തിരുവനന്തപുരം: ഉച്ചയ്ക്ക് ഫോൺ ഓണാക്കിയവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. റീസ്റ്റാർട്ട് ചെയ്ത് നോക്കിയും ഫ്ലൈറ്റ് മോഡിലാക്കി നോക്കിയിട്ടും ഒരു മാറ്റവുമില്ല. പണികൊടുത്തത് ആകട്ടെ സാക്ഷാൽ ജിയോ നെറ്റ്‌വര്‍ക്ക്. ഇതോടെ ആൾക്കാരുടെ പരാതിയും വ്യപകമായി. കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനങ്ങൾ തടസപ്പെട്ടു.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായെന്ന് വിവരങ്ങൾ. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതായും കാണാം.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിയോ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഡൗണ്‍ഡിറ്റക്റ്ററില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം ഏഴായിരത്തിലേറെ പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തി. ഡൗണ്‍ഡിറ്റക്റ്ററില്‍ സമര്‍പ്പിക്കപ്പെട്ട പരാതികള്‍ മാത്രമാണിത്. ജിയോ സേവനങ്ങളിലെ തടസ്സം ബാധിച്ച ഉപഭോക്താക്കളുടെ എണ്ണം ഇതിലും ഏറെയായിരിക്കും.

ജിയോയുടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് ലഭ്യമല്ല എന്നായിരുന്നു കൂടുതല്‍ ഉപഭോക്താക്കളുടെയും പരാതി. മൊബൈല്‍ കോളുകള്‍ ലഭിക്കുന്നില്ല, ജിയോഫൈബര്‍ തടസപ്പെട്ടു എന്നിങ്ങനെയുള്ള ഉപഭോക്തൃ പരാതികളായിരുന്നു തൊട്ടുപിന്നിലുണ്ടായിരുന്നത്. കേരളത്തില്‍ ജിയോ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി എക്‌സില്‍ നിരവധി കാണാം. എന്താണ് ജിയോ നെറ്റ്‌വര്‍ക്ക് തടസ്സപ്പെടാന്‍ കാരണമെന്ന് ഇതുവരെ വ്യക്തമല്ല.

ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. അതേ സമയം റിലയന്‍സ് ജിയോ കേരളത്തില്‍ ശക്തമായ വളര്‍ച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രില്‍ മാസത്തില്‍ 1.11 ലക്ഷം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.