ന്യൂഡൽഹി: അദാനി എൻഡി ടിവിയുടെ ഷെയർ വാങ്ങിയതിന് ശേഷം എൻ ഡി ടിവി ഹിന്ദിയിൽ നിന്നും അവരുടെ പ്രധാന അവതാരകനും സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ രാവിഷ് കുമാർ രാജിവെക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സൈബറിടത്തിൽ നിറഞ്ഞ ഇ വാർത്തകൾ തള്ളി രാവിഷ് കുമാർ രംഗത്തുവന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് രാവിഷ് കുമാർ രാജി ആവശ്യം തള്ളിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അഭിമുഖത്തിനായി കാത്തിരിക്കുന്നത് പോലെ, അക്ഷയ് കുമാർ ഗേറ്റിൽ മാമ്പഴവുമായി കാത്തിരിക്കുന്നത് പോലെയും തന്റെ രാജി വെറും ഒരു ഗോസിപ്പ് ആണ് എന്ന് രാവിഷ് കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. എൻഡി ടിവിയിൽ നിന്നും രാജിവെച്ച് രാവിഷ് കുമാർ സീ നെറ്റ്‌വർക്കിൽ ചേരുമെന്നായിരുന്നു റിപ്പോർട്ടുകൾ.

'പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അഭിമുഖത്തിനായി കാത്തിരിക്കുന്നത് പോലെ, അക്ഷയ് കുമാർ ഗേറ്റിൽ മാമ്പഴവുമായി കാത്തിരിക്കുന്നത് പോലെയും തന്റെ രാജി വെറും ഒരു ഗോസിപ്പ് ആണ്. എന്ന് നിങ്ങളുടെ സ്വന്തം രാവിഷ് കുമാർ ലോകത്തിലെ ആദ്യത്തേതും ഏറ്റവും ചെലവേറിയതുമായ കുറഞ്ഞ ടിആർപി റേറ്റുള്ള അവതാരകൻ.' എന്ന് രാവിഷ് കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

എൻഡി ടിവിയുടെ 29 ശതമാനം ഓഹരികൾ ഏറ്റെടുത്തുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ എതിർപ്പറിയിച്ച് ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡ് രംഗത്ത് വന്നതിന് പിന്നാലെയാണ് രാവിഷ് കുമാർ രാജിവെക്കുമെന്ന വാർത്ത നിഷേധിച്ചത്. യാതൊരു തരത്തിലുള്ള ചർച്ചയോ, സമ്മതമോ, അറിയിപ്പോ ഇല്ലാതെയായിരുന്നു അദാനി ഗ്രൂപ്പിന്റെ നീക്കമെന്ന് എൻഡിടിവി പ്രസ്താവനയിൽ പറഞ്ഞിരുന്നു. ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡുമായോ (എൻഡിടിവി) കമ്പനിയുടെ സ്ഥാപകരായ രാധികയുമായോ പ്രണോയ് റോയുമായോ ചർച്ചകൾ നടന്നിട്ടില്ലെന്ന് എൻഡിടിവി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ കമ്പനി വ്യക്തമാക്കി.

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രവിഷ് കുമാർ, എൻഡിടിവിയുടെ പ്രൈം ടൈം, രവിഷ് കി റിപ്പോർട്ട്, ഹം ലോഗ് തുടങ്ങിയ ചില പ്രധാന ഷോകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിലെയും ഐഐഎംസിയിലെയും പൂർവ്വ വിദ്യാർത്ഥിയായ രവിഷ് കുമാർ 15 വർഷത്തിലേറെയായി എൻഡിടിവിയിൽ പ്രവർത്തിക്കുന്നു. മാധ്യമ പ്രവർത്തന മേഖലയിൽ ഒരുപാട് അംഗീകാരങ്ങളും നേടിയിട്ടുണ്ട്. 2019-ൽ, രമൺ മഗ്സസെ അവാർഡ് ലഭിച്ച അഞ്ചാമത്തെ ഇന്ത്യൻ മാധ്യമപ്രവർത്തകനായിരുന്നു കുമാർ.