- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രത്ത് ലെസ്സിൽ നിന്ന് മായാനദിയുണ്ടാക്കിയ ആഷിക്ക് അബു; തിരക്കഥ കത്തിക്കണമെന്ന രാജീവ് രവി സിദ്ധാന്തത്തിന്റെ യഥാർഥ ഉപജ്ഞാതാവ്; സംഭാഷണങ്ങൾ എഴുതുക ഷൂട്ടിങ്ങിന്റെ സമയത്ത്; 'ജംപ്കട്ടു'കളുടെ തമ്പുരാൻ; ഗൊദാർദ് മലയാള സിനിമാക്കാരെ പോലും വൻ തോതിൽ സ്വാധീനിച്ച ചലച്ചിത്രകാരൻ
'ഫിലിം ഈസ് മെയഡ് ഓൺ ദ ടേബിൾ' എന്ന് വിശ്വസിച്ചിരുന്ന ചലച്ചിത്രലോകത്തേക്കാണ്, നിയതമായ ഒരു തിരക്കഥയൊന്നുമില്ലാതെ സിനിമയെടുക്കാമെന്ന് പറഞ്ഞുകൊണ്ട് ഒരു ചെറുപ്പക്കാരൻ കടന്നുവരുന്നത്. അയാളെ സംബന്ധിച്ച് കാലേകൂട്ടി എല്ലാ സീനുകളും പ്ലാൻ ചെയ്ത്, സ്റ്റോറി ബോർഡ് ഒക്കെയുണ്ടാക്കി എടുക്കുന്ന സാധനമായിരുന്നില്ല ചലച്ചിത്രം. ഒരു സീനിൽ എന്ത് വിഷ്വൽ ആമ്പിയൻസാണ് വരുന്നത് അതിന് അനുസരിച്ച് ഡയലോഗുകൾ മാറാമെന്നും, തിരക്കഥ ഒരു അവസാന വാക്കല്ല എന്നുമാണ് ഗൊദാർദ് വിശ്വസിച്ചിരുന്നത്. വിശ്വസിക്കുകയായിരുന്നില്ല, അദ്ദേഹത്തിന്റെ ഫിലിം മേക്കിങ്ങും അങ്ങനെ ആയിരുന്നു. അതോടെയാണ് സിനിമക്ക് തിരക്കഥ വേണ്ട എന്ന ആശയം പോലും ഉണ്ടായത്. വർഷങ്ങൾക്ക് മുമ്പ് നമ്മുടെ പ്രിയപ്പെട്ട സംവിധായകൻ രാജീവ് രവി പറഞ്ഞിരുന്നു, 'നാനൂറ് പേജ് തിരക്കഥയൊക്കെ കത്തിക്കണമെന്ന്. ഗോദാർദിയൻ ശൈലിയുടെ വലിയ ആരാധകനായ അനുരാഗ് കാശ്യപിന്റെ സ്കൂളിൽ പഠിച്ച, രാജീവ് രവിയിലും കാണാം ഗൊദാർദിയൻ നവതരംഗത്തിന്റെ സ്വാധീനം.
അന്തരിച്ച ഫ്രഞ്ച് സംവിധാകൻ ഗോദാർദ്, മലയാളത്തിലെ ഗൗരവമായി സിനിമയെ കാണുന്ന പ്രേക്ഷകർക്ക് ചിരപരിചിതനാണ്. 80 കളിൽ കേരളത്തിലുണ്ടായ ഫിലിം സൈാസൈറ്റി തരംഗത്തിൽ വ്യാപകമായി പ്രദർശിപ്പിക്കപ്പെട്ടവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ബ്രത്ത്ലസ്, വീക്കെൻഡ്, െൈ മ ലൈഫ് ടു ലിവ്, വിൻഡ് ഫ്രം ദ ഈസ്റ്റ് എന്ന ചിത്രങ്ങളും കേരളത്തിൽ പലതവണ പ്രദർശിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ ഫിലിം ഫെസ്റ്റിവൽ ഓഡിയൻസിന് നമ്മുടെ, സത്യൻ അന്തിക്കാടിന്റെയും, ഐ വി ശശിയുടെയും സിനിമകൾ തിരിച്ചറിയുന്നപോലെ സുപരിചിതമായിരുന്നു ഗോദാർദിന്റെ സിനിമകളും. മാത്രല്ല ഗോദാർദിന്റെ വ്യക്തിജീവിതത്തിലെ സോഷ്യലിസ്റ്റ് ഇടതുപക്ഷ കാഴ്ചപ്പാടും കേരളത്തിൽ ജനപ്രിയത കൂട്ടി. കിം കി ഡുക്കിനും, അകീര കുറസോവക്കും ശേഷം കേരളത്തിൽ ഏറ്റവും ആരാധിക്കപ്പെട്ട വിദേശ ചലച്ചിത്രകാരനും ഗോദാർദ് അല്ലാതെ മറ്റൊരാൾ ആവാൻ വഴിയല്ല.
1960 ൽ പുറത്തിറങ്ങിയ ബ്രെത്ത്ലെസ് മുതൽ 2018ൽ പുറത്തിറങ്ങിയ ദി ഇമേജ് ബുക്ക് വരെയുള്ള അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി ഒരു ചലച്ചിത്ര വിദ്യാർത്ഥിക്ക് ഒഴിവാക്കാനാവാത്തതാണ്. കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഗൊദാർദിന് ആയിരുന്നു. നേരിട്ടെത്തിയില്ലെങ്കിലും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ഡെലിഗേറ്റുകളോട് സംവദിച്ചിരുന്നു.
ബ്രത്ത്ലെസ്സിൽ നിന്ന് മായാനദി
അതുകൊണ്ടുതന്നെ ഗോദാർദിന്റെ സിനിമകളുമായി ചെറിയ ഒരു സാദൃശ്യം ഉള്ളപ്പോൾ തന്നെ കേരളത്തിലെ ചലച്ചിത്രപ്രേമികൾക്ക് അത് കണ്ടത്താനും കഴിയും. 2017ൽ ആഷിക്ക് അബു- ശ്യാം പുഷ്ക്കരൻ ടീമിൽനിന്ന് പുറത്തിറങ്ങിയ, ടൊവീനോ തോമസ് നായകനായ മായാനദി വമ്പൻ ഹിറ്റായിരുന്നു. ക്ലാസ് പടം എന്ന നിലയിലും ഇത് നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. മായാനദിയിലെ നായികാ നായകന്മാരായ അപ്പുവും മാത്തനും ഏറെ പ്രകീർത്തിക്കപ്പെട്ടു.
അപ്പോഴാണ് ചിത്രത്തിന് ഗോദാർദിന്റെ ആദ്യ ചിത്രവും, ലോക ക്ലാസിക്ക് ആയി കണക്കാക്കപ്പെടുകയും ചെയ്യുന്ന, ബ്രെത്ത്ലെസ് എന്ന സിനിമയുമായുള്ള സാദൃശ്യം വാർത്തയാവുന്നത്. ബ്രത്ത്ലെസ്സിന്റെ ഏകദേശ കഥ ഇങ്ങനെയാണ്. അന്യതാബോധം നിറഞ്ഞ ഒരു തലമുറയുടെ പ്രതിനിധിയാണ് ബ്രത്ത്ലസിലെ നായകനായ മൈക്കേൽ പൊയ്ക്കാർഡ്. ഒരു കാർ മോഷണശ്രമത്തിനിടെ ബൈക്കിൽ പിന്തുടർന്നുവന്ന പൊലീസുകാരനെ വെടിവച്ചുകൊല്ലുന്ന മൈക്കേലിനെതിരെ സേന അന്വേഷണമാരംഭിക്കുന്നു. പാരീസിൽ ഒളിവുജീവിതത്തിനെത്തുന്ന അയാൾ തന്റെ അമേരിക്കൻ ഗേൾഫ്രണ്ട് പട്രീഷ്യ ഫ്രാൻചിനിയോടൊപ്പം കൂടുകയും, ഒരു അധോലോക ഇടപാടിൽ നിന്ന് കുറെ പണം സ്വരൂപിച്ച് ഇറ്റലിയിലേക്ക് കടക്കാൻ ക്ഷണിക്കുകയും ചെയ്യുന്നു.
പക്ഷേ, അവളാകട്ടെ തന്ത്രപൂർവം അയാളെ പൊലീസിന് ഒറ്റിക്കൊടുക്കുകയാണ്. എങ്കിലും പൊലീസെത്തുന്നതിനു മുൻപ് അവൾ അത് അവനോട് വെളിപ്പെടുത്തുന്നുണ്ട്. ഒടുവിൽ തെരുവിലെ നീണ്ട ഓട്ടത്തിനിടയിൽ പട്രീഷ്യയും ഡിക്റ്ററ്റീവ് വിത്തലും ചേർന്നയാളെ പിടികൂടുകയാണ്. പൊലീസിന്റെ വെടിയേറ്റു വീഴുന്ന മൈക്കേൽ ഒരർഥത്തിൽ ആ മരണം സ്വയം തിരഞ്ഞെടുക്കുക തന്നെയായിരുന്നു. എഴുത്തുകാരിയാവാൻ കൊതിക്കുന്ന പട്രീഷ്യ ഒടുവിൽ മൈക്കേലിന്റെ കഥ തന്നിഷ്ടം പോലത്തൊരു കഥയാക്കുന്നിടത്ത് സിനിമ തീരുന്നു.- നോക്കുക, മായനദിയുടെ കഥയുമായി സാമ്യം വ്യക്തമാണ്. ഇവിടെ നായിക ബോധപൂർവം നായകനെ വഞ്ചിക്കുന്നില്ല എന്ന് മാത്രം.
കഥയിൽ മാത്രമല്ല, മേക്കിങ്ങിലും ഇരു ചിത്രങ്ങളും തമ്മിൽ സാമ്യമുണ്ട്. പക്ഷേ കഥയുടെ ക്രഡിറ്റുപോലും ഗോദാർദിന് കൊടുക്കാത്ത ആഷിക്ക് അബു ടീം അന്ന് വിമർശിക്കപ്പെടുകയും ചെയ്തു. കൃത്യമായ തിരക്കഥ പോലുമുണ്ടായിരുന്നില്ല ബ്രെത്ത്ലെസിന്. കഥാപാത്രങ്ങൾക്ക് അനനുസരിച്ച് അപ്പപ്പോൾ എഴുതിയുണ്ടാക്കുന്ന സംഭാഷണങ്ങളായിരുന്നു. ചിത്രീകരണമാവട്ടെ ഹാൻഡ്ഹെൽഡ് കാമറയിലായിരുന്നു. ഒരു ദൃശ്യത്തിൽ നിന്ന് അതുമായി നേരിട്ടുബന്ധമില്ലാത്ത മറ്റൊരു ദൃശ്യത്തിലേക്ക് പൊടുന്നനേ കാഴ്ചയെ അടർത്തിമാറ്റുന്ന 'ജംപ് കട്ടു'കളും ചിത്രത്തെ വേറിട്ടതാക്കി. 'ന്യൂവേവ് സ്കൂൾ' സംവിധാന ശൈലിയുടെ തുടക്കമായിട്ടാണിത് ഈ ചിത്രം വാഴ്ത്തപ്പെടുന്നത്.
ബെർലിൻ ഫെസ്റ്റിവലിൽ സംവിധാനമികവിന് സിൽവർ ബെയറും പ്രിക്സ് ജീൻ വീഗോ പുരസ്കാരവും ഫ്രഞ്ച് സിൻഡിക്കേറ്റ് ക്രിട്ടിക്സ് അവാർഡുമടക്കം നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹമായതാണ് ഈ സിനിമ.
ജോൺ എബ്രഹാം സ്കൂളിന്റെ തുടക്കം
അൾജീരിയൻ ആഭ്യന്തര യുദ്ധത്തെപ്പറ്റി നിർമ്മിച്ച ലാ പെറ്റിറ്റ് സോൾഡാറ്റ് നിരോധിക്കപ്പെട്ട ചിത്രമാണ്. 1962ലാണ് നിരൂപകർക്കേറ്റവുമിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ മൈ ലൈഫ് ടു ലിവ് നിർമ്മിക്കപ്പെടുന്നത്. നടിയും വീട്ടമ്മയുമായൊരുവൾ സാമ്പത്തികവിഷമതകൾ മൂലം തെരുവുവേശ്യയാകുന്ന കഥപറയുന്ന സിനിമ ഫ്രഞ്ച് ന്യൂവേവിന്റെ മറ്റൊരു ശക്തമായ പരീക്ഷണഫലകമായി മാറി. കൺടെംപ്ട്, ഹെയ്ൽ മേരി, കിങ്ലിയർ, വിന്റർ ഫ്രം ദ ഈസ്റ്റ്, എ വുമൺ ഈസ് എ വുമൺ, മസ്കുലൈൻ ഫെമിനൈൻ, നമ്പർ റ്റു, പാഷൻ, ഫസ്റ്റ് നെയിം കാർമെൻ, ജെഎൽജി/ ജെഎൽജി: സെൽഫ് പോർട്രെയ്റ്റ് ഇൻ ഡിസംബർ, ഫിലിം സോഷ്യലിസം തുടങ്ങിയവയും പ്രശസ്തങ്ങളായ സിനിമകളായി. മതവിരുദ്ധ നിലപാടുകളാരോപിച്ച് ഹെയ്ൽ മേരി കത്തോലിക്കാസഭ നിരോധിച്ചിരുന്നു. കന്യക ഗർഭവതിയാവുന്ന പഴയ കഥയുടെ ആധുനികമായ പുതുക്കിയെഴുത്താണ് ഹെയ്ൽ മേരി.
1964ൽ ഗൊദാർദും പത്നിയും ചേർന്ന് 'അനൗച്കാ ഫിലിംസ്' എന്ന നിർമ്മാണസ്ഥാപനം തുടങ്ങിയിരുന്നു. ഇടക്കാലത്ത് സിനിമ മടുത്ത് വീഡിയോ ചിത്രങ്ങളിലേക്കും മാറിയിരുന്നു. 1968-ൽ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി ജീൻ പിയറി ഗോറിനുമായിച്ചേർന്ന് ഒരു സോഷ്യലിസ്റ്റ് സിനിമാ ഗ്രൂപ്പ് ( സ്ഥാപിക്കുകയും രാഷ്ട്രീയം തിളയ്ക്കുന്നു ഡോക്യുമെന്ററികളും സിനിമകളും നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തു. ടൂ ഓർ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെർ (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ഗൊദാർദിന്റെ ചലച്ചിത്രകല മറ്റൊരു തലത്തിലേക്കു മാറി.
രാഷ്ട്രീയസിനിമകൾ രാഷ്ട്രീയമായി നിർമ്മിക്കുകയെന്നതായിരുന്നു ഇതിന്റെ നയം. ചലച്ചിത്രഭാഷയെ വിപ്ലവവത്കരിക്കുക എന്നതായിരുന്നു ഈ ചിന്തയുടെ കാതൽ. 1972ലെ തുത്വാബിയനോടെ ഈ ഗ്രൂപ്പിന്റെ ഏതാണ്ട് അന്ത്യമായി. രാഷ്ട്രീയ സിനിമയെന്നാൽ, രാഷ്ട്രീയം വിഷയമാകുന്നതിനെക്കാൾ സിനിമ തന്നെ രാഷ്ട്രീയമായി നിർമ്മിക്കപ്പെടുക എന്നതാണെന്നദ്ദേഹം സമർഥിച്ചു. ഈ ഒരു ചിന്ത തന്നെയായിരുന്നു, ജോൺ എബ്രഹാമിനപ്പോലുള്ള മലയാളി ചലച്ചിത്രകാരന്മാർക്കും പ്രചോദനം ആയത്്. അവർ ജനങ്ങളിൽ നിന്ന് പിരിവിട്ടാണ് വിപ്ലവ സിനിമകൾ നിർമ്മിച്ചത്. ഇടതുപക്ഷ രാഷ്ട്രീയം ശക്തമായി പറയുന്നുവെന്നതിനാൽ കൂടി ഗോദാർദിന് കേരളത്തിലും ശക്തമായ ആരാധകവൃന്ദം ഉണ്ടായിരുന്നു.
എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഘട്ടത്തിലെ ചിത്രങ്ങൾ ഗൊദാർദിന്റെ പ്രതിഭാക്ഷീണത്തെ കാണിക്കുന്നുവെന്ന് വിമർശകർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും, തന്റെ മുൻകാല സൃഷ്ടികളുടെ പേരിൽ ഗൊദാർദ് കേരളത്തിൽ അടക്കം എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് ഉറപ്പാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ