കോഴിക്കോട്: കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയെത്തുടർന്ന് അന്വേഷിച്ച് കണ്ടെത്തിയ കുഞ്ഞിന് മുലയുട്ടി അന്വേഷണ സംഘത്തിലെ വനിതാ പൊലീസ്.കുഞ്ഞിനെ കണ്ടെത്തിയപ്പോഴേക്കും മുലപ്പാൽ ലഭിക്കാതെ കുഞ്ഞിനെ ഷുഗർ ലവൽ താഴ്ന്ന് അവശനിലയിൽ ആയതിനെ തുടർന്നാണ് വനിതാ പൊലീസ് കുഞ്ഞിനെ മുലയുട്ടി തുണയായത്.

പരിശോധനയിൽ കുഞ്ഞിന്റെ ഷുഗർ ലെവൽ കുറവാണെന്ന് മനസിലാക്കുകയും, കുഞ്ഞിനെ തിരികെ എത്തിക്കാനായി വയനാടെത്തിയ ചേവായൂർ പൊലീസ് സംഘത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ എം രമ്യ താൻ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിക്കുകയുമായിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങിയ രമ്യ മുലയൂട്ടി ക്ഷീണമകറ്റി. പിന്നെ അതിവേഗം കുഞ്ഞുമായി അമ്മയുടെ അടുത്തേയ്ക്ക് യാത്ര തിരിച്ചു.രമ്യയുടെ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ അഭിനന്ദന പ്രവാഹമാണ്.

സംഭവം ഇങ്ങനെ..കഴിഞ്ഞ ഞായറാഴ്ചയാണ് 12 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി 22 വയസുള്ള യുവതി ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. വിവരങ്ങൾ തിരക്കിയതിൽ നിന്ന് കുടുംബ വഴക്കിനെ തുടർന്ന് കുട്ടിയെ അച്ഛൻ അമ്മയുടെ അടുക്കൽ നിന്ന് മാറ്റിയതാണെന്ന് പൊലീസ് മനസിലാക്കി.

പ്രസവത്തെതുടർന്നുള്ള അവശതകളാൽ ക്ഷീണിതയായിരുന്നു യുവതി. കുഞ്ഞിനെ തെരഞ്ഞ് പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിതാവും അദ്ദേഹത്തിന്റെ അമ്മയും കുഞ്ഞുമായി വീട്ടിൽ നിന്ന് പോയതായി മനസിലാക്കിയ പൊലീസ്, ഉടൻ അന്വേഷണം വ്യാപിപ്പിച്ചു.

പിതാവിന്റെ ജോലിസ്ഥലം ബംഗളൂരു ആയതിനാൽ അവിടേക്ക് പോയിരിക്കാം എന്ന നിഗമനത്തിൽ വയനാട് അതിർത്തിയിലെ പൊലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചു.മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത ശേഷം സുഹൃത്തിന്റെ കാറിലായിരുന്നു യുവാവും മാതാവും കുഞ്ഞുമായി യാത്ര ചെയ്തിരുന്നത്. അതിനാൽ ലൊക്കേഷൻ മനസിലാക്കി അന്വേഷണം നടത്താനുള്ള ശ്രമം വിഫലമായി.

ഒടുവിൽ സുൽത്താൻ ബത്തേരി പൊലീസ് സംസ്ഥാന അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്ന കുഞ്ഞിനെയും പിതാവിനെയും വൈകുന്നേരത്തോടെ കണ്ടെത്തിയത്.മുലപ്പാൽ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കുഞ്ഞിന്റെ ഷുഗർ ലെവൽ കുറവാണെന്ന് മനസിലാക്കി. കുഞ്ഞിനെ തിരികെ എത്തിക്കാനായി വയനാടെത്തിയ ചേവായൂർ പൊലീസ് സംഘത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ എം രമ്യ താൻ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. കുഞ്ഞിനെ ഏറ്റുവാങ്ങിയ രമ്യ മുലയൂട്ടി ക്ഷീണമകറ്റി. പിന്നെ അതിവേഗം കുഞ്ഞുമായി അമ്മയുടെ അടുത്തേയ്ക്ക് യാത്ര തിരിച്ചു.

കുഞ്ഞിനെ അമ്മയുടെ കൈകളിൽ ഭദ്രമായി തിരികെ ഏൽപ്പിക്കാൻ കഴിഞ്ഞതിന്റ ആശ്വാസത്തിലാണ് ഇപ്പോൾ ചേവായൂർ പൊലീസ്. നാല് വർഷം മുമ്പ് പൊലീസ് സേനയിൽ ചേർന്ന രമ്യ കോഴിക്കോട് ചിങ്ങപുരം സ്വദേശിയാണ്. വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കി ആംഡ് പൊലീസ് ബറ്റാലിയന്റെ നാലാം ദളത്തിൽ സേവനമനുഷ്ടിച്ചിരുന്ന രമ്യ മാതൃത്വ അവധിക്ക് ശേഷമാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ ജോലിക്കെത്തിയത്. നാലും ഒന്നും വയസുള്ള രണ്ട് കുട്ടികളുടെ മാതാവാണ് രമ്യ.