തിരുവനന്തപുരം: മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളിൽ വരും. അപ്പോൾ എത്രപേർ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം- എന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രസ്താവന വിവാദത്തിലേക്ക്. മമ്മൂട്ടി അഭിനയിക്കുന്ന സിനിമകൾ തിയേറ്ററിൽ ആരും പോയി കാണില്ലെന്ന പരോക്ഷ കളിയാക്കലാണ് ഈ വാക്കുകളിലുള്ളത്. ചലച്ചിത്രമേളയിൽ 'നൻപകൽ നേരത്ത് മയക്കത്തി'ന്റെ ആദ്യപ്രദർശനത്തിൽ റിസർവ് ചെയ്തിട്ടും സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് ഡെലിഗേറ്റുകൾ പ്രതിഷേധിച്ചിരുന്നു. ഇതിൽ പൊലീസ് കേസുമെടുത്തു. ഈ സംഭവത്തെ ന്യായീകരിക്കുമ്പോഴാണ് രഞ്ജിത്തിന്റെ കളിയാക്കൽ.

27-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനവേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് കാണികളുടെ കൂവൽ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. മേളയിൽ സീറ്റ് കിട്ടാതെ സിനിമ കാണാൻ സാധിക്കാതിരുന്ന ചിലരാണ് കൂവിയത്. സംസാരത്തിനിടെ ഇതിനുള്ള മറുപടിയും രഞ്ജിത് നൽകി. ഈ മറുപടിയിലാണ് മമ്മൂട്ടിയെ പരിഹസിക്കുന്നത്. സാസ്‌കാരിക മന്ത്രി വാസവന്റെ സാന്നിധ്യത്തിലായിരുന്നു പരിഹാസം. 2018-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഡ്രാമയാണ് രഞ്ജിത് സംവിധാനം ചെയ്ത് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ആ സിനിമ തിയേറ്ററിൽ വമ്പൻ പരാജയമായിരുന്നു. അങ്ങനെയുള്ള സംവിധായകനാണ് മമ്മൂട്ടിയെ പരിഹസിച്ചത്.

ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് പുരോഗമിക്കവേ സംവിധായകൻ രഞ്ജിത് സംസാരിക്കാനായി എഴുന്നേറ്റപ്പോഴാണ് കാണികൾക്കിടയിൽ നിന്ന് കൂവലുയർന്നത്. ഇതോടെ കൂവൽ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത് തിരിച്ചടിച്ചു. അതൊരു സ്വാഗത വചനമാണോ കൂവലാണോ എന്ന് മനസിലായില്ല എന്നുപറഞ്ഞുകൊണ്ടാണ് രഞ്ജിത് സംസാരം തുടങ്ങിയത്. ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോൾ കൂവാൻ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു മാധ്യമപ്രവർത്തകനായ സൂഹൃത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. കൂവിത്തെളിയുക തന്നെ വേണം, നല്ല കാര്യമാണെന്ന് താൻ മറുപടി പറഞ്ഞെന്നും രഞ്ജിത് വ്യക്തമാക്കി.

'കൂവലൊന്നും പുത്തരിയല്ല.1976-ൽ എസ്.എഫ്.ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല. അതിനാരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. ഈ സദസിനോടാണ് നന്ദി പറയാനുള്ളത്. വേദിയിലെ യുവാക്കളാണ് 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഭം?ഗിയായി അവസാനിപ്പിക്കാൻ കാരണം. മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളിൽ വരും. അപ്പോൾ എത്രപേർ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം.' രഞ്ജിത് കൂട്ടിച്ചേർത്തു.

ചലച്ചിത്രമേളയിൽ 'നൻപകൽ നേരത്ത് മയക്കത്തി'ന്റെ ആദ്യപ്രദർശനത്തിൽ റിസർവ് ചെയ്തിട്ടും സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് ഡെലിഗേറ്റുകൾ പ്രതിഷേധിച്ചിരുന്നു. ബഹളമുണ്ടായതിനെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇതിനെതിരേ ഫെസ്റ്റിവൽ ഓഫീസിനു മുന്നിൽ ഉൾപ്പെടെ പ്രേക്ഷകർ പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ ചർച്ച നടത്താനോ റിസർവേഷൻ പോരായ്മകൾ പരിഹരിക്കാനോ ചെയർമാൻ തയ്യാറായില്ലെന്ന ആരോപണവും ഡെലിഗേറ്റുകൾ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമാപന സമ്മേളനത്തിലും രഞ്ജിത്തിനെതിരേ കൂവലുയർന്നത്.

'നൻപകൽ നേരത്ത് മയക്കം' എന്ന ഒരു സിനിമയുടെ മാത്രം പേരിലുണ്ടായ വിവാദങ്ങളുടെ പേരിൽ ചലച്ചിത്ര അക്കാദമി തല കുനിക്കില്ലെന്ന് ചെയർമാൻ രഞ്ജിത്. മേളയിൽ പ്രദർശിപ്പിച്ച മറ്റേതൊരു സിനിമയുടെ പേരിലും പ്രശ്‌നമുണ്ടായിട്ടില്ല. ഈ ഒരു സിനിമയുടെ മാത്രം റിസർവേഷൻ പ്രശ്‌നം ഉന്നയിച്ച് മേളയുടെ ശോഭ കെടുത്താൻ ആരും ശ്രമിക്കേണ്ടതില്ല. സിനിമയുടെ തിരഞ്ഞെടുപ്പ്, അവയുടെ ഉള്ളടക്കം എന്നിവയുടെ കാര്യത്തിൽ 27ാമത് രാജ്യാന്തര ചലച്ചിത്രമേള മികച്ച നിലവാരമാണ് പുലർത്തുന്നത്. ഒരു നൻപകൽ നേരത്ത് മയക്കത്തിന്റെ പേരിൽ ഞങ്ങൾ തല കുനിക്കാൻ തയാറല്ല. രഞ്ജിത് പറഞ്ഞു.

റിസർവേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാങ്കേതികമാണ്. അത് വ്യക്തികളുടെ കൈയിൽ നിൽക്കുന്ന കാര്യമല്ല. രാവിലെ റിസർവേഷൻ ആരംഭിക്കുമ്പോൾ തന്നെ സീറ്റുകൾ മുഴുവൻ റിസർവു ചെയ്യപ്പെടുന്നു. ഇക്കാര്യത്തിൽ മുതിർന്ന പൗരന്മാർക്ക് ചില പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചിരുന്നു. അവരും ക്യൂവിലുണ്ട്. അപ്പോൾ അവരുടെ റജിസ്‌ട്രേഷൻ നമ്പർ വച്ച് ലിസ്റ്റ് തയാറാക്കാൻ ആവശ്യപ്പെട്ടു. പേരു പോലും ആവശ്യപ്പെട്ടില്ല. 12 പേർ റജിസ്‌ടേഷൻ നമ്പർ നൽകി. അവർക്ക് ഈ സിനിമ കാണാൻ അവസരം നൽകി. അവർ ബുദ്ധിമുട്ടില്ലാതെ കാണുകയും ചെയ്തു. ഇതിൽ കൂടുതൽ എന്താണ് അക്കാദമിക്ക് ചെയ്യാനാവുക? രഞ്ജിത് ചോദിച്ചു.

റിസർവേഷനുമായി ബന്ധപ്പെട്ട് പല തീയേറ്ററുകൾക്കും നേരേ ആക്രമണ ശ്രമങ്ങളുണ്ടായി. ആളു കൂടുന്നിടത്ത് പ്രശ്‌നങ്ങളുണ്ടെന്നറിഞ്ഞാൽ പൊലീസ് എത്തും. അക്കാദമി പൊലീസിനെ വിളിച്ചുവരുത്തിയിട്ടില്ല. ആരേയും ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടില്ല. പൊലീസ് വന്നത് അവർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. കലാപശ്രമത്തിന് കേസെടുത്തുവെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പൊലീസ് ടഗോറിൽ വന്ന് പ്രതിനിധികളോടും ഞങ്ങളോടും സംസാരിച്ചിട്ടുണ്ട്.രഞ്ജിത് പറഞ്ഞു.

എല്ലാ അർത്ഥത്തിലും രഞ്ജിത് ഷോയായിരുന്നു ചലച്ചിത്ര മേള. എം. മുകുന്ദന്റെ പ്രശസ്ത നോവൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാവുന്നു എന്ന പ്രഖ്യാപനം പോലും നടത്തി കൈട്ടയി വാങ്ങി. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം അറിയിച്ചത്. എം. മുകുന്ദനായിരുന്നു മേളയുടെ സമാപനസമ്മേളനത്തിലെ മുഖ്യാതിഥി. അങ്ങനെ രഞ്ജിത്തിന് വേണ്ടപ്പെട്ടവർ മാത്രമാണ് ചലച്ചിത്ര മേളയിലെ വേദിയിൽ ഇത്തവണ എത്തിയത്.

സിനിമയുടെ മറ്റുവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എം. മുകുന്ദൻ ആദ്യമായി തിരക്കഥയെഴുതിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രം ഈയിടെയാണ് തിയേറ്ററുകളിലെത്തിയത്.