- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ എന്നെ പിടിച്ചോളൂ, സ്ത്രീകളെയും കുഞ്ഞുങ്ങളെയും വെറുതെ വിടണം' എന്ന് അഭ്യർത്ഥിച്ച മനുഷ്യസ്നേഹി; കൈയും കാലും ഛേദിച്ച ശേഷം ചുട്ടു കൊന്നത് ജയ് ശ്രീറാം വിളിച്ച്; രക്ഷക്ക് മോദിയെ വിളിച്ച് യാചിച്ചപ്പോൾ കേട്ടത് ശകാരം; കോൺഗ്രസ് പാർട്ടി പോലും മറന്ന രക്തസാക്ഷി; ഇസ്ഹാൻ ജാഫ്രിയുടെ ഒരു ഓർമ്മദിനം കൂടി കടന്നുപോകുമ്പോൾ
ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത ഒരു മനുഷ്യക്കുരുതിയുടെ 20ാം വാർഷികമാണ് ഇന്ന് കടന്നുപോകുന്നത്. അതാണ് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന ഗുൽബർഗ കൂട്ടക്കൊല. 2002 ഫെബ്രുവരി 28 ന് നടന്ന ആ കൂട്ടക്കാലയിൽ 69 പേർക്ക് ഒപ്പം ഇസ്ഹാൻ ജാഫ്രി എന്ന കവിയും എഴുത്തുകാരനുമായ കോൺഗ്രസ് എം പിയും രക്തസാക്ഷിയായി. തലേന്ന് നടന്ന ഗോധ്ര ട്രെയിൻ തീവെപ്പിന്റെ കലിപ്പിൽ നിൽക്കുകയായിരുന്ന, ഹിന്ദുത്വ വർഗീയവാദികൾ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ആ എംപിയെ പച്ചക്ക് കൊളുത്തുകായിരുന്നു.
കോൺഗ്രസിന് വേണ്ടി ജീവിച്ച്, കോൺഗ്രസിന് വേണ്ടി രക്തസാക്ഷിയായ ഇസ്ഹാൻ ജാഫ്രിയെ ആര് ഓർത്തില്ലെങ്കിലും കോൺഗ്രസ് ഓർക്കണമായിരുന്നു ആ മുനഷ്യസ്നേഹിയെ. പക്ഷെ, കോൺഗ്രസും അദ്ദേഹത്തെ മറന്നു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തോ രാജ്യത്താകെയുള്ള കോൺഗ്രസ് ഓഫീസുകളിലോ ഇസ്ഹാൻ ജാഫ്രിയുടെ രക്തസാക്ഷിത്വ ദിനത്തിന് യാതൊരു പരിഗണനയും ലഭിച്ചില്ല. കോൺഗ്രസിന്റെ സാമൂഹ്യ മാധ്യമ പേജുകളിലും ഇസ്ഹാൻ ജാഫ്രിയുടെ ഓർമ്മകളില്ല. ഫെബ്രുവരി 28ന് അങ്ങൻെ ആരും അറിയാതെ കടന്നുപോവുകയാണ്.
ബിബിസി ഡോക്യുമെന്ററി വിവാദമൊക്കെ ആളിക്കത്തുന്ന ഈ കാലത്ത് കോൺഗ്രസ് രാഷ്ട്രീയമായി കൂടി മറന്നുപോകാൻ പാടില്ലാത്ത ഒരു പേരുതന്നെയായിരുന്നു ജാഫ്രിയുടേത്. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററിക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. അതിലും ജാഫ്രി വധം പറയുന്നുണ്ട്. പക്ഷേ എന്നിട്ടും ജാഫ്രിക്കുവേണ്ടി സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല.
ഗുൽബർഗ കത്തിയ ദിനം
ഗോധ്ര സംഭവത്തിന്റെ പിറ്റേന്ന് ഗുജറാത്ത് നിന്ന് കത്തുകയായിരുന്നു. അതിന്റെ അലയൊലികൾ ഇവിടെയുമെത്തി. ഗുൽബർഗ് സൊസൈറ്റി കെട്ടിടത്തിലെ താമസക്കാരായ 19 മുസ്ലിം കുടുംബങ്ങൾ ഭയചകിതരായി. അതേ കെട്ടിടത്തിലെ താമസക്കാരനും കവിയും അഭിഭാഷകനും കോൺഗ്രസ് എം പിയുമായിരുന്നു ജാഫ്രിയുടെ വീട്ടിൽ ആ കുടുംബങ്ങൾ അഭയം തേടി.
ജാഫ്രി സഹായത്തിനായി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനായ കോൺഗ്രസ് നേതാവ് ബദ്റുദീൻ ശൈഖിനെ മുതൽ ഗുജറാത്ത് നിയമസഭയിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് അമർസിങ് ചൗധരിയെ വരെ വിളിച്ചു. പല സീനിയർ പൊലീസ് ഓഫീസർമാരെയും വിളിച്ചു. എല്ലാം നിഷ്ഫലമായി.
ഒടുവിൽ ജാഫ്രി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ നേരിൽ വിളിച്ചു. നിരാശയോടെ ഫോൺ താഴെ വച്ചു. മോദി എന്തു പറഞ്ഞെന്നു ചോദിച്ചപ്പോൾ ദുഃഖത്തോടെ ജാഫ്രി മറുപടി നൽകി: 'മോശമായ പ്രതികരണമായിരുന്നു.'- മോദി ജാഫ്രിയോട് ആക്രാശിക്കുന്നത് തങ്ങൾ കേട്ടുവെന്ന് പിന്നീട് പലരും മൊഴി നൽകി. സംഘ തീവ്രവാദികൾ ത്രിശൂലങ്ങളും വടിവാളുകളും പെട്രോൾ ബോംബുകളുമായി വീടുവളഞ്ഞു കഴിഞ്ഞിരുന്നു. ആക്രോശിച്ചെത്തിയ അക്രമി സംഘത്തോട് ജാഫ്രി പറഞ്ഞു: നിങ്ങൾ വേണമെങ്കിൽ എന്നെ പിടിച്ചോളൂ. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദയവായി വെറുതെ വിടണം.
അഭയം തേടിയെത്തിയവരുടെ വിലക്കു വക വയ്ക്കാതെ, അവരുടെ വലയത്തിൽ നിന്നു കുതറി പുറത്തു ചെന്ന ജാഫ്രിയെ വളഞ്ഞു പിടിച്ച് കലാപകാരികൾ ജയ് ശ്രീറാം ആർത്തലച്ചു. തുടർന്ന് അവർ കൈയും കാലും ഛേദിച്ച ശേഷം ജീവനോടെ ചുട്ടു കൊന്നു. ജാഫ്രിയുടെ വീടിനു തീ കൊളുത്തി. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. തീ ആളിപ്പടർന്നു. ഗുൽബർഗ് സൊസൈറ്റിയിൽ മാത്രം 69 പേർ കൊല്ലപ്പെട്ടു.
പർസാനിയ ചലച്ചിത്രമുണ്ടാവുന്നു
'ഞങ്ങളുടെ ഗൂൽബർഗ് സൊസൈറ്റി മുഴുവൻ നിന്നു കത്തുകയായിരുന്നു. ഞാൻ മകളുടെ കൈ മുറുകെ പിടിച്ചിരുന്നു. അവൾ മകന്റെയും. ഞങ്ങളുടെ അടുക്കളയ്ക്കു മാത്രമായിരുന്നു തീ പിടിക്കാതിരുന്നത്. പിന്നീട് അതിനും തീ പിടിച്ചു. കത്തിക്കരിഞ്ഞു മരിക്കുന്നതിനേക്കാൾ നല്ലത് വെട്ടിനുറുക്കി കൊല്ലപ്പെടുന്നതാണെന്ന് എനിക്കു തോന്നി. കാരണം കത്തിക്കരിഞ്ഞാൽ ഒന്നും ബാക്കിയുണ്ടാവില്ലല്ലോ. അതുകൊണ്ട് മൂന്നാം നില ഫ്ളാറ്റിൽ നിന്ന് ഇറങ്ങിയോടാൻ തീരുമാനിച്ചു.
സൊസൈറ്റിയിലെ മറ്റുള്ളവരും ഇതുപോലെ സുരക്ഷിത ഇടം നോക്കി ഓടുന്നുണ്ടായിരുന്നു. എല്ലാവരും ഇസ്ഹാൻ ജാഫ്രി സാഹിബിന്റെ ( കോൺഗ്രസ് എം പി) വീട്ടിലേക്കായിരുന്നു പോയത്. ഒന്നാം നിലയിലായിരുന്നു ഞങ്ങൾ. എന്റെ മുന്നിൽവെച്ച് അദ്ദേഹം പല പൊലീസുകാരെയും പലതവണ വിളിച്ചു. മുഖ്യമന്ത്രി മോദിയെ വിളിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവസാനം മോദി ഫോണെടുത്തു. എന്നിട്ടും കലാപകാരികളെ തടയാനായില്ല.
സമയം പോകുന്തോറും ഞങ്ങൾക്ക് കൂടുതൽ അരികിലേക്ക് എത്താൻ തുടങ്ങിയ കലാപകാരികൾ സൊസൈറ്റിയിലെ മതിലിലൂടെ കയറാൻ തുടങ്ങി. ഈ സ്ഥിതിയിലെത്തിയതോടെ ജാഫ്രി പുറത്തിറങ്ങി കലാപകാരികളോട് സംസാരിച്ച് ഞങ്ങളെ വെറുതെ വിടണമെന്ന് പറയാൻ തീരുമാനിച്ചു. കലാപകാരികൾ അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് ഞാൻ കണ്ടതാണ്. അവർ അദ്ദേഹത്തെ മർദ്ദിച്ചു. വീട്ടുകാരുടെ കൺമുന്നിൽവച്ച് തുരുതുരാ വെട്ടി. അദ്ദേഹത്തിന്റെ കൈകാലുകൾ അറ്റുതൂങ്ങി. പിന്നെ പെട്രോളൊഴിച്ച് തീകൊളുത്തി ചുട്ടുകൊന്നു.''-കലാപത്തിൽനിന്ന് രക്ഷപ്പെട്ട രൂപാബെൻ എന്ന പാഴ്സി വീട്ടമ്മയുടെ അനുഭവം ആണിത്. മുസ്ലീങ്ങളെ ലക്ഷ്യമിട്ട കലാപത്തിൽ പാവം പാർസികളും പെട്ടു! കലാപത്തിൽ അവർക്ക് മകനെ നഷ്ടമായി. അവരുടെ അനുഭവമാണ് 'പർസാനിയ' എന്ന വിഖ്യാത ചലച്ചിത്രം.
ഫോൺ ഡയറി എവിടെ?
ഗുജറാത്ത് കലാപം ഒരു സ്റ്റേറ്റ് സ്പോൺസേഡ് ടെററിസം ആണെന്ന് പകൽ പോലെ വ്യകതമാണെങ്കിലും ആർക്കും അതിനെതിരെ കോടതിയിൽ പോവാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല. ടീസ്റ്റ സെറ്റൽവാദ് മാത്രമാണ് ഇവർക്കുവേണ്ടി രംഗത്ത് ഇറങ്ങിയത്. ഗുൽബർഗയിൽ കൊല്ലപ്പെട്ട, കോൺഗ്രസ് എം പി ഇസ്ഹാൻ ജാഫ്രിയൂടെ ഭാര്യ സാകിയ ജാഫ്രിയെ മൂൻ നിർത്തി ടീസ്റ്റയാണ് കലാപത്തിന്റെ ഗുഢാലോചനയിലേക്ക് വിരൽ ചൂണ്ടിയത്.
നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഡി.ജി.പിക്ക് സകിയ ജാഫ്രി 2006 ജൂൺ എട്ടിന് നൽകിയ പരാതിയോടെയാണ് സുപ്രീംകോടതി തള്ളിയ കേസിന്റെ തുടക്കം. 2009 ഏപ്രിൽ 27ന് സുപ്രീംകോടതി ഈ പരാതി പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘ(എസ്ഐ.ടി)ത്തോട് നിർദ്ദേശിച്ചു.
പക്ഷേ ആർകെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പക്ഷപാതത്തോടെയാണ് പ്രവർത്തിച്ചത് എന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കുറുമാറി. തെളിവുകൾ നശിപ്പിക്കപ്പെട്ടു. ഇസ്ഹാൻ ജാഫ്രിയും മോദിയും തമ്മിൽ യാതൊരു സംഭാഷണവും ഉണ്ടായിരുന്നില്ല എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ ജാഫ്രി മോദിയെ വിളിച്ച് സഹായം തേടുന്നതും, 'നിങ്ങൾ ഇനിയും കൊല്ലപ്പെട്ടില്ലേ' എന്ന് ചോദിച്ച് മോദി തട്ടിക്കയറിയതും, 'ഗോധ്രയിൽ കൊല നടന്നപ്പോൾ നിങ്ങൾ എവിടെയായിരുന്നു' എന്ന് ചോദിച്ചതും കേട്ടവർ ഉണ്ട്. അവരിൽ പലരും പിന്നെ കൂറുമാറി. ജാഫ്രിയുടെ ഫോൺ ഡയറി നശിപ്പിക്കപ്പെട്ടു.
രൂപാബെൻ എന്ന ഗുൽബർഗ സൊസൈറ്റിയിൽനിന്ന് രക്ഷപ്പെട്ട സ്ത്രീ ഇങ്ങനെ പറയുന്നു. 'എനിക്ക് എന്തെങ്കിലും കുറ്റബോധമുണ്ടെങ്കിൽ അത് ജാഫ്രിയുടെ ഫോൺ ഡയറി എടുക്കാൻ കഴിയാത്തതിനാലാണ്. അദ്ദേഹം ആരുമായൊക്കെ ബന്ധപ്പെട്ടെന്ന് അതിലൂടെ മനസിലാവുമായിരുന്നു. ഞാൻ അത് എടുത്തിരുന്നെങ്കിൽ ജാഫ്രി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് മോദിക്ക് എസ്ഐടിയോടു പറയാൻ കഴിയില്ലായിരുന്നു. ആ മാസത്തിൽ തന്നെ ജാഫ്രിയും മോദിയും ഒന്നിച്ചുള്ള ചടങ്ങുകൾ ഉണ്ടായിരുന്നു. രാജ്കോട്ടിലെ എല്ലാ പത്രങ്ങളിലും അവരുടെ ഫോട്ടോകൾ ഉണ്ടായിരുന്നു. പക്ഷേ അവർ തമ്മിൽ ബന്ധമില്ല എന്നാണ് അന്വേഷണ സംഘം വാദിച്ചത്.''- രൂപ ചൂണ്ടിക്കാട്ടി.
ജാഫ്രിയുടെ കോൾ റെക്കോർഡുകൾ കണ്ടെത്താൻ പ്രോസിക്യൂഷൻ പൊലീസിലും, എസ്ഐ.ടിയിലും സമ്മർദ്ദം ചെലുത്തിയിരുന്നു. ജാഫ്രി കൊല്ലപ്പെടുന്നതിനു മുമ്പ് മോദിയുൾപ്പെടെയുള്ള നിരവധി നേതാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നു എന്ന് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ എസ്ഐ.ടി പറയുന്നത് ജാഫ്രിയുടെ കോൾ റെക്കോഡുകൾ നശിപ്പിക്കപ്പെട്ടു എന്നാണ്. എങ്ങനെ നശിപ്പിക്കപ്പെട്ടു എന്ന് ആർക്കും അറിയില്ല. നരേന്ദ്ര മോദിയെ മാത്രമല്ല ചീഫ് സെക്രട്ടറി, മന്ത്രിമാർ, അഹമ്മദാബാദ് പൊലീസ് കമീഷണർ പി സി പാണ്ഡെ, ജോയിന്റ് കമീഷണർ എം കെ ടണ്ടൻ, ഡിസിപി പി ബി ഗോണ്ടിയ എന്നിവരെയൊക്കെ ജാഫ്രി വിളിച്ചിരുന്നു. പക്ഷേ കോൾ റെക്കോഡ് പോയതോടെ ഒന്നും തെളിയിക്കാൻ ആയില്ല.
വാദി പ്രതിയാവുന്നു
2002 ഫെബ്രുവരി 27ന് ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീപിടിച്ച് 58 കർസേവകർ കൊല്ലപ്പെട്ടതോടെയാണ് കുപ്രസിദ്ധമായ ഗുജറാത്ത് കലാപങ്ങളുടെ തുടക്കം. അന്ന് ബിജെപി- സംഘപരിവാർ നേതാക്കൾ ഒന്നടങ്കം പ്രതികാരത്തിനുവേണ്ടി വാദിക്കയായിരുന്നു. ഹിന്ദുക്കൾക്ക് പ്രതികാരം ചെയ്യാനായി രണ്ടു ദിവസം സമയം നൽകിയെന്നും, പൊലീസിനോട് നിഷ്ക്രിയമാവാൻ ആവശ്യപ്പെട്ടുമെന്നുമാണ്, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കെതിരെ ഉയർന്ന ഗുരുതര ആരോപണം. മോദിയുടെ നാം ഇന്ന് കാണുന്ന, ഇമേജ് ആ രണ്ടു ദിവസം പ്രതികാരത്തിന് അനുവദിച്ചത് തന്നെയാണെന്ന്, ഗുജറാത്ത് സംബന്ധിച്ച് പഠനം നടത്തിയ രാം പുനിയാനിയെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു കലാപം മോദിയെ ഹീറോയാക്കി. പക്ഷേ ജാഫ്രിയെപ്പോലെയുള്ളവരേയൊ?
അന്ന് പാവങ്ങൾക്ക് അഭയം നൽകിയതിന്റെ പേരിൽ കലാപകാരികളാൽ കൊല്ലപ്പെട്ട കോൺഗ്രസ് എം പി ഇസ്ഹാൻ ജാഫ്രിക്ക് നീതി കിട്ടിയോ എന്ന ചോദ്യം എന്നും ഇന്നും പ്രസക്തമാണ്. കലാപത്തിൽ അന്നത്തെ ഗുജാറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് അടക്കമുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ഹാൻ ജാഫ്രിയുടെ വിധവ, സാക്കിയ ജാഫ്രി നൽകിയ ഹരജി, ഒന്നരപ്പതിറ്റാണ്ടു നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ സുപ്രീം കോടതി കഴിഞ്ഞവർഷം തള്ളി.നരേന്ദ്ര മോദി അടക്കം 63 ഉന്നതരെ പരമോന്നത നീതിപീഠം കുറ്റമുക്തരാക്കി. ഇതോടെ വാദി പ്രതിയാവുന്ന അവസ്ഥയാണ് ഉണ്ടായത്.
ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി ലഭിക്കാനുള്ള എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ നൽകിയ മനുഷ്യാവകാശ പ്രവർത്ത ടീസ്്റ്റ് സെറ്റൽവാദ്, മുൻ ഡിജിപിയും മലയാളിയുമായ ആർ ബി ശ്രീകുമാർ, നിലവിൽ ജയിലിൽ കിടക്കുന്ന ഗുജറാത്ത് മുൻ ഡിഐജി സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു. അവരെ ജയിലിൽ ആക്കി. ഇപ്പോഴിതാ ജാഫ്രിയുടെ ഓർമ്മകളെ സ്വന്തം പാർട്ടിപോലും തമസ്ക്കരിക്കയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ