കോട്ടയം: സി.പി.എം. നേതാവ് ഇ.പി. ജയരാജന്‍ ആത്മകഥാ വിവാദം ട്വിസ്റ്റിലേക്ക്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡി.സി. ബുക്‌സുമായി ഇപി ജയരാജന്‍ കരാറിലേര്‍പ്പെട്ടിരുന്നില്ലെന്ന് പോലീസ് കണ്ടെത്തല്‍. അന്വേഷണത്തില്‍ രവി ഡി.സി.യുടേതുള്‍പ്പെടെ രണ്ട് സുപ്രധാന മൊഴികൂടി ഇനിയും രേഖപ്പെടുത്തും, എങ്ങനെയാണ് ആത്മകഥ ഡിസിയ്ക്ക് കിട്ടിയതെന്നും കണ്ടെത്തും. കട്ടണ്‍ ചായയും പരിപ്പുവടയും കമ്യൂണിസ്റ്റുകാരന്റെ ജീവിതമെന്ന ആത്മകഥ ഇനി ഡിസി പ്രസിദ്ധീകരിക്കാനും സാധ്യത ഇല്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.

ഡി.സി. ബുക്‌സിലെ ഏതാനും ജീവനക്കാരില്‍നിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസങ്ങളില്‍ മൊഴിയെടുത്തിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതോ, പുറത്തായതോ സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ജീവനക്കാരുടെ മൊഴി. ആത്മകഥ പുറത്തായതോടെ ഇ.പി. ജയരാജന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജീല്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. രവി ഡിസിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. കരാറില്ലെങ്കില്‍ ഇപിയുടെ വാദങ്ങള്‍ക്ക് കരുത്ത് പകരം. അതിനിടെ വിഷയം കേസിലേക്ക് പോകാതെ പരിഹരിക്കാന്‍ ഡിസിയും ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇ.പി.യുടെ പരാതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാതെയുള്ള പ്രാഥമിക അന്വേഷണമാണ് പോലീസ് നടത്തുന്നത്. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് പറഞ്ഞു. അതിന് ശേഷം ഇപിയുടെ കൂടെ അഭിപ്രായം തേടി വേണമെങ്കില്‍ മാത്രം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും. ദേശാഭിമാനിയിലെ കണ്ണൂരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനില്‍ നിന്നാണ് ആത്മകഥ ചോര്‍ന്നതെന്ന സൂചനയുണ്ട്. ഇതിലും പോലീസ് വ്യക്തത വരും. അങ്ങനെ വന്നാല്‍ ആ മാധ്യമ പ്രവര്‍ത്തകനെതിരെ സിപിഎം നടപടികളിലേക്ക് കടക്കും. മോഹന്‍ലാലിന്റെ അമ്മയുമായി ബന്ധപ്പെട്ട് തെറ്റായ പരാമര്‍ശം ദേശാഭിമാനിയില്‍ വന്നിരുന്നു. ഈ സമയം തന്നെ ഇടത് കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച കുറിപ്പില്‍ ജയരാജന്റെ 'ഗോസ്റ്റ് റൈറ്ററെ' കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. നിലവിലെ അന്വേഷണമെല്ലാം ഈ ഗോസ്റ്റ് റൈറ്ററെ ആശങ്കയിലാക്കിയിട്ടുണ്ട്.

ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വിഷയത്തില്‍ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തുന്നതും നിര്‍ണ്ണായകമാണ്. കരാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന മൊഴിയാണ് ഈ ജീവനക്കാര്‍ നല്‍കിയതെന്നാണ് വിവരം. രവി ഡി.സിയില്‍ നിന്ന് ഇതുസംബന്ധിച്ച കൂടുതല്‍ വിശദീകരണം തേടാനാണ് പോലീസിന്റെ തീരുമാനം. പുസ്തകത്തിന്റെ 178 പേജുകളുടെ പി.ഡി.എഫ്. ഏതുവിധത്തിലാണ് പുറത്തുപോയത് എന്നതാണ് ഇ.പി. ജയരാജന്‍ പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം. അതില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ഇ.പി. ജയരാജന്‍ പ്രതികരിച്ചിരുന്നു. പി.ഡി.എഫ്. ചോര്‍ന്നതിനേ കുറിച്ചും പോലീസ് അന്വേഷണം നടത്തും. മാധ്യമപ്രവര്‍ത്തകരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. പി.ഡി.എഫ്. ആര്‍ക്കൊക്കെ എവിടെ നിന്ന് ലഭിച്ചു എന്നുള്ളത് കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.

ഇ.പി. ജയരാജന്റെ മൊഴിയും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. മൊഴി നല്‍കാനായി ഇ.പി. ജയരാജന്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്. വിവാദത്തിനു പിന്നാലെ ഇ.പി. ജയരാജന്‍ ഡി.സി. ബുക്സിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.. ആത്മകഥ ആര്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കണമെന്ന ആലോചനയ്ക്കിടെ, സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്റെ കക്ഷിയെ തേജോവധംചെയ്യാനും ഉദ്ദേശിച്ചാണ് ഡി.സി. ബുക്‌സ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് നോട്ടീസില്‍ പറയുന്നു. ഡി.സി. ബുക്‌സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥാഭാഗങ്ങളും പിന്‍വലിച്ച് നിര്‍വ്യാജം ഖേദപ്രകടനം നടത്തണമെന്നും ആവശ്യമുണ്ട്.