തിരുവനന്തപുരം : എന്റെ മകനെ ഇങ്ങനെ ചതിക്കണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തെ മുഴുവൻ അനാഥമാക്കിയില്ലേ. 'അമ്മേ ഇത്രയും തുക ഞാൻ ഇനി എങ്ങനെ കണ്ടെത്തും' എന്ന് അവൻ ചോദിച്ചിരുന്നു കടക്കാരുടെ ശല്യവും കൂടി വന്നപ്പോഴാണ് അവൻ പോയത്.- ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന കേരള ട്രഡീഷണൽ ഫുഡ് പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രി എന്ന സഹകരണ സ്ഥാപനത്തിൽ ജോലി വാഗ്ദാനം നൽകി പോത്തൻകോട് വാവറവിള സ്വദേശികളായ ദമ്പതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തവരോട് ഒരു അമ്മയുടെ ചോദ്യമാണ് ഇത്. ജോലി ലഭിക്കാത്തതിനെത്തുടർന്ന് പണം തിരികെ ചോദിക്കുകയും എന്നാൽ വർഷങ്ങളായി പണം തിരികെ കിട്ടാത്ത സാഹചര്യത്തിൽ മാനസിക സമ്മർദ്ദം മൂലമാണ് 38 വയസ്സുള്ള രജിത്ത് എന്ന യുവാവ് ആത്മഹത്യ ചെയ്തത്. രജിത്തിന്റെ അമ്മയും ഭാര്യയും ചതിയുടെ കഥ മറുനാടനോട് പറഞ്ഞു. ആർക്കും ഇനി രജിത്തിന്റെ ഗതി വരരുതെന്നാണ് ഇവർ പറയുന്നത്.

ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണകാരണം സജിത്താണെന്ന് കൃത്യമായി എഴുതിയിട്ടുണ്ട്. നിയമപരമായി കൂടി നീതി നീതി ലഭിക്കില്ലെന്ന് ഉറപ്പായതു കൊണ്ടായിരിക്കാം രജിത്ത് ജീവനൊടുക്കിയത്. സജിത്തിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് നിലനിൽപ്പുണ്ട്. ആത്മഹത്യാ പ്രേരണ കുറ്റത്തിന് കൂടി കേസ് നൽകി മുന്നോട്ടു പോകാൻ ആണ് കുടുംബത്തിന്റെ തീരുമാനം. ആറു വയസ്സുള്ള ഒരു മകനാണ് രജിത്തിന് ഉള്ളത്. എന്തായാലും ഈ തട്ടിപ്പിലൂടെ ഒരു കുടുംബത്തിലെ ആകെ അത്താണിയായിരുന്ന ഒരു യുവാവാണ് ആത്മഹത്യ ചെയ്തത്.

രജിത്തിന്റെ ഭാര്യ രേവതി പറയുന്നത് ഇങ്ങനെ; രണ്ടുപേർക്കും ജോലി വാഗ്ദാനം നൽകിയത് 2019 ഒക്ടോബറിൽ ആണ്. വെഞ്ഞാറമൂട് സ്വദേശിയായ സജിത്ത് എന്ന ആൾ 8 ലക്ഷം രൂപ വാങ്ങിയത്. ആകെയുണ്ടായിരുന്ന ആഭരണങ്ങൾ വിറ്റും പലിശയ്ക്ക് പണം വാങ്ങിയുമാണ് ഇതിനായുള്ള തുക കണ്ടെത്തിയത്. ജോലി കിട്ടാതായതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വർഷങ്ങളായിട്ടും പണം നൽകാൻ സജിത്ത് തയ്യാറായില്ല.

പലിശക്കാരുടെ സമ്മർദം ഭർത്താവിന് നന്നായി ഉണ്ടായിരുന്നെന്ന് രേവതി പറയുന്നു. ജീവിതം കരകയറ്റുന്നതിനുള്ള ആകെ പ്രതീക്ഷയായിരുന്നു ഈ ജോലി. ചതിക്കപ്പെട്ടു എന്ന് മനസ്സിലായതിനുശേഷം പലപ്പോഴും ശരിയായി ഭക്ഷണം കഴിക്കുന്നതിനോ ഉറങ്ങുന്നതിനു കഴിഞ്ഞിരുന്നില്ല. വല്ലാത്ത മാനസിക വിഷമത്തിൽ ആയിരുന്നു ഭർത്താവെന്നും രേവതി കൂട്ടിച്ചേർത്തു. രജിത്തിന്റെ അമ്മയുടെ വാക്കുകൾ ഇങ്ങനെ: എന്റെ മകനെ ഇങ്ങനെ ചതിക്കണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തെ മുഴുവൻ അനാഥമാക്കിയില്ലേ. 'അമ്മേ ഇത്രയും തുക ഞാൻ ഇനി എങ്ങനെ കണ്ടെത്തും' എന്ന് അവൻ ചോദിച്ചിരുന്നു കടക്കാരുടെ ശല്യവും കൂടി വന്നപ്പോഴാണ് അവൻ പോയത്-അമ്മ പറയുന്നു.

കുടുംബജീവിതത്തിൽ പ്രശ്‌നങ്ങൾ ഇല്ലാത്ത വീടായിരുന്നു രജിത്തിന്റെത് എന്ന് സ്ഥലത്തെ പഞ്ചായത്ത് അംഗവും സാക്ഷ്യപ്പെടുത്തുന്നു. സജിത്ത് എന്ന തട്ടിപ്പുകാരൻ രജിത്തിനെ മാത്രമല്ല ഒരുപാട് ആളുകളെയും ഇതുപോലെ പറ്റിച്ചിട്ടുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ആളുകളാണ് അതിൽ കൂടുതലും. ജോലി വാഗ്ദാനം നൽകി തങ്ങളുടെ തന്നെ ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ട് .ഒരു ജോലി കിട്ടിയാൽ രക്ഷപ്പെടുമല്ലോ എന്ന് കരുതി പലരും പലിശയ്‌ക്കെടുത്തും കടം വാങ്ങിയുമാണ് ലക്ഷങ്ങൾ കൊടുത്തത്. രാഷ്ട്രീയ പിടിപാടും സ്പീക്കറുമായി ബന്ധമുള്ള ആളുമാണ് സജിത്ത് എന്നാണ് ആക്ഷേപം. അതുകൊണ്ടുതന്നെ തട്ടിപ്പിനെ കുറിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം മന്ദഗതിയിൽ ആയിരുന്നു. ഇത്തരം ആത്മഹത്യകൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വാർഡ് മെമ്പർ പറയുന്നത്.

ആത്മഹത്യയുടെ വക്കിലാണെന്നും ദയവായി നൽകിയ പണം തിരികെ തരണമെന്നും പല ആവർത്തി സജിത്തിനെ രഞ്ജിത്ത് അറിയിച്ചിരുന്നുവെന്നതാണ് വസ്തുത. കേസ് കൊടുത്താൽ പണം കിട്ടുന്നതിന് കാലതാമസം ഉണ്ടാകും എന്ന് കരുതിയാണ് പരാതി നൽകാഞ്ഞത്. കൂടാതെ പണം നൽകിയ പലരും അക്കൗണ്ട് ചെക്കോ വഴിയല്ല നൽകിയിട്ടുള്ളത്-അടുത്ത ബന്ധവും സുഹൃത്തും പറയുന്നത് ഇങ്ങനെയാണ്.

ആത്മഹത്യയുടെ വക്കിലാണ് ദയവായി പണം തിരികെ തരണമെന്ന് പലതവണ അറിയിച്ചിരുന്നു. പലപ്പോഴും ഫോൺ സ്വിച്ച് ഓഫ് ആക്കുകയും സജിത്തിന്റെ ഭാര്യയെ കൊണ്ട് മറുപടി പറയിപ്പിക്കുകയും ആണ് ഉണ്ടായത്. ഇത് മൂലം രജിത്ത് വളരെ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു.