കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട തർക്കം കുറച്ചുകാലമായി തന്നെ നിലനിൽക്കുന്നതാണ്. ഈ ഇടപാടുമായി ബന്ധപ്പെട്ട് കേസുകൾ അടക്കം നിലനിൽക്കുന്നു. കർദിനാൾ വിചാരണ നേരിടണമെന്നാണ് കോടതി നിർദ്ദേശം നൽകിയത്. എന്നാൽ, വത്തിക്കാനിലെ പരമോന്നത കോടതി ഇക്കാര്യത്തിൽ കർദിനാൾ ജോർജ്ജ് ആലഞ്ചേരി തെറ്റുകാരനല്ലെന്നാണ് വ്യക്തമാക്കിയത്. ഭൂമി ഇടപാടിലെ നഷ്ടം നികത്താൻ വേറെ ഭൂമി വിറ്റ് പരിഹരിക്കാൻ കത്തോലിക്കാ സഭയിലെ പരമോന്നത കോടതിയായ സുപ്രീം ട്രിബ്യൂണൽ അനുമതി നൽകി.

അതിരൂപതയുടെ ഭൂമി വിൽപനയിൽ ഈടായി വാങ്ങിയ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലെ 25 ഏക്കറും ഇടുക്കി ദേവികുളത്തെ 17 ഏക്കറും വിറ്റ് നഷ്ടം നികത്താനാണു നിർദ്ദേശം. 2021 ജൂൺ 21ന് ഇതുസംബന്ധിച്ചു നൽകിയ ഉത്തരവു പുനഃപരിശോധിക്കില്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. ഭൂമി വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് അതിരൂപതയ്ക്കു മുതൽക്കൂട്ടി നഷ്ടം നികത്താം.

ഭൂമി വിൽപനയിലെ നഷ്ടം നികത്താനുള്ള 2021ലെ ഉത്തരവിൽ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയോടു നഷ്ടം നികത്തണം എന്നു നിർദേശിച്ചത് അദ്ദേഹത്തിന്റെ ഔദ്യോഗിക ചുമതലയുടെ അടിസ്ഥാനത്തിലാണെന്നു ട്രിബ്യൂണൽ വ്യക്തമാക്കി. ഭൂമി വിൽപനയിൽ മാർ ആലഞ്ചേരിക്ക് വ്യക്തിപരമായ ഉത്തരവാദിത്തമില്ല. നഷ്ടം നികത്താൻ വ്യക്തിപരമായി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുമില്ല. ഭൂമി വിൽക്കാനുള്ളതു കൂട്ടായ തീരുമാനമാണെന്നും മാർ ആലഞ്ചേരിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നില്ലെന്നും ട്രിബ്യൂണൽ വിശദീകരിച്ചു. അതിരൂപത അധ്യക്ഷൻ എന്ന നിലയിൽ നേതൃപരമായ പങ്ക് മാത്രമാണുള്ളത്.

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ 24 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സിനഡിന്റെ കണ്ടെത്തൽ. ഇതിന് പരിഹാരമായി കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റോ, അല്ലെങ്കിൽ ഈ ഭൂമികൾ നഷ്ടത്തിന് പരിഹാരമായി കണക്കാക്കുകയോ ചെയ്യാനാണ് സിനഡ് നിർദ്ദേശം മുന്നോട്ടു വെച്ചത്. നേരത്തെ ഭൂമി വിറ്റ് നഷ്ടം നികത്താൻ നേരത്തെ വത്തിക്കാൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികരും കാനോനിക സമിതികളും അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലെല്ലാം തീർപ്പാക്കിക്കൊണ്ടാണ് വത്തിക്കാൻ പരമോന്നത കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.

നഷ്ടം നികത്തലും ഭൂമി വിൽപ്പനയും ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം ഇന്ത്യയുടെ സിവിൽ കോടതിയുടെ നടപടിക്രമങ്ങൾക്ക് വിധേയമായിട്ടായിരിക്കുമെന്നും വത്തിക്കാൻ പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി ഇടപാടു കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വത്തിക്കാൻ ക്ലീൻ ചിറ്റും നൽകിയിട്ടുണ്ട്. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കാനോനിക നിയമപ്രകാരം നടപടിയെടുക്കാമെന്ന് അപ്പോസ്തലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിലിന് വത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം കേസിൽ കർദിനാൾ ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തവരിട്ടിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിൽ കാക്കനടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നുമാണ് കേസ്.

കഴിഞ്ഞ നാലു വർഷത്തിലധികമായി സീറോ മലബാർ സഭയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സഭ ഭൂമിയിടപാട് സംബന്ധിച്ച കാര്യങ്ങൾ വിവാദമായതോടെ എറണാകുളം അങ്കമാലി അതിരൂപതയിലും പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങിയിരുന്നു. സഭാ ഭൂമിയിടപാടിൽ എറണാകുളം അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു.