- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈജു കുറുപ്പിന് തിരക്കഥ വായിക്കാൻ അയച്ചുകൊടുത്തു; അതേ തിരക്കഥ വേറെ തിരക്കഥ എന്ന രീതിയിൽ സിനിമയാക്കി; പൊറാട്ട് നാടകം സിനിമയുടെ റിലീസിന് വിലക്ക്; പോസ്റ്റ് പ്രൊഡക്ഷൻ ജോലിക്കിടെയാണ് തങ്ങളുടെ സ്ക്രിപ്റ്റ് തട്ടിയെടുത്ത വിവരം ശ്രദ്ധയിൽ പെട്ടതെന്ന് പരാതിക്കാർ
കൊച്ചി: സിദ്ദിഖിന്റെ സഹ സംവിധായകനായിരുന്ന നൗഷാദ് സഫ്രോണിന്റെ ആദ്യചിത്രമായ 'പൊറാട്ട് നാടകം' സിനിമയുടെ റിലീസിന് വിലക്ക്. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ. പകർപ്പവകാശ നിയമ ലംഘനത്തിന്റെ പേരിൽ, എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിലക്ക് ഏർപ്പെടുത്തിയത്. സിനിമയുടെ സെൻസറിങ്ങും റിലീസും നിലവിലുള്ള സാഹചര്യത്തിൽ നടക്കില്ല. എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണനും നിർമ്മാതാവ് അഖിൽ ദേവുമാണ് സിനിമയ്ക്കെതിരേ പരാതി നൽകിയത്.
വിവിയൻ രാധാകൃഷ്ണന്റേതാണ് ഈ സിനിമയുടെ യഥാർഥ തിരക്കഥയെന്നാണ് അവകാശവാദം. 'ശുഭം' എന്നു പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാൻ എൽഎസ്ഡി പ്രൊഡക്ഷൻസ് മാനേജിങ് ഡയറക്ടർ ആയ അഖിൽ ദേവിന് വർഷങ്ങൾക്കു മുൻേപ വിവിയൻ കൈമാറിയിരുന്നു. തുടർന്ന് നായക വേഷം ചെയ്യുന്നതിനായി അഖിൽ ദേവ് മുഖേനെ വിവിയൻ രാധകൃഷ്ണൻ നടൻ സൈജു കുറുപ്പിനെ സമീപിച്ചു. അദ്ദേഹത്തിന് വായിക്കാൻ സ്ക്രിപ്റ്റ് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന രീതിയിൽ 'പൊറാട്ട് നാടകം' എന്ന പേരിൽ ഇവർ സിനിമയാക്കിയെന്നാണ് അഖിൽ ദേവും വിവിയൻ രാധാകൃഷ്ണനും ആരോപിക്കുന്നത്.
നൗഷാദ് സഫ്രോൺ സംവിധാനം ചെയ്ത ഈ സിനിമ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടന്നിരുന്നു. എമിറേറ്റ്സ് പ്രോഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കരയും ഗായത്രി വിജയനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, സുനിൽ സുഖദ, നിർമ്മൽ പാലാഴി, ബാബു അന്നൂർ, അഡ്വ.ഷുക്കൂർ (ന്നാ താൻ കേസ് കൊട് ഫെയിം ) അനിൽ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥൻ കോറോത്ത്, ജിജിന, ചിത്രാ നായർ, ഗീതി സംഗീത എന്നിവരും പ്രധാന താരങ്ങളാണ്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുമ്പോഴാണ് തങ്ങളുടെ തിരക്കഥ തട്ടിയെടുത്ത വിവരം ശ്രദ്ധയിൽപ്പെട്ടതെന്ന് വിവിയൻ രാധാകൃഷ്ണനും അഖിൽ ദേവും പറയുന്നു.അഡ്വ. സുകേഷ് റോയിയും അഡ്വ. മീര മേനോനും മുഖേന നൽകിയ പരാതിയിലാണ് വിധിയെന്ന് അഖിൽ ദേവ് ഇൻസ്റ്റയിൽ വ്യക്തമാക്കി. തങ്ങളുടെ കയ്യിൽ തിരക്കഥ അയച്ചുകൊടുത്തതിന് എല്ലാ തെളിവും ഉണ്ടെന്നും അഖിൽദേവ് പറഞ്ഞു.
അഖിൽ ദേവിന്റെ ഫേസ്ബുക്കിലെ കുറിപ്പ് ഇങ്ങനെ
സൈജു കുറുപ് നായകനായി എമിറേറ്റ്സ് പ്രോഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കരയും, ഗായത്രി വിജയനും ചേർന്ന് നിർമ്മിച്ച സുനീഷ് വാരനാടിന്റെ തിരക്കഥയിൽ നൗഷാദ് സഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം' എന്ന സിനിമ എറണാംകുളം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ സെൻസറിങ്ങിനും തുടർന്നുള്ള റിലീസിങ്ങിനും 30/10/2023ന് വിലക്ക് കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
എഴുത്തുകാരനും സംവിധാകനുമായ വിവിയൻ രാധാകൃഷ്ണന്റെതാണ് യഥാർത്ഥ തിരക്കഥ, 'ശുഭം' എന്ന പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയക്കാൻ വിവിയൻ രാധകൃഷ്ണൻ വർഷങ്ങൾക്ക് മുൻപേ എഗ്രീമെന്റോട് കൂടെ എനിക്ക് കൈമാറിയതാണ് . ആ കാലയളവിൽ തന്നെ അതിൽ നായകനാവാൻ ഞാൻ മുഖേനെ വിവിയൻ രാധാകൃഷ്ണൻ സൈജു കുറുപ്പിനെ സമീപിക്കുകയും തിരക്കഥ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് 'പൊറാട്ട് നാടകം' എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടെയാണ് ഞങ്ങളുടെ സ്ക്രിപ്റ്റ് തട്ടിയെടുത്ത വിവരം ശ്രദ്ധയിൽ പെടുന്നത്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് അഡ്വ. സുകേഷ് റോയിയും, അഡ്വ.മീര മേനോനും മുഖേനെ നൽകിയ പരാതിയിലാണ് വിധി.
മനുഷ്യത്വമില്ലാത്ത രീതിയിൽ സിനിമാ മേഖലയിൽ ഈയിടെയായി ഇത്തരം കേസുകൾ നിരവധിയുണ്ട് , എന്ത് ചെയ്യണമന്നറിയാതെയും, ഭീഷണികളും കാരണം ആരും ഇതു പുറത്തു പറയാറില്ല , ഇത്തരത്തിൽ സ്വാർത്ഥ ചിന്താഗതിയോടെ മറ്റുള്ളവരുടെ കഴിവുകളും അംഗീകാരങ്ങളും തട്ടിയെടുത്ത് ജനമധ്യത്തിൽ പേരെടുത്ത് നിൽക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അഖിൽദേവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ