ഉത്തരകാശി: ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം ദുഷ്‍കരമാകുന്നത് ആശങ്ക വർധിപ്പിക്കുന്നു. റോഡും പാലങ്ങളും ഒന്നാകെ തകർന്നതിനാൽ ധരാലി ഗ്രാമത്തിൽ രക്ഷാപ്രവർത്തനം പൂർണതോതിൽ തുടങ്ങാനായില്ല. വഴിനീളെ കല്ലും മണ്ണും നിറഞ്ഞ അവസ്ഥയിലാണ്. മണ്ണിനടിയിലായ ഗ്രാമത്തിലേക്ക്‌ വലിയ ക്രെയ്‌നും മറ്റ്‌ ഉപകരണങ്ങളും എത്തിക്കാനായില്ല. നൂറിലേറെപേർ മണ്ണിനടിയിലാണെന്നാണ് വിവരം. 4 മൃതദേഹങ്ങൾ കണ്ടെടുത്തു. 190പേരെ രക്ഷപ്പെടുത്തി. ദുരന്തത്തിൽപ്പെട്ട മലയാളികൾ സുരക്ഷിതരാണെന്ന് സംസ്ഥാന സർക്കാർ പ്രതിനിധി അറിയിച്ചു.

സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമി പ്രദേശം സന്ദർശിച്ചു. ബുധനാഴ്ച പകൽ പെയ്‌ത കനത്തമഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഹരിദ്വാറിൽ ഗംഗ അപകടനിലയിലെത്തി. പ്രദേശവാസികൾക്കു പുറമേ മറ്റ്‌ സംസ്ഥാനക്കാരും അപകടത്തിൽപ്പെട്ടതായാണ് വിവരം. ധരാലിയിൽ കുടുങ്ങിയ 13 സൈനികരെ രക്ഷിച്ച്‌ ഐടിബിപി ക്യാമ്പിൽ എത്തിച്ചു.

മിന്നൽപ്രളയത്തിൽ അകപ്പെട്ട മലയാളികൾ സുരക്ഷിതരാണെന്ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്‌ വ്യക്തമാക്കി. മുംബൈയിൽ നിന്നുള്ള 20 പേരടക്കം ദുരന്തത്തിൽപ്പെട്ട 28 മലയാളികളും സുരക്ഷിതർ. ഹരിദ്വാറിൽനിന്ന്‌ പുറപ്പെട്ട ഇവരെ ബുധനാഴ്ച ഗംഗോത്രിക്ക്‌ സമീപം കണ്ടെത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തെ ഐടിബിപി ക്യാമ്പിലേക്ക്‌ മാറ്റി. ചൊവ്വാഴ്ച മുതൽ ഇവരെ ബന്ധപ്പെടാൻ കഴിയാത്തത്‌ ആശങ്കയായിരുന്നു. 51 മഹാരാഷ്ട്രക്കാരും സുരക്ഷിതരാണ്‌. കൂടുതൽ മലയാളികളുണ്ടെന്ന്‌ നിലവിൽ വിവരമില്ലെന്ന്‌ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്‌ പറഞ്ഞു.

ദുരന്തത്തിപ്പെട്ട് കാണാതായവരെ കുറിച്ച് സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബത്തിലെ 26 പേരെ കാണാതായ ദമ്പതികളാണ് ആരോപണവുമായി രംഗത്തെത്തിയത്. വലിയ ദുരന്തം സംഭവിക്കുന്നുവെന്ന് കുട്ടികൾ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അവരെക്കുറിച്ച് ഒരു വിവരവുമില്ല, കുടുങ്ങിപോയവരെ കുറിച്ച് സർക്കാരിന് വിവരങ്ങൾ കൈമാറിയെങ്കിലും പ്രതികരണമില്ലെന്നാണ് ധരാലി സ്വദേശികളായ ബീർ സിംഗും ഭാര്യ കാളി ദേവിയും പറയുന്നത്. ദുരന്തം ഉണ്ടാകുമ്പോൾ ഇരുവരും ഗ്രാമത്തിലില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഉത്തരകാശിയില്‍ ഒന്നിലധികം തവണ മേഘവിസ്ഫോടനം ഉണ്ടായെന്നാണ് വിവരം. ദുരന്തത്തില്‍ നിരവധി പേരെ കാണാതായതായിട്ടുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെട്ടതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനങ്ങൾ വേണ്ടവിധത്തില്‍ ഏകോപിപ്പിക്കുന്നതില്‍ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലവെള്ളപ്പാച്ചിൽ എത്തിയത് അപ്രതീക്ഷിതമായാണ്. ദുരന്ത ശേഷം പ്രദേശത്ത് ഒറ്റപ്പെട്ടുപോയ സ്ഥിതി ഉണ്ടായി. കരസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന് കരുതിയില്ല എന്നാണ് രക്ഷപ്പെട്ട രാം തിരത്തും, ബബിതയും പറയുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വന്‍ മേഘവിസ്ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും പെട്ട് അന്‍പതിലധികംപേരെ കാണാതായി. നാലുപേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വലിയതോതിലുള്ള സ്വത്തുനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പര്‍വതശിഖരത്തില്‍നിന്ന് മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി ധരാലി ഗ്രാമത്തെ വിഴുങ്ങുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഓടിരക്ഷപ്പെടാന്‍പോലും സാധിക്കാത്ത വിധം, സെക്കന്‍ഡുകള്‍ക്കൊണ്ട് ഒട്ടേറെ വീടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇതിനടിയില്‍ നിരവധി മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്. മണ്ണും കെട്ടിടാവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ ഇവയ്ക്കടിയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെടുക്കുക എളുപ്പമല്ല. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് തുടങ്ങിയ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു.