- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തനംതിട്ടയിൽ റെഡ് അലർട്ട്
പത്തനംതിട്ട: ജില്ലയിൽ നാളെയും (19) മറ്റന്നാളും (20) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിൽ മഴ കനക്കുമെന്നാണ് സൂചന. ശനിയാഴ്ച രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകുന്നേരത്തോടെ എല്ലാ മേഖലകളിലും മഴ തുടങ്ങി. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ജില്ലയിൽ 21 ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 22 ന് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖാപിച്ചിട്ടുണ്ട്. ഈ ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ശബരിമല പാതയിൽ ളാഹയിൽ രണ്ടു മണിക്കൂറിനിടെ 121 മില്ലിമീറ്റർ മഴ പെയ്തു. കോന്നിയിൽ 66 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പത്തനംതിട്ടയിൽ രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 19 മുതൽ 23 വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് . ഗവിയുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനം ഉണ്ട് . രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ ക്വാറികൾ പ്രവർത്തിക്കാൻ പാടില്ലെന്ന് ഉത്തരവുണ്ട്.
റാന്നി പെരുനാട് മാടമൺ വള്ളക്കടവിന് സമീപം ശബരിമല ദർശനത്തിന് ശേഷം തിരിച്ചു വന്ന തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സിനു മുകളിൽ ശക്തമായ കാറ്റിലും മഴയെത്തും ബദാം മരം ഒടിഞ്ഞു വീണു. ഡ്രൈവർക്ക് നിസാര പരുക്കേറ്റു. ബസിന്റെ മുന്നിലെ ചില്ല് പൂർണമായും തകർന്നു.
കാലവർഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യതാ മുന്നറിയിപ്പുള്ളതിനാൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള അപകട ഭീഷണിയുയർത്തുന്ന വൃക്ഷങ്ങളും വൃക്ഷശാഖകളും ബന്ധപ്പെട്ടവർ അടിയന്തരമായി മുറിച്ച് മാറ്റണം. വീഴ്ച വരുത്തുന്ന പക്ഷം ഇതു സംബന്ധിച്ചുണ്ടാകുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കുമുള്ള ബാധ്യത വൃക്ഷങ്ങൾ നിൽകുന്ന ഭൂമിയുടെ ഉടമസ്ഥർക്കായിരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷണൻ അറിയിച്ചു.
രണ്ടു ദിവസമായി ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ എന്നിവയിലുള്ള ദുരന്ത സാധ്യതകൾ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതൽ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിങ് എന്നിവയും 23 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണൻ ഉത്തരവായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.
ഉദ്യോഗസ്ഥർ ഹാജരാകണം
ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ എന്നിവയിലുള്ള ദുരന്ത സാധ്യതകൾ നിലനിൽക്കുന്നതിനാലും ദുരന്തനിവാരണ പ്രവർത്തനങ്ങളും മറ്റു അനുബന്ധ പ്രവർത്തനളും സുഗമമായും സമയബന്ധിതമായും നിർവഹിക്കുന്നതിനും ഇന്ന് (19) മുതൽ മെയ് 23 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസിൽ ഹാജരക്കേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അഥോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളിൽ കൃത്യമായി ഹാജരാകാൻ നിർദ്ദേശിക്കേണ്ടതും, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി/ അഥോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളിൽ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണൻ ഉത്തരവായി. ഗർഭിണികൾ, അംഗപരിമിതർ, മറ്റ് ആരോഗ്യപ്രശ്നങ്ങളാൽ നിലവിൽ അവധിയിൽ പ്രവേശിച്ചിരിക്കുന്നവർ എന്നിവർക്ക് ഉത്തരവ് ബാധകമല്ല.
ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു.
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയുടെ സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യതകൾ ഒഴിവാക്കുന്നതിലേക്കായി നാളെ മുതൽ 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവർത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമ്മാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണൻ ഉത്തരവായി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം2005 പ്രകാരം കർശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അതത് താലൂക്കുകളിലെ കൺട്രോൾ റൂമുകളിൽ പരാതിപ്പെടാവുന്നതാണ്.