- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രജിസ്റ്റേര്‍ഡ് തപാലിന് മിനിമം ചാര്‍ജ് 26രൂപ; സ്പീഡ് പോസ്റ്റിന് 42രൂപയും; വിശ്വാസ്യതയും താങ്ങാനാവുന്ന നിരക്കും നിയമസാധുതയും ഹിറ്റാക്കിയ പോസ്റ്റല്‍ വിപ്ലവം; ഈ പിന്‍വലിക്കല്‍ ഗ്രാമീണ മേഖലയില്‍ പ്രതിസന്ധിയാകും; സ്വകാര്യ കുറിയര്‍ കമ്പനികള്‍ക്ക് കോളടിക്കും; രജിസ്റ്റേര്‍ഡ് പോസ്റ്റ് നൊസ്റ്റാള്‍ജിയ ആകുമ്പോള്‍
തിരുവനന്തപുരം: പോസ്റ്റ് ഓഫീസുകളില്‍ നിന്നും രജിസ്റ്റേര്‍ഡ് തപാല്‍ ഇല്ലാകുമ്പോള്‍ ചെലവ് കൂടുക സാധാരണക്കാര്‍ക്ക്. ഇനി സ്പീഡ് പോസ്റ്റ് മാത്രമേ പോസ്റ്റ് ഓഫീസുകളില്‍ ഉണ്ടാകൂ. സെപ്തംബര്‍ ഒന്നുമുതലാണ് രജിസ്റ്റേര്‍ഡ് തപാല്‍ അപ്രത്യക്ഷമാകും. ഈ രജിസ്റ്റേര്‍ഡ് പോസ്റ്റ് നിര്‍ത്തലാക്കാന്‍ തപാല്‍ വകുപ്പ് ഉത്തരവിറക്കി. ഇത് ഉപയോക്താക്കളെ ബാധിക്കുമെന്നതാണ് വസ്തുത. രജിസ്റ്റേര്‍ഡ് തപാലിന് മിനിമം ചാര്‍ജ് 26രൂപയാണ്. എന്നാല്‍, സ്പീഡ് പോസ്റ്റിന് 42രൂപയും. ബ്രിട്ടീഷുകാരുടെ കാലത്താണ് രജിസ്റ്റേര്‍ഡ് തപാല്‍ സൗകര്യം നിലവില്‍വന്നത്. ഈ സംവിധാനത്തിന് വിശ്വാസ്യതയും കൃത്യതയും ഏറെയായിരുന്നു. അതുകൊണ്ട് തന്നെ കത്തയച്ചുവെന്ന് തെളിവുണ്ടാക്കാനും മറ്റും ഈ രീതി ഉപയോഗിച്ചു. ഇനി അതിന് കഴിയില്ല.
രജിസ്റ്റേര്‍ഡ് തപാല്‍ മേല്‍വിലാസക്കാരന്റെ കൈയില്‍ ലഭിക്കുന്നത് ഉറപ്പാക്കുമായിരുന്നു. മേല്‍വിലാസക്കാരന്‍ നേരിട്ട് ഒപ്പിട്ടാണ് തപാല്‍ ഉരുപ്പടി വാങ്ങുന്നത്. മറ്റൊരാള്‍ക്ക് ലഭിക്കില്ലായിരുന്നു. ഈ രേഖ തിരച്ച് അയയ്ക്കുന്ന ആളിനും കിട്ടും. കോടതി വ്യവഹാരത്തിനും മറ്റും ഇത് ഗുണകരവുമായിരുന്നു. എന്നാല്‍, സ്പീഡ് പോസ്റ്റില്‍ ഉരുപ്പടികള്‍ മേല്‍വിലാസത്തിലെ വീടുകളിലോ സ്ഥാപനത്തിലോ എത്തിക്കുക മാത്രമാണ് ചെയ്യുക. ബാങ്കുകള്‍, പാസ്പോര്‍ട്ട് ഓഫീസ്, പിഎസ്സി, കോടതി, പൊലീസ്, മറ്റ് സര്‍ക്കാര്‍ ഓഫീസ് രേഖകള്‍ തുടങ്ങിയവ രജിസ്റ്റേര്‍ഡ് തപാലിലാണ് അയക്കുന്നത്. ഇതെല്ലാം സ്പീഡ് പോസ്റ്റിലേക്ക് മാറുമ്പോള്‍ കൃത്യത കുറയും. മറ്റ് കുറിയര്‍ കമ്പനികള്‍ക്ക് സാധ്യതയും കൂടും. ഇത് പോസ്റ്റല്‍ വകുപ്പിന് തിരിച്ചടിയാകാനും സാധ്യത ഏറെയാണ്.
തപാല്‍ വകുപ്പിന്റെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനം സ്പീഡ് പോസ്റ്റുമായി സേവനം ലയിപ്പിക്കാനാണ് തീരുമാനം. വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമസാധുത എന്നിവയാലാണ് രജിസ്റ്റേര്‍ഡ് പോസ്റ്റ് ജനപ്രീതി നേടിയിരുന്നത്. ജോലി ഓഫറുകള്‍, നിയമനോട്ടീസുകള്‍, സര്‍ക്കാര്‍ കത്തിടപാടുകള്‍ എന്നിവ അയക്കാനാണ് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നത്. രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനമാണ് തപാല്‍ വകുപ്പ് അവസാനിപ്പിക്കുന്നതെങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം അവസാനിക്കുന്നുവെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്.
2011-12 ല്‍ 244.4 ദശലക്ഷം രജിസ്റ്റേര്‍ഡ് പോസറ്റുകള്‍ ഉണ്ടായിരുന്നത് 2019-20 ല്‍ 184.6 ദശലക്ഷമായി 25% കുറഞ്ഞു. ഡിജിറ്റല്‍ സേവനങ്ങളുടെ വ്യാപനവും സ്വകാര്യ കൊറിയര്‍, ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് സേവനങ്ങളുടെ മത്സരവും ഇതിന് കാരണമായതായാണ് വിലയിരുത്തല്‍. സ്പീഡ് പോസ്റ്റിന് കീഴില്‍ സേവനങ്ങള്‍ ഏകീകരിച്ച് ട്രാക്കിങ് കൃത്യത, വേഗത, പ്രവര്‍ത്തനക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാല്‍വകുപ്പ് ലക്ഷ്യംവെക്കുന്നത്. എന്നാല്‍ കുറിയറുകള്‍ക്ക് ഇത് ഗുണകരമായി മാറും. സ്പീഡ് പോസ്റ്റിന്റെ ഉയര്‍ന്ന നിരക്ക് സ്ഥിരമായി രജിസ്റ്റേര്‍ഡ് പോസ്റ്റ് ഉപയോഗിച്ചിരുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
രജിസ്റ്റേര്‍ഡ് പോസ്റ്റിന് 25.96 രൂപയും ഓരോ 20 ഗ്രാമിനും 5 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍ സ്പീഡ് പോസ്റ്റിന് 50 ഗ്രാമിന് 41 രൂപയാണ് നിരക്ക്, ഇത് 20-25% കൂടുതലാണ്. ഈ വില വര്‍ധന ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ തപാല്‍ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍ എന്നിവരെ ബാധിച്ചേക്കും. ബാങ്കുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ രജിസ്റ്റേര്‍ഡ് പോസ്റ്റുകളെ കൂടുതല്‍ ആശ്രയിച്ചിരുന്നു. ഇവരെല്ലാം ഇനി സ്വകാര്യ കുറിയര്‍ കമ്പനികളിലേക്ക് മാറാനും സാധ്യത ഏറെയാണ്.
കഴിഞ്ഞ രണ്ടുവര്‍ഷമായി തപാല്‍ ഓഫീസുകള്‍ ഒരേ ബാഗിലാണ് ഇവ മറ്റ് ഓഫീസിലേക്ക് അയക്കുന്നത്. രാജ്യത്ത് എവിടെയും സ്പീഡ് പോസ്റ്റ് 2-3 ദിവസത്തില്‍ ലഭിക്കുമ്പോള്‍ രജിസ്റ്റേര്‍ഡ് പോസ്റ്റ് 2 മുതല്‍ 7 ദിവസംവരെ എടുക്കും. വിലാസത്തിലുള്ള വ്യക്തിതന്നെ നേരിട്ട് കൈപ്പറ്റണം എന്നാണ് വ്യവസ്ഥ. 1986ലാണ് സ്പീഡ് പോസ്റ്റ് ആരംഭിച്ചത്. തപാല്‍ ഉരുപ്പടികള്‍ റോഡ് മാര്‍ഗം കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് രജിസ്റ്റേര്‍ഡ് പോസ്റ്റും സ്പീഡ് പോസ്റ്റും തമ്മില്‍ വ്യതാസമില്ലാതായത്.