കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ആശ്വാസം. വിജിലന്‍സ് കോടതിയുടെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കിയ വിജിലന്‍സ്് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദു ചെയ്തത്. ഈ വിധിയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കേസ് വിശദമായി വീണ്ടും പരിഗണിക്കുക ഓണം അവധിക്ക് ശേഷം. ഇപ്പോഴത്തെ വിധിയോടെ കേസിലെ തുടര്‍നടപടികള്‍ ഉണ്ടാകില്ല.

കേസില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു. അന്വേഷണം സംബന്ധിച്ച് വിശദീകരണം നല്‍കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. തനിക്ക് അനുകൂലമയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

കേസില്‍ അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു. ഇക്കാര്യം വിജിലന്‍സ് വ്യക്തമാക്കണം. അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കില്‍ അത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.

കേസന്വേഷണം സംബന്ധിച്ച് വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങളെല്ലാം വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയാണോ അന്വേഷണം നടത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കണമെന്നായിരുന്നു നിര്‍ദേശം. ചില നിയമപ്രശ്‌നങ്ങള്‍ കാണുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് തനിക്ക് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതെന്നായിരുന്നു എംആര്‍ അജിത് കുമാറിന്റെ വാദം. അതുകൊണ്ട് തന്നെ വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാണ് അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നത്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ളാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ ആരോപണങ്ങളായിരുന്നു എഡിജിപിക്കെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ചത്.

അജിത് കുമാര്‍ തിരുവനന്തപുരത്ത് കവടിയാറില്‍ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറില്‍ 15000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് അജിത് കുമാര്‍ പണിയുന്നതെന്ന് അന്‍വര്‍ ആരോപിച്ചത്. ഇക്കാര്യത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. അന്‍വറിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.

അതിനിടെ തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.ആര്‍.അജിത് കുമാറിനെതിരെ കടുത്ത നടപടിയില്ല. അജിത്തിനെ പൊലീസില്‍ നിന്ന് മാറ്റിയതിനാല്‍ കടുത്ത നടപടി വേണ്ട. സസ്‌പെന്‍ഷന്‍ പോലുള്ള നടപടി ആവശ്യമില്ലെന്ന പുതിയ ശുപാര്‍ശയാണ് മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തത്. സര്‍ക്കാര്‍ ആവശ്യപ്രകാരമാണ് മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പുനഃപരിശോധിച്ചത്. പുതിയ ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എം.ആര്‍.അജിത് കുമാറിന് താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കും.