് റവാഡയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചുമതലയേറ്റ് 48 മണിക്കൂറിനുള്ളില്‍ അഞ്ചു ഡിവൈഎഫ്ഐക്കാര്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട് റവാഡ ചന്ദ്രശേഖര്‍ ആരോപണ നിഴലിലായിരുന്നു. അന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് ചില സിപിഎം നേതാക്കള്‍ക്ക് റവാഡ ചന്ദ്രശേഖറിനോടുണ്ടായിരുന്ന നീരസത്തിന് ഇപ്പോഴും അയവില്ലെന്നതാണ് വസ്തുത. വെടിവയ്പ് കേസില്‍ പ്രതിയായിരുന്ന റവാഡയെ 2012ലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കൂത്തുപറമ്പ് വെടിവയ്പിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന റവാഡയ്ക്ക് സിപിഎമ്മിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍വീസിലേക്ക് തിരികെ പോകേണ്ടി വന്നു. റവാഡയുടെ ചോരയ്ക്കായി സിപിഎമ്മുകാര്‍ വിളിച്ച മുദ്രാവാക്യം കണ്ണൂരിലെ പഴയ തലമുറ ഇപ്പോഴും മറന്നിട്ടില്ല. അതേ റവാഡയെ സംസ്ഥാന പോലീസ് മേധാവിയായി ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചത് കണ്ണൂരിലായിരുന്നു.

ഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്. എഡിജിപി മാര്‍ അടക്കമുള്ള പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പോലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് അധികാരക്കൈമാറ്റ നടപടി നടന്നു. പോലീസ് ആസ്ഥാനത്ത് വച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ആസ്ഥാന വളപ്പിലുള്ള സ്തൂപത്തില്‍ പുഷ്പ ചക്രമര്‍പ്പിച്ചു. മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് തിങ്കളാഴ്ച പോലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ചിരുന്നു. റവാഡയുടെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിലാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ സംബന്ധിക്കാന്‍ അദ്ദേഹം 10.30 ഓടെ വിമാനത്തില്‍ കണ്ണൂരിലേക്ക് പുറപ്പെടുകയായിരുന്നു.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ റവാഡ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിണറായി വിജയന്റെ പിന്തുണ റവാഡയ്ക്കുള്ളതിനാലാണ് നേതാക്കള്‍ നിയമനത്തെ അനുകൂലിക്കുന്നത്. എന്നാല്‍ റവാഡയെ പോലീസ് മേധാവിയാക്കിയതില്‍ പി. ജയരാജനെ പോലുള്ള സിപിഎം നേതാക്കള്‍ക്ക് നീരസമുണ്ട്. കൂത്തുപറമ്പ് വെടിവയ്പുമായി ബന്ധപ്പെട്ട് എം.വി. രാഘവനോടുണ്ടായ രാഷ്ട്രീയ വൈരം മറന്ന് സിപിഎം അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന്‍ എം.വി. നികേഷ്‌കുമാര്‍ ഇന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡയെ നിയമിക്കാന്‍ തീരുമാനിച്ചത്.

ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ഇന്റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടറാണ്. 1991 കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി, തിരുവനന്തപുരം പോലീസ് കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകതയും റവാഡയുടെ സ്ഥാനാരോഹണത്തിലുണ്ട്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട സ്തുത്യര്‍ഹ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.