ബിഷ്‌കെക്ക്: രണ്ടാഴ്ചയോളമായി 22,000 അടി മുകളില്‍ കാല്‍ ഒടിഞ്ഞ നിലയില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ പര്‍വതാരോഹകയെ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയും രക്ഷാപ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. കിര്‍ഗിസ്ഥാനിലെ വിക്ടറി പീക്കില്‍ 22,965 അടി ഉയരത്തില്‍, 24,406 അടി ഉയരമുള്ള ഒരു കൊടുമുടിയില്‍, കഴിഞ്ഞ 13 ദിവസമായി കുടുങ്ങിക്കിടക്കുകയാണ് റഷ്യന്‍ പര്‍വതാരോഹകയായ നതാഷ നഗോവിറ്റ്സിന. കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ നിരീക്ഷിക്കാന്‍ അയച്ച ഡ്രോണിന് മുന്നില്‍ അവര്‍ വ്യക്തമായി ചലിക്കുന്നതും കൈവീശുന്നതും കാണാമായിരുന്നു. കൊടുങ്കാറ്റില്‍ തകര്‍ന്ന ഇവരുടെ കൂടാരത്തിന്റെ അവിശിഷ്ടങ്ങളും ദൃശ്യങ്ങളില്‍ ഉണ്ട്.

ദി ബേര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഒരു വലിയ പാറക്കടിയിലാണ് ഇവര്‍ അഭയം തേടിയത്. 13 ദിവസം മുമ്പ് നാഗോവിറ്റ്സിന ഇവിടെ വീഴുകയും അവരുടെ കാലിന് ഒടിവ് പറ്റുകയും ചെയ്തിരുന്നു. അപകടകരമായ പര്‍വതത്തിന് മുകളില്‍ നിന്ന് താഴേക്ക് കൊണ്ടുവരാനുള്ള നിരവധി ശ്രമങ്ങള്‍ മോശം കാലാവസ്ഥ കാരണം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ മൈനസ് 30 ഡിഗ്രി തണുപ്പുണ്ടായിട്ടും അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനായി ഒരു ഡ്രോണ്‍ അയയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.

ജീവന്റെ എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ ഒരു പ്രത്യേക ലൈറ്റ് ഹെലികോപ്റ്ററും ഒരു ഇറ്റാലിയന്‍ സംഘവും തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരും ഉദ്യമം ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, അവരെ രക്ഷിക്കാനുള്ള അവസാന അവസരവും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. മൗണ്ട് പോബെഡയിലെ രക്ഷാപ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചതായി ഒരു റഷ്യന്‍ പര്‍വതാരോഹണ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ കാലാവസ്ഥ ഇപ്പോഴും മോശമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഇനി സാധ്യമാകുമെന്ന് പ്രതീക്ഷയില്ലെന്ന് പര്‍വതാരോഹകരുടെ ബേസ് ക്യാമ്പിന്റെ തലവന്‍ ദിമിത്രി ഗ്രെക്കോവ് പറഞ്ഞു. മോശം കാലാവസ്ഥ കാരണം അവരുടെ മരണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പര്‍വ്വതാരോഹക ജീവിച്ചിരിപ്പില്ലെങ്കില്‍ അവരുടെ മൃതദേഹം പുറത്തെടുക്കണമെങ്കില്‍ പോലും കാലാവസ്ഥയില്‍ മാറ്റം വരണം. നേരത്തേ രക്ഷാപ്രവര്‍ത്തനം നടത്താനെത്തിയ ഒരു ഹെലികോപ്ടറിന് അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടി വന്നിരുന്നു.

നഗോവിറ്റ്സിന മരിച്ചു എന്ന് തന്നെയാണ് രക്ഷാപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചതായി കിര്‍ഗിസ്ഥാന്‍ മന്ത്രാലയവും സ്ഥിരീകരിച്ചു. 2021 ല്‍ പര്‍വ്വതാരോഹണത്തിനിടെ നഗോവിറ്റ്സിനയുടെ ഭര്‍ത്താവിന് 22638 അടി ഉയരത്തില്‍ വെച്ച് പക്ഷാഘാതം ഉണ്ടായ സമയത്ത് അദ്ദേഹത്തെ കൈവിടാതെ കൂടെ അവര്‍ നിന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് മരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം ഇതു വരെ കണ്ടെത്തിയില്ല.