- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണസ്വാധീനം ഉപയോഗിച്ച് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പ്രസിഡന്റായി; അടൂർ അർബൻ ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് ആർബിഐ റദ്ദാക്കി; ഇനി മുതൽ ബാങ്കിങ് ഇതര സ്ഥാപനം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് നിയന്ത്രണം; സിപിഎമ്മിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി
അടൂർ: കോഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കി. ബാങ്കിങ് ഇതര സ്ഥാപനമായി വിജ്ഞാപനവും പുറപ്പെടുവിച്ചു. ലൈസൻസ് റദ്ദാക്കലും ബാങ്കിങ് ഇതര സ്ഥാപനമെന്ന നിലയിലുള്ള പുതിയ വർഗീകരണവും 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ വിവിധ വകുപ്പുകൾക്ക് കീഴിലാണെന്ന് ആർബിഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. 1987 ലാണ് ബാങ്കിന് ആർബിഐയുടെ ലൈസൻസ് ലഭിച്ചത്. പുതിയ ഉത്തരവ് പ്രകാരം ഏപ്രിൽ 24 മുതൽ അർബൻ ബാങ്ക് ബാങ്കിങ് ഇതര സ്ഥാപനമാണ്. 24 ന് വൈകിട്ടുള്ള ബാങ്കിങ് സമയം അവസാനിച്ചതോടെ ഉത്തരവ് ബാധകമായി.
ബാങ്കിങ് ഇതര സ്ഥാപനമാക്കി മാറ്റപ്പെട്ട നിലയ്ക്ക് അംഗങ്ങളല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക് നിലവിൽ വന്നു. കൂടാതെ അവകാശികളില്ലാത്തതും തിരികെ വാങ്ങാതെ ബാങ്ക് കൈവശം വച്ചിരിക്കുന്നതുമായ നിക്ഷേപങ്ങൾ ആവശ്യപ്പെടുന്ന മുറയ്ക്ക് തിരികെ നൽകണമെന്നും ആർബിഐ ഉത്തരവിലുണ്ട്.
കാലകാലങ്ങളായി യുഡിഎഫ് കൈവശം വച്ചിരുന്ന ബാങ്ക് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം പിടിച്ചെടുക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി. ഹർഷകുമാർ പ്രസിഡന്റുമായി. 1987 ൽ നിലവിൽ വന്ന ബാങ്ക് ഏറെ നാളും യുഡിഎഫിന്റെ കൈവശമായിരുന്നു. ആദ്യ നാളുകളിൽ അടൂർ കെഎസ്ആർടിസി ജങ്ഷന് സമീപമുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. അക്കാലങ്ങളിൽ ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിന് പൊതുതെരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയുമായിരുന്നു.
ഏറെക്കാലം യുഡിഎഫ് കൈവശം വച്ചിരുന്ന പത്തനംതിട്ട ജില്ലയിലെ ബാങ്കുകൾ പ്രത്യേക പദ്ധതിയുണ്ടാക്കി സിപിഎം പിടിച്ചെടുക്കുകയായിരുന്നു. തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക്, പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക്, കോഴഞ്ചേരി മേലുകര സർവീസ് കോപ്പറേറ്റീവ് ബാങ്ക് തുടങ്ങി ഭരണ സ്വാധീനം ഉപയോഗിച്ച് പിടിച്ചെടുത്ത ബാങ്കുകൾ ഏറെയാണ്.
ഇതേ രീതിൽ ഭരണം പിടിച്ചെടുത്ത ബാങ്കാണിത്. കള്ളവോട്ട് ചെയ്തും ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ബാങ്ക് പിടിച്ചെടുക്കുക എന്ന നയമാണ് സിപിഎം ജില്ലയിൽ തുടർന്നു പോന്നിരുന്നത്. പൊലീസും മറ്റ് സർക്കാർ സംവിധാനങ്ങളും ഇതിന് ഒത്താശ ചെയ്തു. കോടതി നിരീക്ഷണത്തിൽ നടന്ന തെരഞ്ഞെടുപ്പുകൾ വരെ ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം അട്ടിമറിച്ചു. മറ്റിടങ്ങളിൽ കള്ളവോട്ട് ചെയ്യുന്നതിന് അടൂർ താലൂക്കിൽ നിന്നാണ് സിപിഎം ആളുകളെ ഇറക്കിയിരുന്നത്. അങ്ങനെ ഭരണം പിടിച്ചെടുത്ത അടൂർ അർബൻ ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് റദ്ദായത് സിപിഎമ്മിന് തിരിച്ചടിയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്