- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കാദമിക് വിദഗ്ധനായ ഡോ.സി.ജെ.ജോർജിനെ അഭിമുഖത്തിന് വിളിച്ച് അവഹേളിച്ചു; സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിച്ചിട്ടും ജേണൽ പ്രബന്ധങ്ങൾക്ക് ഇന്റർവ്യൂ ബോർഡ് അയോഗ്യത കൽപിച്ചു; കണ്ണൂരിനും കേരളയ്ക്കും പുറമേ കാലിക്കറ്റ് സർവകലാശാലയിലും നിയമന വിവാദം
കോഴിക്കോട്: കണ്ണൂർ, കേരള സർവകലാശാലകൾക്ക് പുറമേ അർഹരെ മാറ്റി നിർത്തുന്ന കാലിക്കറ്റ് സർവകലാശാല നടപടിയും വിവാദമാകുന്നു. മലയാള വിഭാഗത്തിൽ അദ്ധ്യാപകനായി അപേക്ഷിച്ച അക്കാദമിക് വിദഗ്ധൻ ഡോ. സി. ജെ. ജോർജിന് അയോഗ്യത കൽപ്പിച്ചതിനെ ചോദ്യം ചെയ്ത് സാംസ്‌കാരിക നായകരും രംഗത്തെത്തി.
അർഹതയുള്ളവരെ അയോഗ്യരാക്കുന്ന സമീപനം കലിക്കറ്റ് യൂണിവേഴ്സിറ്റി തിരുത്തണമെന്ന് എം എൻ കാരശേരിയും കെ ജി ശങ്കപിള്ളയും കൽപറ്റ നാരായണനും അടക്കമുള്ളവർ ആവശ്യപ്പെട്ടു. കമ്മ്യൂണിസമെന്നാൽ ഒരു പരിധി കഴിഞ്ഞാൽ അത് സർവാധിപത്യത്തിലേക്കു നീങ്ങുമെന്ന് സൈദ്ധാന്തികർ ഓർമിപ്പിച്ചിട്ടുണ്ട്. ആ കാലമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നതെന്നു വേണം സമീപകാല സംഭവങ്ങളിൽ നിന്നെല്ലാം അനുമാനിക്കാൻ. അതിൽ അവസാനത്തെ സംഭവമായി വേണം യൂണിവേഴ്സിറ്റികളിലെ സ്വന്തക്കാരെ തിരുകിക്കയറ്റലിനെ വിലയിരുത്താൻ.
കണ്ണൂർ, കേരള സർവകലാശാലകളിൽ മാത്രം ഒതുങ്ങുന്നതല്ല, കാലിക്കറ്റ് സർവ്വകലാശാലയിലും അത്തരം ഒന്ന് സംഭവിച്ചിരിക്കുന്നു. ഇപ്പോൾ പുതുതായി ആക്ഷേപം ഉയർന്നിരിക്കുന്നത് ഒന്നിലാണെങ്കിലും അന്വേഷണം വന്നാൽ എത്രയുണ്ടാവുമെന്ന് കണ്ടറിയണം. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന മലയാള വിഭാഗം പ്രൊഫസർ, അസോസ്സിയേറ്റ് പ്രൊഫസർ നിയമനത്തെക്കുറിച്ച് വരുന്ന വാർത്തകൾ ഉത്കണ്ഠാജനകമാണെന്നാണ് ഒരു കൂട്ടം കോളജ് അദ്ധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. യോഗ്യതകൾ മറികടന്നും ക്രമവിരുദ്ധമായും അക്കാദമിക ബാഹ്യമായ താൽപര്യത്തോടെയും നിയമനം നടത്താൻ ആസൂത്രിതമായ ശ്രമം നടന്നുവെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും ഈ അദ്ധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
സ്‌ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് വിളിക്കപ്പെട്ട നിരവധി അപേക്ഷകരെ അയോഗ്യരാക്കി മാറ്റിനിറുത്തുക എന്ന അസാധാരണ നടപടിയാണ് സർവകലാശാല അധികൃതരിൽനിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. ടി. ബി. വേണുഗോപാല പണിക്കർ, ഡോ എം.എൻ കാരശ്ശേരി, കെ.ജി.ശങ്കരപ്പിള്ള, കൽപ്പറ്റ നാരായണൻ, കെ.സി.നാരായണൻ തുടങ്ങിയവർ അഭിപ്രായപ്പെടുന്നു.
മലയാള വിഭാഗത്തിൽ അദ്ധ്യാപകനായി അപേക്ഷിച്ച ഡോ. സി. ജെ. ജോർജ്ജിന്റെ ജേണൽ പ്രബന്ധങ്ങൾക്ക് ഇന്റർവ്യൂ ബോർഡ് അയോഗ്യത കൽപിച്ചുവെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. അദ്ദേഹം സമർപ്പിച്ച അപേക്ഷയും ഗവേഷണപ്രബന്ധങ്ങളുടെ പട്ടികയും ഉൾപ്പെടെയുള്ള എല്ലാ രേഖകളും സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിൽ ക്ഷണം ലഭിച്ചതനുസരിച്ചാണ് അദ്ദേഹം ഇന്റർവ്യൂവിനു ഹാജരായത്.
ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ച് ക്ലാസ് എടുപ്പിക്കുകയും ദീർഘമായ സംവാദം നടത്തുകയും മറ്റും ചെയ്ത ശേഷം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഒരാൾക്ക് യോഗ്യതയില്ലെന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്ത ഒരു നടപടിയാണെന്നും അക്കാദമിക രംഗത്തു മാത്രമല്ല, സാമൂഹിക സാംസ്‌കാരിക മേഖലകളിൽ കൂടി ഇടപെടുന്ന ഇവരെല്ലാം ഒരേ ശബ്ദത്തിൽ പറയുന്നു.
ഭാഷാശാസ്ത്രത്തിലും സാഹിത്യപഠന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഡോ.സി.ജെ.ജോർജ്ജിനെ പോലുള്ള ഒരു അക്കാദമിക് വിദഗ്ധൻ ഈ രീതിയിൽ അവഹേളിക്കപ്പെട്ട് പുറത്താക്കപ്പെടുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ യശസ്സിന് ചേർന്ന നടപടിയായിരിക്കില്ല. വിദ്യാർത്ഥികളുടെയും അക്കാദമിക സമൂഹത്തിന്റെയും താൽപ്പര്യങ്ങൾ മുൻനിർത്തി സുതാര്യവും നീതിപൂർവകവുമായ രീതിയിലാവണം ഇത്തരം തസ്തികകളിലേക്കുള്ള നിയമനങ്ങൾ നടത്തേണ്ടത്.
ഡോ. ജോർജിന്റെയും മറ്റും ഇന്റർവ്യൂ കഴിഞ്ഞതിന്റെ പിറ്റേന്ന് യാതൊരു ഔദ്യോഗിക അറിയിപ്പും ഇല്ലാതെ ഈ ഇന്റർവ്യൂവിൽ പങ്കെടുത്ത മറ്റൊരാൾക്ക് ഒന്നാം റാങ്ക് ഉള്ളതായി പത്രവാർത്ത വന്നിരുന്നു. ഇത് ഡോ.സി.ജെ.ജോർജ്ജിനെ അകാരണമായി അയോഗ്യനാക്കുന്നതിന് തുല്യമാണ്. ഇക്കാര്യം ചൂണ്ടിക്കണിച്ചുകൊണ്ട് ഇന്റർവ്യൂ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ ഡോ.ജോർജ്ജും മറ്റ് ചില ഉദ്യോഗാർത്ഥികളും കേരള ഗവർണറായ ചാൻസലർക്കും, വൈസ് ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ കൗൺസിലിനും പരാതി നൽകിയിരിക്കുകയാണ്.
സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിച്ച അപേക്ഷകനെ പുറത്തുനിർത്താൻ വേണ്ടി ഗുണനിലവാര സംബന്ധിയായ യു. ജി. സിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്‌ക്രീനിങ് കമ്മിറ്റി വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങൾ, നിലവിലുള്ള ചട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് അയോഗ്യമാണെന്നു വിധിക്കുകയാണ് ഉണ്ടായിരിക്കുന്നത്. അക്കാദമികമായി ഉയർന്ന യോഗ്യതകളും സംഭാവനകളും മികച്ച അക്കാദമിക സ്‌കോറുമുള്ള ഡോ. ജോർജ്ജിനെ സെലക്ഷൻ കമ്മിറ്റി നിയമവിരുദ്ധമായി പുറന്തള്ളി എന്നാണ് ഇതിൽനിന്ന് ആർക്കും ബോധ്യപ്പെടുക.
സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളെന്ന നിലയിൽ പ്രവർത്തിച്ച ഭാഷാ വിഭാഗം ഡീനും സ്‌ക്രീനിങ് കമ്മിറ്റി അംഗവുമായ ഡോ. കെ.എം.അനിലും പഠനവകുപ്പു തലവനായ ഡോ. സോമനാഥനും ഈ നടപടി അനുചിതമാണെന്ന കാര്യം രേഖാമൂലംതന്നെ വൈസ് ചാൻസലറുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണ്. എന്നിട്ടും ഇക്കാര്യങ്ങളിൽ തിരുത്തൽ വരുത്താൻ യാതൊരു നടപടിയും കലിക്കറ്റ് സർവകലാശാലയുടെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല.
ഡോ. രാജേന്ദ്രൻ എടത്തുംകര, ഡോ. ജിസ ജോസ്, ഡോ. മഹേഷ് മംഗലാട്ട്, ഡോ. രാജശ്രീ ആർ, ഡോ. ദിനേശൻ വടക്കിനിയിൽ, ഡോ. സന്തോഷ് മാനിച്ചേരി, ഡോ.ജി.ഉഷാകുമാരി, ഡോ.രേഷ്മ ഭരദ്വാജ് തുടങ്ങിയവരും ഡോ. ജോർജിനായി രംഗത്തുവന്നിട്ടുണ്ട്. സ്‌ക്രീനിങ് കമ്മിറ്റി അംഗവും സ്‌കൂൾ ഓഫ് ലാംഗ്വേജസ് ഡയറക്ടരുമായിരുന്ന ഡോ. എം. വി. നാരായണൻ ഡോ. ജോർജ്ജിന്റെ പരാതിയെ മുൻനിർത്തി വൈസ് ചാൻസലർക്ക് എഴുതിയ കത്തിൽ മലയാള വിഭാഗം പ്രൊഫസർ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂവിൽ സംഭവിച്ചത് തികച്ചും അന്യായവും നിയമവിരുദ്ധവുമായ നടപടികളാണെന്നു ചൂണ്ടിക്കാണിച്ചിട്ടുമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.മലയാള അദ്ധ്യാപക ഇന്റർവ്യൂവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും രേഖകളും സൂക്ഷ്മമായി പരിശോധിച്ച് ശക്തവും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരെല്ലാം വൈസ് ചാൻസലറോടും സർവ്വകലാശാലാ സിണ്ടിക്കേറ്റിനോടും ആവശ്യപ്പെടുന്നത്.