- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദേകത്തിനെ ചൊല്ലിയുള്ള ഉൾപ്പോര്: കണ്ണൂരിലെ സി പി എമ്മിൽ അഴിച്ചുപണിക്ക് സാധ്യത; എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക്; പകരം കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തക്ക് കൊണ്ടുവരാൻ അണിയറ നീക്കം; പിജെയുടെ സെക്രട്ടേറിയറ്റിലേക്കുള്ള വരവിന് കടമ്പകൾ തീർക്കാനും ശ്രമം
കണ്ണൂർ: ഉൾപാർട്ടി പോരിൽ ആടിയുലയന്ന കണ്ണൂർ സി.പി. എമ്മിൽ കൊടുങ്കാറ്റിന് മുൻപായുള്ള നിമിഷങ്ങളിലെ ശാന്തതയും ചൂഴ്ന്നു നിൽക്കുന്ന മൗനവും ബാക്കി നിൽക്കവേ അടിയൊഴുക്കും ശക്തമായി. ഇന്ത്യയിലെ തന്നെ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ ജില്ലാഘടകത്തിൽ ഗ്രൂപ്പ് സമാവാക്യങ്ങൾ മാറിവരുന്ന സാഹചര്യത്തിൽ സംഘടനാതലത്തിൽ തന്നെ അഴിച്ചു പണിയുണ്ടാകുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ ജില്ലാസെക്രട്ടറിയായ എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എടുത്തുകൊണ്ട് ഒഴിവുള്ള സ്ഥാനംനികത്താനും സംസ്ഥാന സെന്ററിന്റെ ഭാഗമായി മാറ്റാനുമാണ് നീക്കം നടക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവർക്ക് എം.വി ജയരാജനെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ താൽപര്യമുണ്ട്.
പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാഗേഷിനെ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്. പി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കു കൊണ്ടുവരാനുള്ള എം.വി ഗോവിന്ദന്റെ നീക്കത്തെ തടയിടുകയാണ് ലക്ഷ്യം. കണ്ണൂരിൽ ഇ.പി ജയരാജന് അഭിമതനായ നേതാക്കളിലൊരാളാണ് എം.വി ജയരാജൻ. അതുകൊണ്ടു തന്നെ ഇ.പിക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കെ.കെ രാഗേഷ് കണ്ണൂരിലേക്ക് വരുന്നതിനോട് പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾക്ക് താൽപര്യമില്ല.
പാർട്ടിയിലെ ജൂനിയറായ കെ.കെ രാഗേഷിനെ ജില്ലാസെക്രട്ടറിയായി നിയോഗിക്കുന്നതിനോട് സീനിയർ നേതാക്കളിൽ മിക്കവർക്കും യോജിപ്പില്ല. എന്നാൽ മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തനായ കെ.കെ രാഗേഷ് കടമ്പകൾ കടന്നു പാർട്ടി നേതൃത്വത്തിലേക്ക് കടന്നുവരുമെന്ന് കരുതുന്നവരും കുറവല്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗമായി സ്ഥാനം കയറ്റം കിട്ടുന്ന എം.വി ജയരാജന് പാർട്ടിയും സർക്കാരും തമ്മിലുള്ള കോ ഓർഡിനേഷൻ ചുമതലയും ലഭിച്ചേക്കും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപായി ഇത്തരമൊരു അഴിച്ചു പണി നടത്തിയാൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നു കരുതുന്ന നേതാക്കളും കണ്ണൂരിലുണ്ട്.
പോർവിളിക്കു ശേഷം ഒത്തുതീർപ്പ്
ഇ.പി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്തു സമ്പാദനആരോപണങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമെന്നാണ് സിപിഎമ്മിൽ നിന്നും ലഭിക്കുന്ന വിശ്വസനീയമായ വിവരം. എന്നാൽ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു തുടരാൻ ഇ.പി ജയരാജൻ താൽപര്യപ്പെടാത്തതാണ് കീറാമുട്ടിയായി മാറിയിരിക്കുന്നത്. സിപിഎമ്മിലെ പടലപ്പിണക്കങ്ങൾ എൽ.ഡി.എഫിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമൊഴിവാക്കുന്നതിനായി ഇ.പി ജയരാജൻ സ്ഥാനം ഒഴിയാമെന്ന നിലപാടിൽ ഉറച്ചു നിന്നാൽ തോമസ് ഐസക്കോ, എ.കെ ബാലനോ ആ സ്ഥാനത്തേക്ക് വന്നേക്കാം. എന്നാൽ സി.പി. എമ്മിലെ രണ്ടു ഉന്നത നേതാക്കൾ തമ്മിലുള്ള ഉൾപോര് അവസാനിപ്പിക്കാൻ പുതിയ ഫോർമുലയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പി.ജയരാജനെ കണ്ണൂർ ലോക്സഭാ സീറ്റിൽ മത്സരിപ്പിക്കുകയെന്നതാണ് അതിലൊന്ന്. പി.ജെയെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് കോപ്റ്റു ചെയ്യണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അപ്രീതി മാറാത്ത സാഹചര്യത്തിൽ അങ്ങനെയൊരു തീരുമാനമെടുക്കാൻ സാധ്യതയില്ല. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ അടുത്ത തവണ കെ.സുധാകരൻ മത്സരിക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പി.ജയരാജനെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടൽ സി.പി. എമ്മിനുണ്ട്. എങ്ങനെയെങ്കിലും പാർലമെന്റിലെത്തിയാൽ സംസ്ഥാന രാഷ്ട്രീയത്തിൽ പി.ജെയ്ക്കു അത്രകണ്ടു ഇടപെടാനുള്ള സ്പേസുണ്ടാവില്ലെന്ന ദീർഘവീക്ഷണവും ഇതിനു പിന്നിലുണ്ട്.
അടിയൊഴുക്കുകളിൽ ആടിയുലയുമ്പോൾ
സിപിഎമ്മിൽ വിവാദമായ റിസോർട്ട് ഇങ്ങ് കണ്ണൂരിലാണെങ്കിൽ സംസ്ഥാനത്തെ പാർട്ടിയെ തന്നെ ആടിയുലയ്ക്കുന്ന കൊടുങ്കാറ്റായി അതു മാറാൻ കാരണങ്ങൾ പലതുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനു പിന്നിൽ ഒരു യുവനേതാവിന്റെ പങ്കിനെ കുറിച്ചു ഇ.പിയോട് അടുപ്പമുള്ളവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ യുവനേതാവിന്റെ സ്ഥലമിടപാടുകൾ പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി റിസോർട്ട് വിവാദം വീണ്ടും തലപൊക്കിയത്. രണ്ടാം നിരയിൽ നിന്നും ഒന്നാം നിരയിലേക്ക് എത്താനുള്ള തന്ത്രവും യുവനേതാവിന്റെ നീക്കത്തിനു പിന്നിലുണ്ടെന്ന് കരുതുന്നു.
റിസോർട്ട് വിവാദം രൂക്ഷമായി തുടരുകയാണെങ്കിൽ ഈ യുവനേതാവിന്റെയും ഒരു സിഐ.ടി.യു നേതാവിന്റെയും സെക്രട്ടറിയേറ്റിലെ ഒരു സംഘടനാ നേതാവിന്റെയും ബിനാമി ഇടപാടുകളും അനധികൃത സ്വത്തു സമ്പാദന വിവരങ്ങളും പുറത്തുവിടാൻ ഇ.പി ജയരാജൻ തയ്യാറാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. ദേശീയ പാത വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ വിജിലൻസ് കേസ് വൻതുക കൈപ്പറ്റി അട്ടിമറിക്കാൻ ചില സി.പി. എം നേതാക്കൾ നടത്തിയ നീങ്ങളും പാർട്ടിക്കുള്ളിൽ സജീവമായ ചർച്ചയായിട്ടുണ്ട്. തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രത്തിലെ സംഘടനാ നേതാവ് നടത്തിയ വൻഅഴിമതികളുടെ ലിസ്റ്റും ഒരുവിഭാഗം തയ്യാറാക്കിയിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പി.ജയരാജന്റെ സന്ധിയില്ലാ സമരം തുടർന്നാൽ യുവനേതാക്കൾ ഉൾപ്പെടെയുള്ള പലർക്കും അടിതെറ്റുമെന്നും ആശങ്ക പാർട്ടിയിൽ പരന്നിട്ടുണ്ട്. ഇ.പിക്കെതിരെ ഇനിയും പ്രചരണം തുടർന്നാൽ തങ്ങൾ മനസ് തുറക്കുമെന്നും ഇതോടെ വന്മരങ്ങൾ തന്നെ കടപുഴകി വീഴുമെന്നും ഇ.പി അനുകൂലികൾ മുന്നറിയിപ്പു നൽകുന്നു. കേരളബാങ്കിൽ ഉന്നത ഉദ്യോഗസ്ഥയായി വിരമിച്ച ഇ.പിയുടെ ഭാര്യ ഇന്ദിരയ്ക്ക് ആയുർവേ റിസോർട്ടിൽ നിക്ഷേപം നടത്താൻ ആരുടെയും ചീട്ടുവേണ്ടെന്നും പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള നിർമ്മാണ പ്രവൃത്തികളാണ് റിസോർട്ടിൽ നടന്നിട്ടുള്ളതെന്ന് ആർക്കും മനസിലാക്കാവുന്നതാണെന്നുമാണ് ഇ.പി അനുകൂലികൾചൂണ്ടിക്കാണിക്കുന്നത്.
ഇന്ദിരയുടെ ഇല്ലാകണക്കുകൾ
ഇതിനിടെ ആന്തൂരിലെ വൈദേകം ആയുർവദിക് ഹീലിങ് സെന്റർ വിവാദത്തിൽ കണ്ണൂരിലെ പാർട്ടി നേതൃത്വവും പാർട്ടിതല അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇ.പിയുടെ ഭാര്യ പി.കെ ഇന്ദിരയ്ക്ക് ജില്ലാബാങ്ക് മാനേജരായി കണ്ണൂരിൽ നിന്നും പിരിയുമ്പോൾ ലഭിച്ച തുക അവർ നിക്ഷേപിച്ച 81.98ലക്ഷം രൂപയുമായി അജഗജാന്തരം വ്യത്യാസമുണ്ടെന്നാണ് പ്രാഥമികമായ കണ്ടെത്തൽ. മകൻ പി.കെ ജയ്സനും വൈദേകത്തിൽ പത്തുലക്ഷം രൂപയുടെ ഓഹരിയുണ്ട്. പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് നിക്ഷേപം നടത്തുന്നതിലും ബിസിനസ് ചെയ്യുന്നതിലും പാർട്ടി വിലക്കൊന്നുമില്ലെങ്കിലും കണക്കിലെ വ്യത്യാസവും സാമ്പത്തിക സ്രോതസിലെ സുതാര്യതയില്ലായ്മയുമാണ് ചർച്ചയാകുന്നത്. മാത്രമല്ല കണ്ണൂർ ജില്ലാസഹകരണബാങ്കിൽ നിന്നും മാനേജരായി പിരിഞ്ഞ പി.കെ ഇന്ദിര കമ്പനിയുടെ ചെയർപേഴ്സൺ സ്ഥാനമേറ്റെടുത്തത് മേജർ ഷെയറിനു ഉടമയായതിനാലാണ്. 2021- ഡിസംബർ 17ന് ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് സി. പി. എം ഉന്നത നേതാക്കളുടെ ഉറ്റതോഴനെന്നു അറിയപ്പെടുന്ന കെ.പി രമേഷ് കുമാറിനെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയത്. കെ.പി േേരമഷ് കുമാറും ഇ.പി ജയരാജനും തമ്മിൽ ഇടഞ്ഞതാണ് ഇതിനു കാരണമായതെന്നാണ് വിവരം. ഡയറക്ടർമാരിലൊരാളും ഇ.പിയുടെ അതീവവിശ്വസ്തനുമായ പി.കെ ഷാജിയെ ഡയറക്ടർ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു. ഇതോടെ കമ്പിനി പൂർണമായും ഇ.പി കുടുംബത്തിന്റെ വരുതിയിലാവുകയും ചെയ്തു. ജില്ലാസഹകരണ ബാങ്കിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച തുക ഇന്ദിര കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് സി. ഇ. ഒ തോമസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഈക്കാര്യം തന്നെയാണ് ഇ.പി ജയരാജൻ വെള്ളിയാഴ്‌ച്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റു യോഗത്തിലും അറിയിക്കുകയെന്നാണ് സൂചന.
വൈദേകത്തിന് പിന്നിലെ വിയർപ്പാരുടേത്?
ആന്തൂർ നഗരസഭയിലെ മൊറാഴ ഉടുപ്പിക്കുന്ന് ഇടിച്ചു നിരത്തി പണി വൈദേകം ആയുർവേദിക് ഹീലിങ് സെന്ററിന്റെ സാക്ഷാത്കാരത്തിനായി കൂടുതൽ വിയർപ്പൊഴുക്കിയത് ജയരാജന്റെ മകൻ ജയ്സനോ അതോ കെ.പി രമേഷ് കുമാറോ ആരാണെന്ന തർക്കമാണ് ഒടുവിൽ അഭിപ്രായഭിന്നതയിലും വേർപിരിയലിലും കലാശിച്ചത്.പാർട്ടി ഉന്നത നേതാവിന്റെ മകനോ പാർട്ടി ഉന്നത നേതാക്കളുടെ വിശ്വസ്ത കരാറുകാരനോ വലുതെന്ന ചോദ്യത്തിനു മുൻപിൽ ചേരിതിരിഞ്ഞു നിൽക്കുകയാണ് കണ്ണൂരിലെ സി.പി. എം.ജയസ്ൺ ചെയർമാനും കെ.പി രമേഷ് കുമാർ എം.ഡിയുമായാണ് 2014-ഡിസംബർ ഒൻപതിന് കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര ഉൾപ്പെടെ മറ്റു ഡയറക്ടർമാരെ പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു. 2021- ഡിസംബർ 17-മുതൽ കമ്പനിയുടെ ചെയർപേഴ്സനാണ് ഇന്ദിര.
15-ഡയറക്ടർ വരെ ഉൾപ്പെടുത്താവുന്ന ബോാർഡിൽ നിലവിൽ പതിനൊന്നു പേർ മാത്രമാണുള്ളത്. ജയ്സന്റെ ബിസിനസിൽ കെ.പി രമേഷ് കുമാർ പങ്കാളിയാവുന്നത് ഇ.പി ജയരാജനുമായുള്ള അടുപ്പത്തിലൂടെയാണ്. തുടക്കത്തിൽ കമ്പിനിയുടെ എം.ഡിയായിരുന്ന രമേഷിനെ കഴിഞ്ഞ ജൂലായ് 20 മുതലാണ് സ്ഥാനത്തു നിന്നും നീക്കുന്നത്. മറ്റൊരു ഡയറക്ടറായ സി.കെ ഷാജിയാണ് കമ്പിനിയുടെ എം.ഡി. നിലവിൽ എം.ഡി രമേഷിനെകുറിച്ചു ബോർഡിന് ചില സംശയങ്ങളും ആക്ഷേപങ്ങളും ഉണ്ടായിരുന്നുവെന്നാണ് കമ്പിനി സി. ഇ.ഒ തോമസ് ജോസഫ് പറയുന്നത്. കഴിഞ്ഞ രണ്ടു ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗങ്ങളിലും രമേഷ് പങ്കെടുത്തിട്ടില്ല. ഇതിനിടെയിൽ സ്ഥാപനത്തിൽ നിന്നും താൻ ഒഴിവാക്കപ്പെടുന്നുവെന്ന തോന്നലിൽ കൂടുതൽ ഓഹരികൾ വാങ്ങിക്കൂട്ടാൻ കെ.പി രമേഷ് ശ്രമിച്ചിരുന്നതായും ഇതു പരാജയപ്പെട്ടപ്പോൾ വൈദേകത്തെ സാമ്പത്തികമായി തകർത്ത് ബാങ്കിനെകൊണ്ടു അറ്റാച്ചു ചെയ്യിപ്പിക്കാൻ കെ.പി രമേഷിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായതായും ആരോപണമുണ്ട്. ഇതോടെയാണ് ഇ.പി കുടുംബവും രമേഷ് കുമാറും തമ്മിൽ പൂർണമായും അകലുന്നത്. അതേ സമയം ഇ.പി തന്നെ ചതിച്ചുവെന്ന പരാതിയാണ് കെ.പി രമേഷ് കുമാർ മുഖ്യമന്ത്രിയോട് ഉൾപ്പെടെ പറഞ്ഞത്. ഇക്കൂട്ടത്തിൽ പി.ജയരാജനും സംഭവമറിഞ്ഞതിനെ തുടർന്നു നല്ലൊരുവടിയായി അതിനെ മാറ്റുകയായിരുന്നു. കെ.പി രമേഷ് ഇ.പിയുമായി ഇടഞ്ഞ സാഹചര്യംകൂടി മനസിലാക്കിയാണ് മുൻപ് നേതാക്കളോടു പരാതി പ്പെട്ടിട്ടും പാർട്ടിയിൽ ഉന്നയിച്ചിട്ടും നടപടിയുണ്ടാകാത്ത വിഷയം പി.ജയരാജൻ വീണ്ടും ഉയർത്തിക്കൊണ്ടുവന്നതെന്നാണ് വിവരം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്