തിരുവനന്തപുരം: ഞായറാഴ്‌ച്ച സമാപിച്ച ഫുട്‌ബോൾ ലോകകപ്പിൽ ഗോളടിച്ചത് മെസ്സിയും എംബാപെയും ഒക്കെയായിരുന്നെങ്കിലും കോളടിച്ചത് ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കായിരുന്നു. ഓണത്തിനോടും ക്രിസ്തുമസിനോടും ഒക്കെ കിടപിടിക്കുന്ന വിൽപ്പനായണ് ഞായറാഴ്‌ച്ച സംസ്ഥാനത്ത് നടന്നത്.ഓണത്തിനും വിഷുവിനും ക്രിസ്മസിനുമൊക്കെപ്പോലെ ഇത്തവണ ഫുട്‌ബോൾ ലോകകപ്പ് ആവേശവും ബിവ്‌കോയ്ക്ക് ലോട്ടറിയായി.

ഫൈനൽ ദിവസം സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മാത്രം വിറ്റത് 49.40 കോടി രൂപയുടെ മദ്യം.ഞായറാഴ്ചകളിൽ സാധാരണ 35 കോടി രൂപയുടെ വില്പനയാണ് നടക്കാറുള്ളത്. എന്നാൽ ഫുട്ബോൾ ആവേശത്തിൽ വില്പന കുതിച്ചുയരുകയായിരുന്നു.15 കോടിയോളം രൂപയുടെ വർധനയാണ് ഞായറാഴ്‌ച്ച ഉണ്ടായത്.

ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷദിനങ്ങളിലാണ് സാധാരണരീതിയിൽ ബെവ്കോയിൽ 50 കോടിക്കോ അതിനുമുകളിലോ വില്പന നടക്കാറുള്ളത്.ഇതിൽ തന്നെ ഒന്നാം സ്ഥാനം ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന മലപ്പുറത്തും.മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റിലാണ് ഫൈനൽ ദിവസം ഏറ്റവും കൂടുതൽ മദ്യവില്പന നടന്നത്.

45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരിൽ മാത്രം വിറ്റുപോയത്. വയനാട് വൈത്തിരി ഔട്ട്ലെറ്റാണ് വില്പനയിൽ രണ്ടാമത്. 43 ലക്ഷം രൂപയുടെ വില്പനയാണ് വൈത്തിരിയിൽ നടന്നത്. തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റിൽ 36 ലക്ഷം രൂപയുടെ കച്ചവടവും നടന്നു. ഇതിനുപുറമെ ഫൈനൽ ലക്ഷ്യമിട്ട് ശനിയാഴ്ച വെയർഹൗസുകളിൽ നിന്ന് ബാറുകൾ വാങ്ങിയത് ആറു കോടിയുടെ മദ്യവും.അങ്ങിനെ എല്ലാം കൂടി നോക്കുമ്പോൾ 56 കോടിയുടെ മദ്യമാണ് ലോകകപ്പ് ഫൈനൽ ആവേശത്തിൽ മലയാളികൾ അകത്താക്കിയത്.

അതേസമയം മദ്യത്തിന് വില കൂടിയാൽ വിൽപ്പന കറയും എന്ന ആശങ്ക വേണ്ട എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.ലോകക്കപ്പ് ഫുട്ബാൾ ഫൈനൽ മത്സര ദിനത്തിൽ കേരളത്തിലെ മദ്യപർ കുടിച്ച് തീർത്ത മദ്യത്തിന്റെ അളവ് അത്രത്തോളമുണ്ട്.മദ്യത്തിന് വിൽപന നികുതി വർധിപ്പിക്കുമ്പോൾ 9 ബ്രാൻഡ് മദ്യത്തിനാണ് മദ്യവില കൂടുന്നത്. വില കൂടുന്ന ഒൻപത് മദ്യ ബ്രാൻഡുകളിൽ എട്ട് എണ്ണത്തിനും 10 രൂപയാണ് കൂടുന്നത്. 247 ശതമാനമുണ്ടായിരുന്ന മദ്യ നികുതി 251 ശതമാനമായാണ് സർക്കാർ വർധിപ്പിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ച വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനവും കൈകാര്യ ചെലവ് ഒരു ശതമാനവും കൂട്ടിയതോടെ മദ്യത്തിന്റെ വിലിയൽ മാറ്റം വന്നിട്ടുണ്ട്. രാത്രിയിലാണ് വില വർദ്ധന നടപ്പാക്കാനുള്ള നിർദ്ദേശം വെയർഹൗസ് മാനേജർമാർക്കും റീജിയണൽ മാനേജർമാർക്കും കിട്ടുന്നത്.പുതുക്കിയ വില കണക്ക് കൂട്ടാൻ പാടുപെടുന്നതിനിടയിലാണ് ലോകക്കപ്പ് ഫൈനൽ മത്സരം കടന്നുവന്നത്.