- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നവീകരിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണത്തിന് വന്ന വെള്ളാപ്പള്ളിയെ വരവേൽക്കാൻ മഞ്ഞയ്ക്കൊപ്പം ചുവപ്പ് തോരണം; സമുദായത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമെന്ന് പറഞ്ഞ് ശാഖാംഗങ്ങളുടെ ബഹിഷ്കരണം; അടൂർ അങ്ങാടിക്കൽ തെക്ക് എസ്എൻഡിപി ശാഖായോഗത്തിന്റെ പരിപാടിയിൽ സിപിഎമ്മിന്റെ തോരണം കെട്ടിയതിനെതിരേ പ്രതിഷേധം
അടൂർ: അങ്ങാടിക്കൽ തെക്ക് 171-ാം നമ്പർ എസ്എൻഡിപി ശാഖായോഗം വക ഗുരുമന്ദിരത്തിലെ നവീകരിച്ച പ്രതിഷ്ഠയുടെ സമർപ്പണ ചടങ്ങിനോട് അനുബന്ധിച്ച് മഞ്ഞയ്ക്കൊപ്പം ചുവപ്പ് തോരണം തൂക്കിയതിൽ പ്രതിഷേധം വ്യാപകം. ശാഖായോഗാംഗങ്ങളിൽ ഒരു വിഭാഗം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുത്ത സമർപ്പണ ചടങ്ങ് ബഹിഷ്‌കരിച്ചു.
അങ്ങാടിക്കൽ തെക്ക് എസ്എൻവിഎച്ച്എസ്എസ് അങ്കണത്തിലുള്ള ഗുരുമന്ദിരത്തിലാണ് കഴിഞ്ഞ ഞായറാഴ്ച പുനഃപ്രതിഷ്ഠ നടന്നത്. ശിവഗിരി മഠത്തിൽ നിന്നുള്ള സ്വാമി ഋതംഭരാനന്ദയുടെ കാർമികത്വത്തിൽ തന്ത്രി രാമാനന്ദനാണ് പുനഃപ്രതിഷ്ഠ നിർവഹിച്ചത്. അന്നു തന്നെ സമർപ്പണ ചടങ്ങും നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സ്വാമി ഋതംഭരാനന്ദയും അത്ര രസത്തില്ലാത്തതിനാൽ സമർപ്പണ ചടങ്ങ് ചൊവ്വാഴ്ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഗുരുമന്ദിര സമർപ്പണത്തിനൊപ്പം വിദ്യാഭ്യാസ അവാർഡ് വിതരണവും ഉണ്ടായിരുന്നു. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് അവാർഡ് വിതരണം നിർവഹിച്ചു.
പരിപാടിക്ക് മുന്നോടിയായി സ്‌കൂൾ പരിസരവും ഗുരുമന്ദിരത്തിന് സമീപവും അലങ്കരിച്ചിരുന്നു. സ്‌കൂൾ കോമ്പൗണ്ടിന് പുറത്ത് മഞ്ഞക്കൊടിയും തോരണങ്ങളും നിരന്നു. എന്നാൽ, ഉള്ളിലാകട്ടെ ചുവന്ന തോരണവും വലിച്ചു കെട്ടി. ഇത് സ്‌കൂൾ മാനേജർ അടക്കമുള്ളവരുടെ രാഷ്ട്രീയ അജണ്ടയാണെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം ബഹിഷ്‌കരിച്ചത്. സ്‌കൂൾ കോമ്പൗണ്ടിലുള്ള ഗുരുമന്ദിരം ശാഖാംഗങ്ങൾക്ക് ആരാധന നടത്താൻ ഉതകുന്നതല്ലെന്ന് അവർ പറയുന്നു. സ്‌കൂൾ സമയത്ത് ഇവിടേക്ക് പുറമേ നിന്ന് ആർക്കും പ്രവേശിച്ച് ആരാധന നടത്താൻ കഴിയില്ലെന്ന ന്യായമാണ് ഇവർ പറയുന്നത്.
സ്‌കൂൾ മാനേജരുടെ രാഷ്ട്രീയം കൊണ്ടു വന്ന് ശാഖാ യോഗം ഹൈജാക്ക് ചെയ്യാനുള്ള ശ്രമം നടത്തുന്നത് എതിർക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ മുന്നറിയിപ്പ്. സമർപ്പണത്തോട് അനുബന്ധിച്ച് പത്രത്തിൽ ഇറക്കിയ സപ്ലിമെന്റിൽ അടൂർ യൂണിയൻ നേതാക്കളുടെ ചിത്രത്തിനാണ് പ്രാധാന്യം നൽകിയതെന്നും പറയുന്നു. ശാഖാ യോഗത്തിന്റെ ഭാരവാഹികളുടെ ചിത്രം ഒഴിവാക്കിയതും പ്രതിഷേധത്തിന് കാരണമായി
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്