അടൂർ: പശു കുത്താൻ വരുന്നത് കണ്ട് ഭയന്നോടിയ അമ്മയും പിഞ്ചു മകനും റബർതോട്ടത്തിലെ 32 അടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണു. ഫയർഫോഴ്സ സംഘം എത്തി രക്ഷിച്ചു. പെരിങ്ങനാട് ചെറുപുഞ്ചയിലെ റബർ തോട്ടത്തിലുള്ള ഉപയോഗശൂന്യമായ കിണറിലാണ് അമ്മയും മകനും വീണത്. പെരിങ്ങനാട് കടയ്ക്കൽ കിഴക്കതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ (24),മകൻ വൈഷ്ണവ് എന്നിവരെയാണ് തോട്ടത്തിൽ മേയുകയായിരുന്ന പശു കുത്താൻ ഓടിച്ചത്

ഒന്നും നോക്കാതെ ഓടുന്നതിനിടയിൽ അബദ്ധവശാൽ മേൽ മൂടിയില്ലാത്ത കിണറിൽ വീഴുകയായിരുന്നു. അടൂർ അഗ്നി രക്ഷാ സേന എത്തുമ്പോഴേക്കും കുട്ടിയെ നാട്ടുകാർ പുറത്തെടുത്തു. സ്ത്രീയെ സേനയുടെ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ രക്ഷപ്പെടുത്തി. സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ടി.എസ്.. ഷാനവാസ് ഫയർ & റെസ്‌ക്യൂ ഓഫീസർമാരായ രവി. ആർ. സാബു .ആർ, സാനിഷ്. എസ് ,സൂരജ് എ . ഹോം ഗാർഡ് ഭാർഗ്ഗവൻ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്.

ഇരുവർക്കും സാരമായ പരുക്കില്ല. പുറമേ നിന്ന് നോക്കിയാൽ ഒറ്റയടിക്ക് കിണറുണ്ടെന്ന് കാണാൻ കഴിയുമായിരുന്നില്ല. ഇതാണ് അപകടത്തിന് വഴി വച്ചത്.