തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിലെ അതിജീവിതയെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ രഞ്ജിതയെ കോട്ടയത്തെ ബന്ധുവീട്ടില്‍ വെച്ചാണ് പത്തനംതിട്ട സൈബര്‍ പോലീസ് പിടികൂടിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ഈ നടപടി.

ആവര്‍ത്തിച്ചുള്ള അധിക്ഷേപം വിനയായി രാഹുലിനെതിരെ ആദ്യ പരാതി വന്നപ്പോള്‍ തന്നെ ഇവര്‍ ഫേസ്ബുക്കിലൂടെ അതിജീവിതയെ വ്യക്തിഹത്യ ചെയ്യാന്‍ തുടങ്ങിയിരുന്നു. അന്ന് തിരുവനന്തപുരം സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കര്‍ശന ഉപാധികളോടെയാണ് രഞ്ജിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ഉപാധികള്‍ കാറ്റില്‍ പറത്തിക്കൊണ്ട് രാഹുലിനെതിരെ മൂന്നാമതും പരാതി ഉയര്‍ന്നപ്പോള്‍ രഞ്ജിത വീണ്ടും പരാതിക്കാരിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

അതിജീവിതയെ അധിക്ഷേപിച്ചെന്ന പേരില്‍ ഒരു കേസ് ചാര്‍ജ് ചെയ്യുകയും അതില്‍ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതേ വിഷയത്തില്‍ വീണ്ടും വീണ്ടും കേസുകള്‍ എടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

രഞ്ജിതയുടെ പഴയ ഒരുപോസ്റ്റ് ഇങ്ങനെ:

'അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ പിടിക്കപ്പെടും' എന്നായപ്പോ പിണറായി വിജയന്റെ ഭരണകൂടത്തിന് ഉണ്ടായ ഭയമാണ് എനിക്ക് എതിരെയുള്ള ഈ വേട്ടയാടലിന് പിന്നിലെന്ന് വ്യക്തമാണ്.

ഒരേ കുറ്റത്തിന് പല സ്റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരാളെ ജയിലില്‍ അടക്കാന്‍ ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. കോടതി ജാമ്യം നല്‍കിയിട്ടും പോലീസ് പഴുതുകള്‍ തേടുന്നത് എന്തിനാണ്?

സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നവരെയും വിശ്വാസങ്ങളെ സംരക്ഷിക്കാന്‍ നില്‍ക്കുന്നവരെയും വേട്ടയാടാന്‍ പോലീസിനെ ആയുധമാക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്.

ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭരണകൂടം എന്തിനാണ് ഇത്രയേറെ അസ്വസ്ഥമാകുന്നത്?

സത്യം പറയുന്നവരുടെ വായടപ്പിക്കാന്‍ തടവറയൊരുക്കുന്നത് ഒരു

പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലടോ. പിണറായി വിജയാ....

'അധികാരത്തിന്റെ ഹുങ്കില്‍ പോലീസിനെ വിട്ട് ആരെയും നിശബ്ദനാക്കാം എന്ന് കരുതുന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ്. നിയമത്തിന് മുന്നില്‍ സത്യം ജയിക്കുക തന്നെ ചെയ്യും.'

വെറും രണ്ടേ രണ്ട് മാസം കൂടി കഴിഞ്ഞോട്ടെടാ വിജയാ... ഈ പദവിയും അധികാരവും ഒഴിഞ്ഞു വെറും സാധാരണക്കാരനായി നീയിറങ്ങുന്ന ഒരു ദിവസമുണ്ട്. അന്ന് മനസ്സിലാകും നിനക്ക്, ഈ ജനതയുടെ ശക്തിയും സത്യം വിളിച്ചു പറഞ്ഞവരുടെ കരുത്തും. അധികാരം ഇല്ലാത്ത നിന്നെ കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു!

രഞ്ജിത പുളിക്കന്‍

സൈബര്‍ പോലീസിന്റെ നീക്കം രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും അതിജീവിതയെ അപമാനിച്ചും ഇട്ട പോസ്റ്റുകള്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. കോട്ടയത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. മുമ്പ് ലഭിച്ച ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ഇത്തവണ രഞ്ജിതയുടെ കുരുക്ക് മുറുകാനാണ് സാധ്യത. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കുള്ള താക്കീതായാണ് പോലീസിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

അതേസമയം, രാഹുലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ നടത്തിയ സൈബര്‍ അധിക്ഷേപത്തില്‍ പത്തനംതിട്ട സൈബര്‍ സെല്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഫെനി നൈനാന്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ഫെനിയുടെ ആവശ്യം. രാഹുല്‍ കേസിലെ അതിജീവിതയുടെ വിശദാംശങ്ങള്‍ താന്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും, സൈബര്‍ പൊലീസിന്റെ നടപടി തെറ്റാണെന്നും ഫെനി വാദിച്ചു. രാഹുലിനെതിരായ ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും, പരാതിക്കാരി രാഹുലുമായി പിന്നീട് ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേസില്‍ പൊലീസ് അറസ്റ്റിന് നീക്കം നടത്തുന്നുണ്ടെന്നും ഫെനി പറയുന്നു.