മൂന്നാർ: രവീന്ദ്രൻ പട്ടയം തിരികെ വാങ്ങി അർഹതപ്പെടവർക്ക് സർക്കാർ പട്ടയം നൽകാനുള്ള തീരുമാനം ഈ സർക്കാറാണ് കൈക്കൊണ്ടത്. ചതിക്കപ്പെട്ട സാധുക്കൾക്ക് ഇക്കാര്യം ഫലപ്രദമാകുമെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ ഇത് എന്താകാുമെന്ന സംശയം നിലനിന്നിരുന്നു. രവീന്ദ്രൻ പട്ടയം ഒരു ഉപകാരവും ഇല്ലാത്ത പട്ടയമാണ്. അർഹരായവർക്ക് സാധുതയുള്ള പട്ടയം കൊടുക്കാൻ നടപടി തുടങ്ങിയത് 2019 ലാണെന്നും റവന്യൂ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജില്ല കലക്ടർക്ക് നിർദ്ദേശം നൽകിയതാണ് സർക്കാർ ഉത്തരവ് അർഹരായവർക്ക് പുതിയ പട്ടയം നൽകാനും തീരുമാനിച്ചിരിക്കുന്നത്. ആരെയും കുടിയിറക്കില്ലായെന്നും മന്ത്രി അറിയിച്ചു. രവീന്ദ്രൻ പട്ടയം കൈവശം വെച്ചതുകൊണ്ട് ആർക്കും ഒരുകാര്യവുമില്ല നിയമസാധുതയില്ലാത്തതിനാൽ ബാങ്കിൽ നിന്ന് വായ്പയെടുക്കാനും മറ്റും ആളുകൾ വലഞ്ഞിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് അർഹാരയവർക്ക് സാധുതയുള്ള പട്ടയം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. 532 പട്ടയങ്ങളാണ് റദ്ദാക്കിയതും.

ഇതിനിടെ സിപിഎമ്മിന്റെ മൂന്നാർ ഏരിയ കമ്മിറ്റി ഓഫിസ് സ്ഥിതിചെയ്യുന്ന ഭൂമിയുടെ പട്ടയം കലക്ടർ റദ്ദുചെയ്തിട്ടുണ്ട്. മുൻ ഡപ്യൂട്ടി തഹസിൽദാർ എം.ഐ.രവീന്ദ്രൻ വിതരണം ചെയ്ത രവീന്ദ്രൻ പട്ടയമാണു റദ്ദാക്കിയത്. ഇക്കാ നഗറിലെ ഈ സ്ഥലത്തിന്റെ പട്ടയം സിപിഎം നേതാവ് എം.എം.മണി എംഎൽഎയുടെ പേരിലാണ്. 15 സെന്റ് സ്ഥലത്തെ ബഹുനിലക്കെട്ടിടത്തിൽ പാർട്ടി ഓഫിസും റിസോർട്ടുമാണു പ്രവർത്തിക്കുന്നത്.

ദേവികുളം ഡപ്യൂട്ടി തഹസിൽദാരായിരുന്ന രവീന്ദ്രൻ 1999ൽ ദേവികുളം താലൂക്കിൽ വിതരണം ചെയ്ത 559 പട്ടയങ്ങൾ രവീന്ദ്രൻ പട്ടയമെന്നാണ് അറിയപ്പെടുന്നത്. ഇവയെല്ലാം റദ്ദുചെയ്ത് അർഹതപ്പെട്ടവർക്ക് പുതിയ പട്ടയം നൽകാൻ ഒരു വർഷം മുൻപു സർക്കാർ ഉത്തരവിട്ടിരുന്നു. എം.എം.മണി തെളിവെടുപ്പിനായി കലക്ടർ ഷീബ ജോർജിന്റെ മുന്നിൽ ഹാജരായിരുന്നു. പുതിയ പട്ടയത്തിന് ഇനി അപേക്ഷിക്കണം. വീടുവച്ചു താമസിക്കുന്നവർക്കു പട്ടയം പുതുക്കി നൽകാനാണു നിലവിൽ സർക്കാരിന്റെ തീരുമാനം. പാർട്ടി ഓഫിസും റിസോർട്ടുമായതിനാൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനം വേണ്ടി വരും.

സർക്കാർ ഭൂമിയായ ഇക്കാനഗറിലെ സ്ഥലത്തു വീടിനും കൃഷിക്കുമെന്ന പേരിലാണു മണിക്കു പട്ടയം ലഭിച്ചത്. ഇവിടെ സിപിഎം നിർമ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലാണു പാർട്ടി ഓഫിസ്. മുകളിലെ 4 നിലകൾ റിസോർട്ടിനു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.

എന്താണ് രവീന്ദ്രൻ പട്ടയം?

1999ൽ ഇകെ നായനാർ അധികാരത്തിലിരിക്കുന്ന സമയം. കെ ഇസ്മയിൽ ആയിരുന്നു അന്നത്തെ റവന്യൂ മന്ത്രി. ഇടുക്കി ദേവികുളത്ത് ഒരു പട്ടയവിതരണം നടന്നു. ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാരായിരുന്ന എംഐ രവീന്ദ്രനാണ് പട്ടയങ്ങൾ പതിച്ചുനൽകിയത്. 530 പട്ടയങ്ങൾ അന്ന് വിതരണം ചെയ്തു. 4251 ഹെക്ടർ ഭൂമിയായിരുന്നു അത്. എന്നാൽ, ഭൂമി പതിവ് ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം പട്ടയങ്ങൾ പതിച്ചുനൽകി എന്ന് ആരോപണം ഉയർന്നു. അതോടെ പട്ടയങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടു.

മൂന്നാറിൽ ഭൂമികയ്യേറ്റം വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2007ൽ മുഖ്യമന്ത്രി ആയിരുന്ന വി എസ് അച്യുതാനന്ദൻ കയേറ്റം പരിശോധിക്കാൻ ദൗത്യസംഘത്തെ നിയോഗിച്ചു. കെ സുരേഷ് കുമാർ ഐഎഎസ്, ഋഷിരാജ് സിങ് ഐപിഎസ്, രാജു നാരായണസ്വാമി ഐഎഎസ് എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. രവീന്ദ്രന് പട്ടയം നൽകാൻ അധികാരമില്ലെന്ന് സുരേഷ് കുമാർ വാദിച്ചു. ഇതോടെ വൻകിട കമ്പനികൾ അടക്കമുള്ളവരുടെ പട്ടയങ്ങൾ വീണ്ടും ചർച്ചയായി. സാങ്കേതികത്വത്തിന്റെ പേരിൽ പട്ടയം നിഷേധിക്കരുതെന്ന വാദവുമായി ഭൂവുടമകൾ കോടതിയെ സമീപിച്ചു. ഇതോടെ വിഷയം താത്കാലികമായി കെട്ടടങ്ങി.

പിന്നീട് പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടതോടെ ഇവ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ 530 പട്ടയങ്ങളും റദ്ദാക്കപ്പെടും.