- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ എനിക്കൊരു വീടുണ്ട്; വീട് നോക്കുന്ന ബാലകൃഷ്ണൻ നാടൻ നായ്ക്കളെ പോറ്റാറുണ്ട്; അവർ എന്നെ കാണുമ്പോൾ കുരയ്ക്കാറുണ്ട്. ഞാൻ വീടിന്റെ ഉടമസ്ഥൻ ആണെന്ന യാഥാർത്ഥ്യം അറിയാതെയാണത്; നായ മനപ്പൂർവ്വം എന്നെ ടാർജറ്റ് ചെയ്ത് കുരക്കുന്നതല്ല; ഞാൻ ആ നായയെ തല്ലി പുറത്താക്കാൻ ശ്രമിക്കില്ല; കൂവിയത് നായ്ക്കളോ? വിവാദം ആളിക്കത്തിക്കും ഡ്രാമയുമായി രഞ്ജിത്; ലക്ഷ്യം കോഴിക്കോട്ടെ ലോക്‌സഭാ സീറ്റ്?
തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സമാപന വേദിയിൽ കൂവി വിളിച്ച് പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ആൾക്കൂട്ട പ്രതിഷേധം നായ്ക്കൾ കൂവിയത് പോലെയെന്നും ഐഎഫ്എഫ്‌കെ നടത്തിപ്പിൽ വീഴ്ചയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ന്യൂസ് 18 കേരളയോട് നടത്തി പരമാർശമാണ് വിവാദമാകുന്നത്. നേരത്തെ സൈനികരെ അപമാനിക്കാൻ സപ്ലൈകോ ജീവനക്കാരൻ നടത്തിയതിന് സമാനമാണ് രഞ്ജിത്തിന്റെ വാക്കുകളും.
''കൂവി വിളിച്ചതിനെ വലുതാക്കേണ്ട. ആരോ എന്തോ ബഹളമുണ്ടാക്കി. അതിൽ വലിയ കാര്യമില്ല. വയനാട്ടിൽ എനിക്കൊരു വീടുണ്ട്. വീട് നോക്കുന്ന ബാലകൃഷ്ണൻ നാടൻ നായ്ക്കളെ പോറ്റാറുണ്ട്. അവർ എന്നെ കാണുമ്പോൾ കുരയ്ക്കാറുണ്ട്. ഞാൻ വീടിന്റെ ഉടമസ്ഥൻ ആണെന്ന യാഥാർത്ഥ്യം അറിയാതെയാണത്. എനിക്കതിനോട് ചിരിയാണ് തോന്നുന്നത്. ഈ അപശബ്ദങ്ങളെയും അത്രയേ കാണുന്നുള്ളൂ. ചില ശബ്ദങ്ങൾ ഉണ്ടാകും. നായ മനപ്പൂർവ്വം എന്നെ ടാർജറ്റ് ചെയ്ത് കുരക്കുന്നതല്ല. വല്ലപ്പോഴും എത്തുന്ന ആൾ എന്ന നിലയിൽ എന്നോട് പരിചയമില്ലായ്മ ഉണ്ടാകാം. അതുകൊണ്ട് ഞാൻ ആ നായയെ തല്ലി പുറത്താക്കാൻ ശ്രമിക്കില്ല''- രഞ്ജിത് പ്രതികരിച്ചു.
വിവാദം വീണ്ടും വീണ്ടും ആളിക്കത്തിക്കുകയാണ് രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയർമാന് രാഷ്ട്രീയ മോഹമുണ്ടെന്ന് നേരത്തെ ചർച്ചയായിരുന്നു. കോഴിക്കോട്ട് നിന്നും നിയമസഭാ സീറ്റിൽ മത്സരിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാൽ അത് നടക്കാതെ പോയി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സിപിഎം സ്ഥാനാർത്ഥിയാവുകയാണ് രഞ്ജിത്തിന്റെ ലക്ഷ്യമെന്ന് സൂചനയുണ്ട്. ഇതിന് വേണ്ടിയാണ് ചലച്ചിത്ര മേളയിൽ താനൊരു എസ് എഫ് ഐക്കാരനെന്ന് പറഞ്ഞ് കമ്യൂണിസ്റ്റ് പാരമ്പര്യം ചർച്ചയാക്കിയതെന്നും വിലയിരുത്തലുണ്ട്. പഴയ എസ് എഫ് ഐക്കാരനായ തനിക്ക് സിപിഎം സീറ്റ് നൽകുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് രഞ്ജിത്. നേരത്തെ നിയമസഭയിലേക്ക് മത്സരിക്കാൻ ശ്രമിച്ചപ്പോൾ നന്ദനം പോലുള്ള സിനിമകളിലെ ഹൈന്ദവ സ്വഭാവം ചിലർ ചർച്ചയാക്കി. ഇതുകൊണ്ടാണ് സീറ്റ് അവസാന നിമിഷം നഷ്ടമായത്. താനൊരു എസ് എഫ് ഐക്കാരനാണെന്നും കമ്യൂണിസ്റ്റാണെന്നും സ്വയം സ്ഥാപിച്ച് ആ പേരു ദോഷം മാറ്റിയെടുക്കാനാണ് രഞ്ജിത്തിന്റെ ശ്രമം.
ദീലീപിനെ ജയിലിൽ പോയി കണ്ട പേരു ദോഷവും ഒരു ചലച്ചിത്ര മേളയിലൂടെ രഞ്ജിത്ത് മാറ്റിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് താനൊരു കുട്ടിക്കാലം മുതലുള്ള എസ് എഫ് ഐക്കാരനെന്ന് വിശദീകരിച്ച് ദേവാസൂരവും നന്ദനവും പോലുള്ള ചിത്രങ്ങൾ നൽകിയ ഹൈന്ദവ ആഭിമുഖ്യവും മാറ്റുന്നതിന് ശ്രമിക്കുന്നത്. അടുത്ത ചലച്ചിത്ര മേളയിലൂടെ കൂടുതൽ ഇടതുപക്ഷ സ്വഭാവം പ്രകടിപ്പിച്ച് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടി സഖാക്കളുടെ കൈയടി കിട്ടാനാണ് എസ് എഫ് ഐയിലൂടെയാണ് ഉയർന്നു വന്നതെന്ന ചർച്ച രഞ്ജിത്ത് ചർച്ചയാക്കുന്നത്. അതിന് വേണ്ടിയാണ് പട്ടിയോട് കൂകുന്നവരെ അപമാനിക്കുന്നതും.
നല്ല സിനിമ കാണിക്കുക എന്നുള്ളതായിരുന്നു മേളയുടെ വലിയ ലക്ഷ്യമെന്നും അതിന് കഴിഞ്ഞുവെന്നും രഞ്ജിത്ത് അവകാശപ്പെടുന്നുണ്ട്. ഉത്സാഹത്തോടെ വലിയൊരു പ്രേക്ഷക വിഭാഗം കാണുകയും ചെയ്തു. അതാണ് കരുത്ത്. ഈ ബഹളം ഒന്നും കാര്യമായി എടുക്കാറില്ല. മേള നടത്തിപ്പിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ചലച്ചിത്ര അക്കാദമിക്ക് ഒരു തരത്തിലുള്ള പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി ടീമിന്റെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് രഞ്ജിത്തിന് നേരെ പ്രതിഷേധിക്കാൻ കാണികളെ പ്രേരിപ്പിച്ചത്. സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതാണ് തനിക്ക് നേരെ ഉയർന്ന കൂവലിന്റെ കാരണമെന്ന് പറഞ്ഞ രഞ്ജിത്ത് ആ സിനിമ തീയറ്ററിൽ വരുമ്പോൾ എത്ര പേർ കാണുമെന്ന് നോക്കാമെന്നും പറഞ്ഞു. ഐഎഫ്എഫ് കെയുടെ സമാപന ചടങ്ങിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ കാണികളിൽ ഒരു വിഭാഗം കൂവിയതിനെ തുടർന്നാണ് രഞ്ജിത്തിന്റെ പ്രതികരണം.
എന്നാൽ കൂവി എന്നെ തോൽപ്പിക്കാൻ സാധിക്കില്ലെന്നും 1977 ൽ എസ്എഫ്‌ഐയിലൂടെയാണ് താൻ പോരാട്ടം തുടങ്ങിയതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. തന്നെ സ്വാഗതം ചെയ്തതാണോ കളിയാക്കിയതാണോ എന്ന് ചോദിച്ച് കൊണ്ടാണ് രഞ്ജിത്ത് തന്റെ പ്രസംഗം ആരംഭിച്ചത്. താൻ സംസാരിക്കുമ്പോൾ ഒരു വിഭാഗം കൂവാൻ പദ്ധതിയിട്ടിട്ടുണ്ട് എന്ന് തന്റെ സുഹൃത്തായ മാധ്യമ പ്രവർത്തകൻ പറഞ്ഞു. കൂവിത്തെളിയുന്നത് നല്ല കാര്യമാണ് എന്നാണ് താൻ മറുപടി പറഞ്ഞത്. തന്നെ കൂവിത്തോൽപിക്കാനാവില്ല. 1977 ൽ എസ്എഫ്‌ഐയിലൂടെ തുടങ്ങിയതാണ് ജീവിതം. അതു കൊണ്ട് കൂവി പരാജയപ്പെടുത്താൻ ആരും ശ്രമിക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചലച്ചിത്ര മേളയെ രാഷ്ട്രീയ വേദിയാക്കി രഞ്ജിത്ത് മാറ്റുകയായിരുന്നു. മേളയിൽ ഇടതു ആഭിമുഖ്യമുള്ളവരാണ് രഞ്ജിത്തിനെ കൂകിയതെന്നതാണ് മറ്റൊരു വസ്തുത.
മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളിൽ വരും. അപ്പോൾ എത്രപേർ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം- എന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രസ്താവന വിവാദത്തിലേക്ക്. മമ്മൂട്ടി അഭിനയിക്കുന്ന സിനിമകൾ തിയേറ്ററിൽ ആരും പോയി കാണില്ലെന്ന പരോക്ഷ കളിയാക്കലാണ് ഈ വാക്കുകളിലുള്ളത്. ചലച്ചിത്രമേളയിൽ 'നൻപകൽ നേരത്ത് മയക്കത്തി'ന്റെ ആദ്യപ്രദർശനത്തിൽ റിസർവ് ചെയ്തിട്ടും സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് ഡെലിഗേറ്റുകൾ പ്രതിഷേധിച്ചിരുന്നു. ഇതിൽ പൊലീസ് കേസുമെടുത്തു. 2018-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഡ്രാമയാണ് രഞ്ജിത് സംവിധാനം ചെയ്ത് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ആ സിനിമ തിയേറ്ററിൽ വമ്പൻ പരാജയമായിരുന്നു. അങ്ങനെയുള്ള സംവിധായകനാണ് മമ്മൂട്ടിയെ പരിഹസിച്ചത്.
ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് പുരോഗമിക്കവേ സംവിധായകൻ രഞ്ജിത് സംസാരിക്കാനായി എഴുന്നേറ്റപ്പോഴാണ് കാണികൾക്കിടയിൽ നിന്ന് കൂവലുയർന്നത്. ഇതോടെ കൂവൽ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത് തിരിച്ചടിച്ചു. അതൊരു സ്വാഗത വചനമാണോ കൂവലാണോ എന്ന് മനസിലായില്ല എന്നുപറഞ്ഞുകൊണ്ടാണ് രഞ്ജിത് സംസാരം തുടങ്ങിയത്. ചലച്ചിത്രമേളയിൽ 'നൻപകൽ നേരത്ത് മയക്കത്തി'ന്റെ ആദ്യപ്രദർശനത്തിൽ റിസർവ് ചെയ്തിട്ടും സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് ഡെലിഗേറ്റുകൾ പ്രതിഷേധിച്ചിരുന്നു. ബഹളമുണ്ടായതിനെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇതിനെതിരേ ഫെസ്റ്റിവൽ ഓഫീസിനു മുന്നിൽ ഉൾപ്പെടെ പ്രേക്ഷകർ പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ ചർച്ച നടത്താനോ റിസർവേഷൻ പോരായ്മകൾ പരിഹരിക്കാനോ ചെയർമാൻ തയ്യാറായില്ലെന്ന ആരോപണവും ഡെലിഗേറ്റുകൾ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമാപന സമ്മേളനത്തിലും രഞ്ജിത്തിനെതിരേ കൂവലുയർന്നത്.
എല്ലാ അർത്ഥത്തിലും രഞ്ജിത് ഷോയായിരുന്നു ചലച്ചിത്ര മേള. എം. മുകുന്ദന്റെ പ്രശസ്ത നോവൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാവുന്നു എന്ന പ്രഖ്യാപനം പോലും നടത്തി കൈട്ടയി വാങ്ങി. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം അറിയിച്ചത്. എം. മുകുന്ദനായിരുന്നു മേളയുടെ സമാപനസമ്മേളനത്തിലെ മുഖ്യാതിഥി. അങ്ങനെ രഞ്ജിത്തിന് വേണ്ടപ്പെട്ടവർ മാത്രമാണ് ചലച്ചിത്ര മേളയിലെ വേദിയിൽ ഇത്തവണ എത്തിയത്. സിനിമയുടെ മറ്റുവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എം. മുകുന്ദൻ ആദ്യമായി തിരക്കഥയെഴുതിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രം ഈയിടെയാണ് തിയേറ്ററുകളിലെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ