ചെന്നൈ: ഗാൽവാനിൽ വീരമൃത്യു വരിച്ച പരംവീരചക്ര നായിക് ദീപക് സിങ്ങിന്റെ പ്രിയപത്‌നി രേഖാസിങ് ഇനി സൈനിക സേവനത്തിന്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ രേഖ സിങ് ലഫ്റ്റനന്റ് ഓഫിസറായാണ് സൈന്യത്തിൽ ചേർന്നത്. ദീപക് സിങ് രാജ്യത്തിനായി ജീവൻ വെടിഞ്ഞ അതേ കമാൻഡായ കിഴക്കൻ ലഡാക് കമാൻഡിലാണ് രേഖ ചുമതലയേറ്റത്.

ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്ന് വ്യാഴാഴ്ചയാണ് രേഖാ സിങ് പാസായത്. പിന്നാലെ ആർമി ഓർഡനൻസ് കോർപ്‌സ് അനുവദിച്ചു. ലഡാക്കിലേക്ക് ആദ്യ പോസ്റ്റിങ്. അവിടെയാണ് ദീപക് അവസാനമായി ജോലി നോക്കിയിരുന്നത്.

'അഭിമാനം, വീരനാരി' എന്ന ഹാഷ്ടാഗോടെയാണ് ലഫ്റ്റനന്റായി രേഖ കമ്മിഷൻ ചെയ്ത വാർത്ത സൈന്യം പങ്കുവച്ചത്. രേഖയ്ക്ക് പുറമെ അഞ്ച് വനിതാ ഓഫിസർമാർകൂടി ശനിയാഴ്ച സൈന്യത്തിൽ ചേർന്നു. മധ്യപ്രദേശിലെ രേവാ ജില്ലയാണ് 24 വയസ്സുകാരിയായ രേഖയുടെ സ്വദേശം. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലാണ് രേഖയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടത്.

2020 ജൂണിൽ രാജ്യത്തിന്റെ അതിർത്തി കാക്കാൻ ചൈനീസ് സൈനികരോട് പോരാടി രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ഭർത്താവിന്റെ കടമകൾ പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന്  രേഖ പറഞ്ഞു.

കരസേനയിൽ നഴ്‌സിങ് അസിസ്റ്റന്റായിരുന്നു നായിക് ദീപക് സിങ്. ഗാൽവനിലെ യുദ്ധസാഹചര്യത്തിൽ സൈനികർക്ക് വൈദ്യസഹായം നൽകുന്നതിനായാണ് ദീപക് മുൻനിരയിലേക്ക് നീങ്ങിയത്. കല്ലേറിൽ ഗുരുതരമായ പരിക്കുകൾ ഏറ്റെങ്കിലും അത് വകവയ്ക്കാതെ അദ്ദേഹം സൈനികർക്ക് വൈദ്യസഹായം നൽകുന്നത് തുടർന്നു. മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് മുപ്പതോളം സൈനികരുടെ ജീവനാണ് ദീപക് സിങ് രക്ഷിച്ചത്. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് വീർചക്ര നൽകി രാജ്യം ആദരിച്ചു.

ഗാൽവനിലെ ഏറ്റുമുട്ടലിന് ഏഴ് മാസം മുമ്പ്, 2019 നവംബറിലാണ് ദീപക് രേഖയെ വിവാഹം കഴിച്ചത്. പിന്നാലെ മെഡിക്കൽ കോർപ്സിൽ നിന്ന്, ഗാൽവാൻ താഴ് വരയിൽ വിന്യസിച്ചിരുന്ന ബീഹാർ റെജിമെന്റിന്റെ 16-ാം ബറ്റാലിയനിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ രേഖ സിങ്ങിനെ യുപിഎസ്‌സി പരീക്ഷയെഴുതാൻ സൈന്യമാണ് പ്രോത്സാഹിപ്പിച്ചത്. പരീക്ഷയും അലഹബാദിൽ നടന്ന അഞ്ച് ദിവസത്തെ എസ്എസ്ബി ഇന്റർവ്യൂവും വിജയിച്ചാണ് രേഖ സൈനിക ക്യാമ്പിലെത്തിയത്.