- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പബ്ലിക്ദിന പരേഡിൽ കേരള പെൺകരുത്തിന്റെ ടാബ്ലോ; നഞ്ചിയമ്മയും കാർത്ത്യായനിയമ്മയും താരങ്ങളായി; സ്ത്രീശക്തി പ്രമേയമാക്കിയ ടാബ്ലോയ്ക്ക് കയ്യടി നൽകി രാഷ്ട്രപതി ദ്രൗപതി മുർമു; ഇന്ത്യൻ നിർമ്മിത ആയുധങ്ങളിടൂടെ സൈനിക ശക്തിയും സാംസ്കാരിക പൈതൃകവും വിളിച്ചോതി പ്രൗഢ ഗംഭീര പരേഡ്
ന്യൂഡൽഹി: കർത്തവ്യപഥിൽ 74-ാമത് റിപ്പബ്ലിക് ദിന പരേഡിൽ കയ്യടി നേടി കേരളത്തിന്റെ ടാബ്ലോ. സ്ത്രീശക്തിയും സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യവും എന്ന ആശയം മുൻനിർത്തി 24 സ്ത്രീകൾ അണിനിരന്ന ടാബ്ലോയാണ് കേരളം അവതരിപ്പിച്ചത്. ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ നഞ്ചിയമ്മയും നാരിശക്തി പുരസ്‌കാര ജേതാവായ കാർത്ത്യായനി അമ്മയുടെയും ശിൽപ്പങ്ങളായിരുന്നു കേരളത്തിന്റെ ടാബ്ലോയിലെ ശ്രദ്ധകേന്ദ്രം. നഞ്ചിയമ്മ പാടി അനശ്വരമാക്കിയ അയ്യപ്പനും കോശിയും സിനിമയിലെ 'കലക്കാത്ത' എന്ന ഗാനമാണ് പശ്ചാത്തലത്തിൽ മുഴങ്ങിയത്. സ്ത്രീശക്തി പ്രമേയമാക്കിയ ടാബ്ലോയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നിറഞ്ഞ കൈയടി നൽകി.
അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുളാ നൃത്തം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും ടാബ്ലോയുടെ മാറ്റുകൂട്ടി. ബേപ്പൂർ ഉരുവിന്റെ മാതൃകയിൽ നിർമ്മിച്ച ടാബ്ലോയിൽ സ്ലേറ്റിൽ അക്ഷരം എഴുതുന്ന കാർത്ത്യായനി അമ്മയും ദേശീയ പതാകയേന്തിയ നഞ്ചിയമ്മയുടെയും ശിൽപങ്ങളുടെയും സാന്നിദ്ധ്യം നവ്യാനുഭവമായി.
കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നീവിടങ്ങളിൽ നിന്നുള്ള വനിതകളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. കുടുംബശ്രീ അംഗങ്ങളാണ് ഇവർ. സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായാണ് ഇവർ ശിങ്കാരിമേളം പഠിക്കാൻ ആരംഭിച്ചത്. പെൺ കരുത്ത് വിളിച്ചോതിയ ടാബ്ലോയിൽ കളരിപ്പയറ്റുമായി എത്തിയത് അമ്മയും മകളുമാണ്. ഇരുള വിഭാഗത്തിൽ നിന്നുള്ള എട്ട് സ്ത്രീകളാണ് ഗോത്ര പാരമ്പര്യം നിറഞ്ഞ ചുവടുകളുമായി രാജ്യത്തിന്റെ ശ്രദ്ധ നേടിയത്. ആദ്യമായാണ് ഗോത്ര നൃത്തം കേരളം ടാബ്ലോയിൽ ഉൾപ്പെടുത്തുന്നത്.
അതേസമയം സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്‌കാരിക പൈതകൃകവും വിളിച്ചോതുന്ന പ്രൗഡ ഗംഭീര പരേഡിന് കർത്തവ്യപഥ് സാക്ഷിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതി ദ്രൗപതി മുർമു കർതവ്യപഥിലെത്തിയതോടെ പരേഡ് തുടങ്ങി. ഈജിപ്ത് പ്രസിഡന്റ് അബേൽ ഫത്ത എൽ സിസിയായിരുന്നു മുഖ്യാതിത്ഥി. ഈജിപ്തത് സൈന്യവും ഇന്ത്യൻ സേനയോടൊപ്പം പരേഡിൽ മാർച്ച് ചെയ്തു.
ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ടാങ്കുകളും സൈനിക ആയുധങ്ങളും ഉൾപ്പെടെയുള്ളവ രാജ്യത്തിന്റെ സ്വയംപര്യാപ്തയുടെ പ്രതീകമായി അവതരിപ്പിച്ചു. സൈന്യത്തിനൊപ്പം അർധസൈനിക പൊലീസ് വിഭാഗങ്ങളും പരേഡിൽ അണിനിരന്നു. ഡൽഹി പൊലീസിനെ നയിച്ചത് മലയാളിയായ ശ്വേത കെ സുഗതനാണ്. റഫാൽ ഉൾപ്പെടെയുള്ള യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും നടത്തിയ വ്യോമാഭ്യാസ പ്രകടനങ്ങൾ ഇന്ത്യയുടെ വ്യോമസേന ശക്തിയുടെ സാക്ഷ്യമായി.
മറുനാടന് മലയാളി ബ്യൂറോ