- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ദിവസം മലയാലപ്പുഴയില്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തലവനെ ഇറക്കി റിപ്പോര്‍ട്ടര്‍ ടിവി; നവീന്റെ ഭാര്യയ്ക്ക് മുന്നില്‍ അനാവശ്യ ചോദ്യങ്ങള്‍ എറിഞ്ഞ് വരവറിയിച്ചു; ദിവ്യയെ അറസ്റ്റ് ചെയ്തപ്പോള്‍ അഭിമുഖം നല്കാന് മടിച്ച മഞ്ജുഷ; എന്നിട്ടും കളക്ടര്‍ക്കെതിരെ ആഞ്ഞടിച്ചത് പോരാട്ടം കടുപ്പിക്കുമെന്ന സന്ദേശം നല്കാന്
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം മലയാലപ്പുഴയിലെ നവീന്റെ വീട്ടിലേക്ക് പറന്നെത്തി റിപ്പോര്‍ട്ടര്‍ ടി.വി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തലവന്‍ ടി.വി. പ്രസാദ്. നവീന്റെ ഭാര്യയോട് വിഷമമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ച് കത്തിക്കയറാന്‍ ശ്രമം. ചാനലുകള്‍ക്ക് നല്‍കിയ ഇന്റര്‍വ്യൂ ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച നവീന്റെ ഭാര്യ മഞ്ജുഷ പിന്നീട് ദിവ്യ അറസ്റ്റിലായ വാര്‍ത്ത വന്നിട്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ മടിച്ചു. പയ്യന്നൂര്‍ക്കാരന്‍ ഇല്ലെന്ന് ഉറപ്പിച്ച ശേഷം കാമറയ്ക്ക് മുന്നില്‍ എത്തിയ അവര്‍ ഒറ്റ വരിയില്‍ പ്രതികരണം ഒതുക്കുകയും ചെയ്തു.
നവീന്റെ മരണം കഴിഞ്ഞ് ആദ്യമായിട്ടാണ് മഞ്ജുഷ ദിവ്യയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. നേരത്തേ നവീന്റെ സഹോദരന്‍ പ്രവീണ്‍ ബാബു, ബന്ധുക്കള്‍ എന്നിവരാണ് മാധ്യമങ്ങളോട് കാര്യങ്ങള്‍ വിദശീകരിച്ചിരുന്നത്. ഇതിനിടെ പല മാധ്യമപ്രവര്‍ത്തകരും മഞ്ജുഷയെ സ്വകാര്യമായി കണ്ട് ഇന്റര്‍വ്യൂ ചോദിച്ചിരുന്നു. എന്നാല്‍, കോടതി നടപടി ക്രമങ്ങളെ ബാധിക്കുമെന്ന് ഭയന്ന് ഇവര്‍ അതിന് തയാറായില്ല. ജാമ്യഹര്‍ജിയില്‍ വിധി വരുന്ന ദിവസം താന്‍ പ്രതികരിക്കാമെന്ന് പത്തനംതിട്ടയിലെ മാധ്യമ പ്രവര്‍ത്തകരോട് പറയുകയും ചെയ്തിരുന്നു. ദിവ്യയുടെ ജാമ്യഹര്‍ജി തള്ളിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ആദ്യം പ്രതികരിച്ചത് പ്രവീണ്‍ ബാബുവാണ്. ഇതിനിടെ പുറത്തേക്ക് ഇറങ്ങി വന്ന മഞ്ജുഷ ഇതാദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
മഞ്ജുഷ കാര്യങ്ങള്‍ പറയുന്നതിനിടെയാണ് ഇടയ്ക്ക് കയറി അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ടി.വി. പ്രസാദ് ഉന്നയിച്ചത്. ആത്മഹത്യയാണെങ്കില്‍ ആത്മഹത്യാക്കുറിപ്പ് കാണണ്ടേ? ക്വാര്‍ട്ടേഴ്സിന്റെ കതക് തുറന്ന് കിടന്നതില്‍ സംശയം ഇല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ആക്രമിക്കുന്ന തരത്തില്‍ പ്രസാദ് ഉന്നയിച്ചതോടെ മഞ്ജുഷ പതറി. കണ്ണുകള്‍ നിറഞ്ഞു. വീട്ടിനുള്ളിലുണ്ടായിരുന്ന പെണ്‍മക്കള്‍ അമ്മയെ തിരികെ വിളിച്ചു. മഞ്ജുഷ ബൈറ്റ് നല്‍കുന്നത് വേഗം അവസാനിപ്പിക്കുകയും ചെയ്തു. ഉച്ചയോടെ ദിവ്യയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വന്നു. ഇതിന്റെ പ്രതികരണം തേടി വീണ്ടും മഞ്ജുഷയ്ക്ക് മുന്നിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ആ പയ്യന്നൂര്‍ക്കാരനുണ്ടെങ്കില്‍ ഞാന്‍ വരില്ലെന്നാണ് പറഞ്ഞത്. അവസാനം റിപ്പോര്‍ട്ടര്‍ ചാനലിന്റെ പത്തനംതിട്ട റിപ്പോര്‍ട്ടര്‍ പ്രവീണ്‍ പുരുഷോത്തമനാണ് വന്നത്. മഞ്ജുഷ ഒറ്റവരി ബൈറ്റ് നല്‍കി മടങ്ങുകയും ചെയ്തു.
അന്ന് രാവിലെ നാലു യൂണിറ്റ് കാമറയുമായിട്ടാണ് ടി.വി. പ്രസാദും സംഘവും എത്തിയത്. വീട്ടിലെത്തി മഞ്ജുഷയെ സ്വകാര്യമായി കണ്ടു. താന്‍ പയ്യന്നൂര്‍ക്കാരനാണെന്നും കണ്ണൂര്‍ സിപിഎമ്മില്‍ വലിയ പിടിയുണ്ടെന്നും സഹായിക്കാമെന്നുമൊക്കെ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. മഞ്ജുഷയുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടാകാത്തതാകാം പിന്നീട് ബൈറ്റ് നല്‍കിയപ്പോള്‍ അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കാരണമായതെന്നാണ് കരുതുന്നത്. പ്രസാദിന്റെ ഇടപെടല്‍ ബന്ധുക്കളിലും നാട്ടുകാരിലും അതൃപ്തി ഉണ്ടാക്കി. നവീന്‍ബാബുവിന്റെ ഭാര്യയും മക്കളും വളരെ ശ്രദ്ധിച്ചാണ് മാധ്യമങ്ങളോട് ഇടപെട്ടിരുന്നത്. പെണ്‍കുട്ടികളുടെ മുഖം മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.
പത്തനംതിട്ടയില്‍ നിലവിലുള്ള ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ കുടുംബവുമായി ഒരു ധാരണയുണ്ടാക്കിയിരുന്നു. ഏതു വിഐപി വന്നാലും വീട്ടിലേക്ക് ഇടിച്ചു കയറില്ല. ചോദ്യങ്ങള്‍ അവിടെ വച്ചു ചോദിക്കില്ല, അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുകയില്ല തുടങ്ങിയ ആ ധാരണ ഇന്നലെ വരെ പാലിച്ചു പോന്നിരുന്നു. വീട് സന്ദര്‍ശിക്കുന്ന നേതാക്കളുടെ ബൈറ്റ് ഏറെ മാറി നിന്നാണ് ചാനല്‍ പ്രവര്‍ത്തകര്‍ എടുത്തിരുന്നത്. പ്രസാദിന്റെ വരവ് എല്ലാം തകിടം മറിക്കുകയായിരുന്നു. പിന്നാലെ കരുതല്‍ എടുത്തു. കഴിഞ്ഞ ദിവസം കളക്ടര്‍ക്കെതിരെ മഞ്ജുഷ ബൈറ്റ് നല്‍കി. കളക്ടറുടെ വാദങ്ങളെ പൊളിച്ചടുക്കിയായിരുന്നു അത്. നിയമ പോരാട്ടം കടുപ്പിക്കുമെന്ന സന്ദേശം നല്‍കലായിരുന്നു ഈ പ്രതികരണങ്ങള്‍.