വാഷിങ്ടണ്‍: യുഎസിലെ ടെക്‌സസില്‍, 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ നേതാവ് അലക്‌സാണ്ടര്‍ ഡങ്കന്‍ നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. 'സ്റ്റാച്യു ഓഫ് യൂണിയന്‍' എന്നറിയപ്പെടുന്ന ഈ പ്രതിമയെ ലക്ഷ്യമിട്ട്, 'ക്രിസ്ത്യന്‍ രാജ്യത്തില്‍ എന്തിനാണ് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നത്' എന്ന് ഡങ്കന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ഡങ്കന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. യു.എസില്‍ മതസ്വാതന്ത്ര്യമുണ്ടെന്നും, ഇത്തരം പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും പലരും ചൂണ്ടിക്കാട്ടി. ഹനുമാന്‍ പ്രതിമയുടെ ചിത്രം പങ്കുവെച്ചാണ് ഡങ്കന്‍ തന്റെ പ്രതികരണം അറിയിച്ചത്. 'എന്തുകൊണ്ടാണ് നമ്മള്‍ ടെക്‌സസില്‍ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നത് ? നമ്മള്‍ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാണ്'' പ്രതിമയുടെ വീഡിയോ പങ്കുവച്ച് അലക്‌സാണ്ടര്‍ ഡങ്കന്‍ എക്‌സില്‍ കുറിച്ചു. ടെക്‌സസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിയന്‍.

പ്രതിമ സ്ഥിതി ചെയ്യുന്ന ഷുഗര്‍ ലാന്‍ഡ് പട്ടണത്തില്‍ അഷ്ടലക്ഷ്മി ക്ഷേത്രത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് എക്്‌സില്‍ (മുന്‍പ് ട്വിറ്റര്‍) ഡങ്കന്‍ കുറിപ്പിട്ടത്. ബൈബിളില്‍ നിന്നുള്ള രണ്ട് വാക്യങ്ങളും അദ്ദേഹം ഉദ്ധരിച്ചു: 'നിനക്ക് ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്. നീ വിഗ്രഹമുണ്ടാക്കരുത്... ' (പുറപ്പാട് 20:3-4) എന്നും ''അവര്‍ ദൈവത്തെക്കുറിച്ചുള്ള സത്യം വ്യാജമാക്കി, സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു, സൃഷ്ടാവിന് പകരം; അവനാണ് നിത്യ സ്തുതിക്ക് യോഗ്യന്‍! ആമേന്‍.'' (റോമര്‍ 1:25) എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ റിപ്പബ്ലിക്കന്‍ നേതാവിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ടാഗ് ചെയ്തുകൊണ്ട്, പാര്‍ട്ടിയിലെ സെനറ്റ് സ്ഥാനാര്‍ഥിയെ അച്ചടക്കം പഠിപ്പിക്കുമോ എന്ന് അവര്‍ ചോദിച്ചു. ഡങ്കന്റെ പരാമര്‍ശങ്ങളെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും, ഭൂരിഭാഗം പ്രതികരണങ്ങളും അദ്ദേഹത്തിനെതിരെയാണ് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ (HAF) അദ്ദേഹത്തിന്റെ പ്രസ്താവനകളെ 'ഹിന്ദു വിരുദ്ധവും പ്രകോപനപരവുമാണ്' എന്ന് വിശേഷിപ്പിച്ചു. ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ ഔദ്യോഗിക പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.

'ഹലോ @TexasGOP, നിങ്ങളുടെ പാര്‍ട്ടിയുടെ സെനറ്റ് സ്ഥാനാര്‍ത്ഥിയെ നിങ്ങള്‍ അച്ചടക്ക നടപടിക്ക് വിധേയനാക്കുമോ? വിവേചനത്തിനെതിരായ നിങ്ങളുടെ സ്വന്തം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം,ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ പസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ ഭരണഘടന എല്ലാവര്‍ക്കും ഇഷ്ടമുള്ള മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് നിരവധി പേര്‍ ഡങ്കനെ ഓര്‍മ്മിപ്പിച്ചു. 'നിങ്ങള്‍ ഹിന്ദു ആയതുകൊണ്ട് അത് വ്യാജമാകില്ല. യേശു ഭൂമിയില്‍ ജീവിക്കുന്നതിന് ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വേദങ്ങള്‍ രചിക്കപ്പെട്ടത്. അവ അസാധാരണമായ ഗ്രന്ഥങ്ങളാണ്,' ഒരാള്‍ കുറിച്ചു.

വിവിധ മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ആളുകള്‍ ഒരുമയോടെ ജീവിക്കുന്ന രാജ്യമാണ് അമേരിക്കയെന്ന് ഡങ്കന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ട് പലരും ചൂണ്ടിക്കാട്ടി.