ന്യൂഡൽഹി: അങ്ങനെ 2000 രൂപ നോട്ട് വിടവാങ്ങുകയാണ്. എന്നാൽ, 2016 ലെ നോട്ടുനിരോധനം പോലെയല്ല. അന്ന് 500 നും 1000 ത്തിനും ഒരു സന്ധ്യയ്ക്ക് വിലയില്ലാതായി. 2000 രൂപ നോട്ടിന് നിയമപ്രാബല്യമുണ്ട്. സെപ്റ്റംബർ 30 നകം ബാങ്കിൽ നിക്ഷേപിക്കുകയോ, മാറ്റിയെടുക്കുകയോ ചെയ്യാം.

2000 രൂപ നോട്ട് പിൻവലിക്കാൻ കാരണങ്ങൾ

പൊതുജനം 2000 രൂപ നോട്ട്, വിനിമയത്തിന് കാര്യമായി ഉപയോഗിക്കുന്നില്ല. ഈ നോട്ടുകളുടെ മൂല്യം വർഷങ്ങളായി കുറഞ്ഞുവന്നു. 2023 മാർച്ച് 31 ലെ കണക്കുപ്രകാരം 10.8 ശതമാനം നോട്ടുകൾ മാത്രമാണ് വിനിമയത്തിൽ ഉള്ളത്.

രണ്ടാമത്തെ കാരണം, 100 ന്റെയും, 200 ന്റെയും , 500 ന്റെയും ഒക്കെ നോട്ടുകൾ ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ധാരാളം. മൂന്നാമത്തെ കാരണം, ക്ലീൻ നോട്ട് നയത്തിന്റെ ഭാഗം,. പൊതുജനത്തിന് നല്ല ഗുണനിലവാരമുള്ള നോട്ടുകൾ ലഭ്യമാക്കണമെന്ന ആർബിഐ നയപ്രകാരം.

വ്യാജൻ ഇറങ്ങിയതും നുണക്കഥകളും തിരിച്ചടിയായി

2000 രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.) 2019 ൽ നിർത്തിവെച്ചത് കള്ളനോട്ട് വ്യാപകമായതിനെത്തുടർന്നായിരുന്നു. മികച്ച രീതിയിൽ അച്ചടിച്ച 2000 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമാണെന്നും ഇത് തിരിച്ചറിയുക വെല്ലുവിളിയാണെന്നും ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) വ്യക്തമാക്കിയിരുന്നു. അതായത് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകൾ അതിവേഗമെത്തി. ഇതു കൊണ്ടാണ് 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

2000 രൂപ നോട്ടിൽ ഏറെ പ്രതീക്ഷകൾ കേന്ദ്ര സർക്കാർ വച്ചിരുന്നു. ഒരിക്കലും ഡ്യൂപ്ലിക്കേറ്റ് ഇറക്കില്ലെന്നായിരുന്നു പ്രതീക്ഷ. പറഞ്ഞുപറഞ്ഞ് നോട്ടിൽ ജിപിഎസ് ഉണ്ടെന്നുവരെയായി. നികുതി അടയ്ക്കാത്തവരെ ഉപഗ്രഹം ഉപയോഗിച്ച് കണ്ടെത്താം എന്നും ഇവർ പറഞ്ഞുപരത്തി. ലോകത്ത് ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നൂതന സാങ്കേതിക വിദ്യകൾ വരെ നോട്ടിലുണ്ടെന്ന് പറഞ്ഞു. വലിയ തോതിലുള്ള കള്ളപ്രചാരണമാണ് നടന്നത്. ഇവരുടെ പ്രചാരണത്തിൽ നിഷ്പക്ഷ മാധ്യമങ്ങളും ഇടതുപക്ഷ, വലതുപക്ഷ മാധ്യമങ്ങൾ പോലും റിപ്പോർട്ടുകൾ നൽകി.

2000 രൂപയുടെ നോട്ടുകളിൽ അത്യാധുനിക നാനോ ടെക്‌നോളജി ഉപയോഗിച്ചു നിർമ്മിച്ച 'നാനോ ജിപിഎസ് ചിപ്പ് ' അഥവാ എൻജിസി ഘടിപ്പിച്ചിരിക്കുന്നു. വളരെ നേർത്ത ഐറ്റം ആയതിനാൽ ഒറ്റ നോട്ടത്തിൽ കണ്ടു പിടിക്കുക അസാധ്യമെന്നായിരുന്നു പ്രചാരണം. മറ്റു സാധാരണ ജിപിഎസ് ട്രാക്കിങ് സംവിധാനങ്ങൾ പോലെ അല്ല ഈ ചിപ്പുകൾ. ഇവയ്ക്ക് പ്രവർത്തിക്കാൻ വൈദ്യുതി ആവശ്യമില്ല. കാരണം ഇവ ഒരു സിഗ്‌നലും പുറത്തേക്കു ബഹിർഗമിക്കുന്നില്ല. എന്നാൽ, ഒരു കണ്ണാടി പോലെ, വെളിച്ചം തിരിച്ചു പ്രതിഫലിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നു എന്ന് മാത്രം. അതായത്, ഒരു ട്രാക്കിങ് സംവിധാനം ഉള്ള ഉപഗ്രഹം അല്ലെങ്കിൽ ഉപകരണം ഉണ്ടെങ്കിൽ, ഉപഗ്രഹത്തിൽ നിന്നും ഉള്ള സിഗ്‌നൽ ഇതിൽ തട്ടി പ്രതിഫലിപ്പിക്കുമ്പോൾ, കൂടെ നോട്ടിന്റെ സീരിയൽ നമ്പർ തുടങ്ങിയ വിവരങ്ങൾ കൂടി അറിയാൻ സാധിക്കും, കൂടെ കിറുകൃത്യം ആയുള്ള സ്ഥലവും. നോട്ടിനു കേടുപാട് വരുത്താതെ ഈ ചിപ്പുകൾ പുറത്തെടുക്കുവാൻ സാധിക്കുകയില്ല.

ഏകദേശം 120 മീറ്റർ വഴെ ആഴത്തിൽ ഉപഗ്രഹങ്ങൾക്ക് സിഗ്‌നൽ എത്തിക്കാൻ ശേഷി ഉണ്ടെന്നു ഇരിക്കെ, ഈ പുതിയ നോട്ടുകൾ പൂഴ്‌ത്തി വെക്കുക അസാധ്യം ആണെന്ന് സാരം. ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അല്ലാതെ വേറെ എവിടെയെങ്കിലും വൻതോതിൽ ഈ നോട്ടുകൾ സൂക്ഷിച്ചാൽ ആദായ നികുതി വകുപ്പിന് ഉടനടി അക്കാര്യം അറിയിക്കാനും മേൽനടപടി എടുക്കാനും സാധ്യത ഏറെയാണെന്നെല്ലാമായിരുന്നു തള്ളുകൾ. ഇതിനെയെല്ലാം കടത്തി വെട്ടിയാണ് കള്ളനോട്ടുകൾ പ്രചരിച്ചത്. ഇതോടെയാണ് നോട്ടുകളുടെ അച്ചടി നിർത്തേണ്ട സാഹചര്യം ആർബിഐയ്ക്കുണ്ടായത്.

2022 ഓഗസ്റ്റിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ നിരവധി ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് 150 കോടിയോളം കള്ളപ്പണം പിടികൂടിയിരുന്നു. ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ആശുപത്രികൾ നടത്തിിരുന്ന ചില ബിസിനസ് ഗ്രൂപ്പുകളാണ് അന്ന് പ്രതിക്കൂട്ടിലായത്. തമിഴ്‌നാട്ടിൽ, സിൽക്ക് സാരി, ചിറ്റഫണ്ട് ബിസിനസ് നടത്തുന്ന രണ്ടു ബിസിനസ് ഗ്രൂപ്പുകൾ 250 കോടിയോളം അനധികൃത വരുമാനം ഉണ്ടാക്കിയതായും കണ്ടെത്തിയിരുന്നു. ഇതുകൂടാതെ 2022 സാമ്പത്തിക വർഷം 2000 രൂപയുടെ കള്ളനോട്ടുകളിൽ 55 ശതമാനം വർദ്ധന ആർബിഐ കണ്ടെത്തിയിരുന്നു.

2000 ത്തിന്റെ നോട്ടുകളുടെ 89 ശതമാനവും 2017 മാർച്ചിന് മുമ്പ് പുറത്തിറക്കിയവയാണ്. ഇവയുടെ കാലാവധിയായ അഞ്ചുവർഷം പൂർത്തിയാവുകയും ചെയ്തു. ഈ  നോട്ട് വിനിമയത്തിന് സാധാരണയായി അധികം ഉപയോഗിക്കുന്നുമില്ല. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല. 2013-14 ൽ സമാനമായ രീതിയിൽ ആർബിഐ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചിരുന്നു