തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ രണ്ടുവട്ടം വിളിച്ചുവരുത്തിയിട്ടും തീരുമാനമൊന്നുമായില്ല. ശനി-ഞായര്‍ ദിവസങ്ങളിലായിരുന്നു ചര്‍ച്ചകള്‍. സര്‍വകലാശാലയ്ക്കും വൈസ്ചാന്‍സലര്‍ക്കും സുരക്ഷയുറപ്പാക്കണമെന്നും സര്‍വകലാശാലയുടെ 200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതിന് രാഷ്ട്രീയ സമവായം വേണമെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. ഇതില്‍ ഗവര്‍ണര്‍ അതൃപ്തനാണ്. ഈ സാഹചര്യത്തിലാണ് താല്‍കാലിക വിസി മോഹന്‍ കുന്നുമ്മല്‍ കേരള സര്‍വ്വകലാശാലയിലേക്ക് എത്താത്തത്. ഐബിയുടെ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന റവാഡ കേന്ദ്രസര്‍ക്കാരിന്റെ അതിവിശ്വസ്താനായിരുന്നു. അതുകൊണ്ട് തന്നെ രാജ്ഭവനെ അനുസരിക്കുമെന്ന് അര്‍ലേക്കര്‍ കരുതി. എന്നാല്‍ സംസ്ഥാന പോലീസ് മേധാവി കൂടുതല്‍ കൂറ് കാട്ടുന്നത് സംസ്ഥാന സര്‍ക്കാരിനോടാണ്. സര്‍വ്വകലാശാലയില്‍ ഗവര്‍ണറുടെ എതിര്‍ നിലപാടിലാണ് പിണറായി സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് അര്‍ലേര്‍ക്കറിന്റെ ആവശ്യം പൂര്‍ണ്ണമായും റവാഡ അനുസരിക്കാത്തത്.

സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്തിയാല്‍ ശക്തമായി ഇടപെടുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ഇന്നലെ മുതല്‍ വി.സിക്ക് പൊലീസ് സംരക്ഷണം നല്‍കിത്തുടങ്ങി. യാത്രകളില്‍ പൊലീസ് വാഹനത്തിന്റെ അകമ്പടിയുണ്ടാവും. പരിപാടികളിലും ഓഫീസിലും പൊലീസിനെ നിയോഗിക്കാമെന്ന് ഉറപ്പ് നല്‍കി. നേരത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പോലീസ് പ്രകടനവും മറ്റും നിരോധിച്ചിരുന്നു. എന്നാല്‍ അതിന് ഹൈക്കോടതിയുടെ പഴയ ഉത്തരവിന്റെ പിന്‍ബലമുണ്ടായിരുന്നു. കേരളാ സര്‍വ്വകലാശാലയില്‍ ഇത് നടപ്പാക്കാന്‍ കഴിയില്ലെന്നാണ് പോലീസ് ഉന്നതര്‍ക്കിടയിലെ പൊതു നിലപാട്. കേരള സര്‍വകലാശാലയില്‍ പ്രതിസന്ധിക്ക് അയവില്ല. കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ എത്തുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ സര്‍വകലാശാല പോകുമ്പോഴും ആഴ്ചകളായി വി സി ഓഫീസില്‍ എത്തിയിട്ടില്ല. ഗവര്‍ണ്ണര്‍ മുമ്പോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ കുന്നുമ്മലിന്റെ സുരക്ഷ പോലീസ് ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ സര്‍വ്വകലാശാലയില്‍ എസ് എഫ് ഐക്കാര്‍ നിരവധിയുണ്ട്. ഇവരുടെ അടുത്തേക്ക് വിസി എത്തിയാല്‍ എന്തും സംഭവിക്കാം. ഇതൊഴിവാക്കാനും വിദ്യാര്‍ത്ഥി നേതാക്കളെ കാമ്പസില്‍ നിന്നും മാറ്റാനുമാണ് സര്‍വകലാശാലയുടെ 200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്ന് പോലീസ് മേധാവിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഇതിനെ അനുകൂലിക്കാത്തതു കൊണ്ട് അത് പോലീസും ചെയ്യുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അതിവിശ്വസ്തനായിരുന്ന റവാഡ കേരളത്തിലെത്തിയപ്പോള്‍ പിണറായി സര്‍ക്കാരിന്റെ നയങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ്.

സുരക്ഷ ഉറപ്പാക്കാതെ എത്താന്‍ ആകില്ലെന്ന് നിലപാടിലാണ് വിസി. ഇ ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വിസിയുടെ ശ്രമവും വിജയിച്ചിട്ടില്ല. നിലവില്‍ നല്‍കിയ കരാര്‍ മറികടന്ന് പുതിയ സോഫ്റ്റ് വെയര്‍ തയ്യാറാക്കല്‍ പ്രായോഗികമല്ല എന്നാണ് വിലയിരുത്തല്‍. മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാല ആസ്ഥാനത്ത് എത്തിയാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് എസ്എഫ്ഐയുടെ തീരുമാനം. തൃശൂരില്‍ ഇന്നലെ ഗവര്‍ണറെ കണ്ട് വി.സി സ്ഥിതിഗതികള്‍ ധരിപ്പിച്ചു. രണ്ടാഴ്ചയിലധികമായി വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ എത്താത്തതും ഫയലുകള്‍ ഏതു റജിസ്ട്രാര്‍ക്ക് അയയ്ക്കണമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നതും മൂലം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടുന്നില്ല. തുല്യതാ സര്‍ട്ടിഫിക്കറ്റ് അടക്കം വിദ്യാര്‍ഥികളുടെ പ്രവേശനത്തെ ബാധിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തീരുമാനമെടുക്കുന്നതും മുടങ്ങി. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കറ്റ് യോഗം വിളിക്കണമെന്ന് ഇടതുപക്ഷ പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും വി.സി നിരസിച്ചു. ഇന്നലെ ഗവര്‍ണറും വി.സിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലും പ്രശ്‌നപരിഹാരത്തിനു നിര്‍ദേശങ്ങളൊന്നുമില്ല.

വി.സി നേരിട്ടെത്തി ഒപ്പിടേണ്ട രണ്ടായിരത്തോളം ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. സിസ തോമസ് താല്‍ക്കാലിക വി.സിയായിരുന്ന ഒരാഴ്ച ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടിരുന്നില്ല. നാനൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേയുള്ളൂവെന്നും തനിക്കു സര്‍വകലാശാലയില്‍ പ്രവേശിക്കാവുന്ന സാഹചര്യം വന്നാല്‍ ഒറ്റ ദിവസംകൊണ്ട് ഒപ്പിടാമെന്നും ഡോ.മോഹനന്‍ കുന്നുമ്മല്‍ പറയുന്നു. വി.സി സസ്‌പെന്‍ഡ് ചെയ്ത ഡോ.കെ.എസ്.അനില്‍കുമാറും പകരം ചാര്‍ജ് ലഭിച്ച മിനി കാപ്പനും റജിസ്ട്രാറുടെ ചുമതലയില്‍ തുടരുകയാണ്. ഫയലുകള്‍ മിനി കാപ്പനിലേക്ക് എത്തുന്നില്ല. അനില്‍കുമാര്‍ വഴിയെത്തുന്ന ഫയലുകള്‍, മിനി കാപ്പന്‍ വഴി അയയ്ക്കാന്‍ ആവശ്യപ്പെട്ടു വിസി തിരിച്ചയയ്ക്കുകയും ചെയ്യുന്നു. വിവിധ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍, അഫിലിയേറ്റഡ് കോളജുകളിലെ അക്കാദമിക് കോഴ്‌സുകളുടെ അംഗീകാരത്തിനുള്ള ഫയലുകള്‍, അധ്യാപകരുടെ കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം സംബന്ധിച്ച ഫയലുകള്‍, അധിക പ്ലാന്‍ ഫണ്ട് അനുവദിക്കാനുള്ള ഫയലുകള്‍ തുടങ്ങിയവയില്‍ വി.സിയുടെ ഒപ്പ് ആവശ്യമാണ്.

റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും വി.സി അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. സസ്‌പെന്‍ഷന്‍ അംഗീകരിച്ച്, നടപടിക്രമം പാലിച്ച് കെ.എസ്.അനില്‍കുമാര്‍ അപേക്ഷ നല്‍കിയാല്‍ പരിശോധിക്കാമെന്നു വി.സി നിലപാട് മയപ്പെടുത്തി. റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സിന്‍ഡിക്കറ്റ് യോഗത്തിനു സാധുതയുണ്ടോയെന്ന് ഉചിതമായ ഫോറത്തില്‍ തീരുമാനമെടുക്കട്ടെയെന്നായിരുന്നു കോടതി നിര്‍ദേശം. ഉചിതമായ ഫോറം ആരെന്നതിലും തര്‍ക്കം. ഇതു ഗവര്‍ണറാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. എന്നാല്‍, ഈ ഫോറം താന്‍ തന്നെയാണെന്നും സിന്‍ഡിക്കറ്റ് യോഗം അസാധുവാണെന്നാണു തന്റെ തീര്‍പ്പെന്നും വി.സി വിശദീകരിക്കുന്നു. ഈ തീര്‍പ്പില്‍ പരാതിയുണ്ടെങ്കില്‍ ഗവര്‍ണറെയോ കോടതിയെയോ സമീപിക്കട്ടെയെന്നാണ് വിസിയുടെ പക്ഷം.