കോട്ടയം: ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിനെ മറക്കാറായിട്ടില്ല. നഗരസഭാ പരിധിയിൽ പാർത്ഥ കൺവൻഷൻ സെന്റർ നിർമ്മിച്ച പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയ്ക്കു പിന്നിലെ യഥാർഥ കാരണം എന്തായാലും, 15 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിക്കാത്തതിന്റെ മനോവിഷമം സാജനുണ്ടായിരുന്നു എന്ന് കാര്യത്തിൽ തർക്കമില്ല. ആന്തൂർ നഗരസഭയെയും അദ്ധ്യക്ഷ പി കെ ശ്യാമളയെയുമാണ് സാജന്റെ കുടുംബം അന്ന് പ്രതിക്കൂട്ടിൽ നിർത്തിയത്. കേരളം വ്യവസായ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നെങ്കിലും സർക്കാർ സംവിധാനം അങ്ങനെ മാറിയോ എന്ന ചോദ്യമാണ് പത്തനംതിട്ട ഏഴംകുളം നെടുമണ്ണിലെ യുവ വ്യവസായി അനസ് എ അനീസിന്റെയും കൂട്ടുകാരുടെയും അനുഭവം സൂചിപ്പിക്കുന്നത്. ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് അനസ്.

'ജീവിതത്തിന്റെ അവസാന പാദത്തിൽ നിൽക്കുന്ന ഒരു വ്യക്തിയുടെ അപേക്ഷയായി കണക്കാക്കണം. ഇനി ഒരു പക്ഷേ ഞാൻ അടുത്ത പരാതി നൽകി അങ്ങയെ ബുദ്ധിമുട്ടിക്കില്ല. അങ്ങയുടെ ഒഴിവുകഴിവുള്ള മറുപടികൾ എന്റെ ജീവിതം അവസാനിപ്പിക്കാനുള്ള സമ്മതമായി കണക്കാക്കുന്നു.- സസ്നേഹം അനസ് എ.അസീസ്, അജി ഭവനം, നെടുമൺ, ഏഴംകുളം അടൂർ.''മുഖ്യമന്ത്രിക്ക് ഓഗസ്റ്റ് 26 ന് അനസ് അയച്ച കത്തിന്റെ അവസാന ഭാഗമാണിത്.

നാട്ടിൽ ബിസിനസ് തുടങ്ങാൻ എത്തി കൈ പൊള്ളി

'സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണ്. അഴിമതി വച്ചു പൊറുപ്പിക്കില്ല. ചില ഉദ്യോഗസ്ഥർ വ്യവസായികളിൽ നിന്നും പണം വാങ്ങുന്നതായി കേൾക്കുന്നു. അവർക്ക് വീട്ടിൽ നിന്ന് അധിക നാൾ ഭക്ഷണം കഴിക്കാനാകില്ല. അങ്ങനെയുള്ളവർക്ക് ജയിലുകളിൽ നിന്നും ഭക്ഷണം കഴിക്കാം', മുഖ്യമന്ത്രി ഫെബ്രുവരിയിൽ പറഞ്ഞ വാക്കുകളാണിത്. നിക്ഷേപ സൗഹൃദമാണ് കേരളം എന്ന വാക്കുകൾ കേട്ട് തെറ്റിദ്ധരിച്ചാണ് വിദേശത്തെ ജോലി ഇപേക്ഷിച്ച് അനസും കൂട്ടുകാരും ബിസിനസ് തുടങേങിയത്.

സൗദിയിൽ ജോലി ചെയ്യവെയാണ് അനസും സുഹൃത്തുക്കളും മറ്റു കുടുംബാംഗങ്ങളും ചേർന്ന് നാട്ടിൽ വ്യവസായത്തിനായി സ്ഥലം വാങ്ങിയത്. കാനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ നിന്ന് 1.25 കോടി രൂപ 2017ൽ വായ്പ എടുക്കുകയും ചെയ്തു. സൗദിയിൽ പോയി ജോലി നോക്കി സ്വരുക്കൂട്ടിയതും ഒന്നരക്കോടി ബാങ്ക് വായ്പയും ചേർത്ത് നാലുകോടി മുടക്കിയാണ് അനസ് മൂന്ന് ചങ്ങാതിമാരെ കൂട്ടി മൂന്നാർ ദേവികുളം ആനവിരട്ടി വില്ലേജിൽ പള്ളിവാസൽ പഞ്ചായത്തിലെ കല്ലാറിൽ സ്ഥലം വാങ്ങി റിസോർട്ടിന് പദ്ധതിയിട്ടത്. 2016-ലാണ് 78 സെന്റ് സ്ഥലം വാങ്ങി റിസോർട്ട് നിർമ്മിക്കാൻ പദ്ധതിയിട്ടത്. എല്ലാ ഔദ്യോഗിക രേഖകളും നിയമപരമായി ലഭിച്ചു. കെട്ടിടം 80 ശതമാനം പൂർത്തിയായപ്പോൾ 2018-ൽ പെട്ടെന്ന് ഒരുദിവസം നിരാക്ഷേപ സാക്ഷ്യപത്രം( നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഇല്ല എന്ന പേരിൽ പള്ളിവാസൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമോ നൽകി.

പ്രശനം തീർക്കാൻ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും പലതവണ നേരിൽ കണ്ടു. ഒടുവിൽ സ്റ്റോപ്പ് മെമോ നൽകിയതിനെതിരേ അനസും സുഹൃത്തുക്കളും ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി പഞ്ചായത്തിനോട് വിശദീകരണം തേടി. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പറയുന്ന രേഖകൾ എല്ലാം പരിശോധിച്ച് ബോധ്യപ്പെട്ടശേഷമാണ് പള്ളിവാസൽ പഞ്ചായത്ത് കെട്ടിടനിർമ്മാണ അനുമതി നൽകിയത്. മറ്റ് രേഖകളും ഹാജരാക്കിയിരുന്നു. നിർമ്മാണാനുമതി അനുവദിച്ച സമയത്ത് കളക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്ര നിബന്ധന പുറപ്പെടുവിച്ചിരുന്നില്ല. അതിനാൽ നിർമ്മാണ അനുമതി നൽകിയതിൽ വീഴ്ചയില്ലെന്ന് പള്ളിവാസൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി 2018 ഡിസംബറിൽ കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.

ജില്ലാ കളക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രം നിർബന്ധമാക്കി ദേവികുളം ആർ.ഡി.ഒ. 2018 ഏപ്രിൽ ഏഴിന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണാനുമതി റദ്ദുചെയ്തതെന്നുംകൂടി സെക്രട്ടറി കോടതിയെ അറിയിച്ചു. റിസോർട്ട് തുറന്നുപ്രവർത്തിക്കാൻ രണ്ടു മാസം മാത്രം ബാക്കിനിൽക്കെ 2018 ഏപ്രിൽ 16നാണ് സ്റ്റോപ് മെമോ വരുന്നത്. എന്നാൽ സ്റ്റോപ് മെമോയിൽ പറഞ്ഞിരിക്കുന്ന കെട്ടിട നിർമ്മാണ പെർമിറ്റ് ഇവരുടെ കെട്ടിടവുമായി ബന്ധമില്ലാത്തതാണെന്നും അത് 2016ൽ റദ്ദാക്കിയതാണെന്നും പരാതിക്കാർ പറയുന്നു

ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല

നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് തരാത്തതിന് വ്യക്തമായ കാരണം പറയുന്നില്ല. സർക്കാർ നയമാണ് ഇതെന്നാണ് പറഞ്ഞത്. ഈ ഉത്തരവ് വന്നതിനുശേഷം ആർക്കും നിരാക്ഷേപ പത്രം ലഭിച്ചിട്ടില്ല. ഏതാണ്ട് 300ൽ അധികം പേരെ ഈ നടപടി ബാധിച്ചിട്ടുണ്ടെന്നും അനസ് പറയുന്നു. നടപടി പുനഃപരിശോധിക്കണമെന്ന കോടതി ഉത്തരവിന്മേൽ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് ഇങ്ങനെയാണ്: നിലവിൽ ഉള്ള നിയമ ചട്ടങ്ങൾക്ക് അനുസൃതമായി ഹർജിക്കാർക്ക് കെട്ടിട നിർമ്മാണാനുമതി അനുവദിച്ചുനൽകിയതിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അപാകതകൾ സംഭവിച്ചില്ല. എന്നാൽ റവന്യൂ വകുപ്പിന്റെ നിർദ്ദേശങ്ങൾ അതിന്റെ പ്രാധാന്യത്തോടെ പരിഗണിക്കണം എന്നുള്ളതിനാലാണ് കെട്ടിട നിർമ്മാണാനുമതി റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചത്. മറിച്ചൊരു നിർദ്ദേശം ലഭിക്കുന്നതുവരെ ഈ തീരുമാനം പുനഃപരിശോധിക്കേണ്ടതില്ല.

ആത്മഹത്യയുടെ വക്കിൽ

.ഇന്ന് പദ്ധതിക്കായി നിർമ്മിച്ച കെട്ടിടം കാടുകയറി നാശത്തിന്റെ വക്കിലാണ്. കൂടാതെ ബാങ്കിന്റെ വക ജപ്തിനടപടികളും നേരിടുന്നു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരാതി നൽകിയിരുന്നു. എന്നാൽ പരാതി പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ടെന്നും തീർപ്പാക്കുന്ന മുറയ്ക്ക് മറുപടി ലഭിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് മറുപടിയായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞകാര്യങ്ങൾ തന്നെയാണ് ലഭിച്ചതെന്നും അനസ് പറയുന്നു. തനിക്കും അച്ഛനും അമ്മയും വല്യമ്മയും ഉൾപ്പെടുന്ന ഏഴു പേരടങ്ങുന്ന കുടുംബത്തിനും ജീവിതം അവസാനിപ്പിക്കാനുള്ള സമ്മതം വസ്തു ലേലം ചെയ്യുന്ന ദിവസത്തിനുമുൻപ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

കടങ്ങൾ വീട്ടാനും കേസ് നടത്തിപ്പിനുമായി കൈയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ തീർത്തു. വീടുകൾ വിറ്റ് ഇപ്പോൾ വാടകവീട്ടിലാണ് താമസം. ഈ ഘട്ടത്തിൽ പലിശയും മുതലും ചേർത്ത് 1.83 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കണമെന്ന് ബാങ്ക് നോട്ടിസ് നൽകുകയും ചെയ്തു. ഇതോടെയാണ് മുഖ്യമന്ത്രിക്ക് കത്തയയ്ക്കാൻ നിർബന്ധിതരായത്.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും നാടിന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പലവട്ടം പറഞ്ഞിട്ടുണ്ട്. 'ആർക്കുവേണമെങ്കിലും വ്യവസായം തുടങ്ങാം. ചെറുകിട- വൻകിട വ്യവസായികൾക്ക് മൂന്ന് വർഷം കൊണ്ട് ലൈസൻസ് അടക്കമുള്ളവ എടുത്താൽ മതി. വേഗത്തിൽ നിക്ഷേപം തുടങ്ങാനുള്ള സൗകര്യമുണ്ട്. തൊഴിൽ നൽകാൻ എത്തുന്നവരോട് ശത്രുത മനോഭാവം പാടില്ല': മുഖ്യമന്ത്രി ഇതാവർത്തിച്ച് പറഞ്ഞാലും സർക്കാർ കാര്യം മുറ പോലെ തന്നെ. ചുവപ്പുനാടയിൽ പെട്ട് എത്ര ജീവിതങ്ങളാണ് കുരുങ്ങി കിടക്കുന്നത്.