ന്യൂഡൽഹി: എഫ്‌സിഐ. ഗോഡൗണുകളിൽ സംഭരിച്ച് പൊതുവിപണി വിൽപ്പന പദ്ധതി (ഒ.എം.എസ്.എസ്.) വഴി സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന അരിയുടെ വിതരണം കേന്ദ്രം നേരിട്ട് ഏറ്റെടുക്കും. ഈ അരി സ്ംസ്ഥാന ഏജൻസികൾക്ക് നൽകേണ്ടതില്ലെന്ന തീരുമാനത്തെ കേരളം എതിർക്കും. പൊതുവിപണിയിൽ സംസ്ഥാനം ഇടപെടുന്നത് തടയാനാണ് ഈ നീക്കമെന്നാണ് ആരോപണം. സംസ്ഥാനത്തെ പൊതുവിതരണസമ്പ്രദായത്തെയും തീരുമാനം ബാധിച്ചേക്കും.

ഭാരത് ബ്രാൻഡിൽ രാജ്യത്തെല്ലായിടത്തും വിൽക്കാനായി കേന്ദ്രസർക്കാർ ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ, ദേശീയ സഹകരണ കൺസ്യൂമർ ഫെഡറേഷൻ (എൻ.സി.സി.എഫ്.) എന്നിവയ്ക്ക് അരി കൈമാറണമെന്നാണ് നിർദ്ദേശം. ഇതു സംബന്ധിച്ച് എഫ്‌സിഐ. ചെയർമാന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രാലയം കത്തയച്ചു. 'ഭാരത് ബ്രാൻഡി'ന് വേണ്ടിയാണ് ഇതെന്നാണ് ആരോപണം. ഈ വിഷയം ദേശീയ തലത്തിൽ കേരളം ചർച്ചയാക്കും.

എഫ്‌സിഐ. ഗോഡൗണുകളിൽ സംഭരിക്കുന്ന അരിക്ക് കേന്ദ്രം ടെൻഡർ ക്ഷണിക്കുമ്പോൾ സപ്ലൈകോ അടക്കം ടെൻഡറിൽ പങ്കെടുത്ത് അരി നേടുമായിരുന്നു. ഓരോമാസവും ഇതു നടക്കും. ഇതാണ് മാറ്റുന്നത്. 18.59 രൂപയ്ക്ക് അരി തങ്ങൾക്കുകിട്ടിയാൽ 22 രൂപയ്ക്ക് വിറ്റ് കാണിച്ചുതരാമെന്നാണ് കേരള ഭക്ഷ്യവകുപ്പിന്റെ നിലപാട്. കേന്ദ്രം കൊള്ള ലാഭം എടുക്കുന്നുവെന്നതാണ് ആക്ഷേപം. വിഷയം ചർച്ചയാക്കി കേന്ദ്രത്തെ പ്രതിരോധത്തിലാക്കാനാണ് തീരുമാനം.

ജനുവരി 18-ന് അയച്ച കത്തനുസരിച്ച് ആദ്യഘട്ടത്തിൽ രണ്ടരലക്ഷം ടൺ അരിയാണ് ഈ ഏജൻസികൾക്ക് കൈമാറിയത്. ഇതനുസരിച്ചാണ് കേരളത്തിലടക്കം ഭാരത് ബ്രാൻഡ് അരി വിതരണംചെയ്യുന്നത്. എഫ്‌സിഐ. ഗോഡൗൺവഴി സംഭരിച്ച് കേരളത്തിൽ അരി വിതരണം ചെയ്തിരുന്ന സപ്ലൈകോയെയെ വമ്പൻ പ്രതിസന്ധിയിലാക്കും. വിപണി ഇടപെടലും അസാധ്യമാകും. സപ്ലൈകോ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാകും.

ആദ്യഘട്ടത്തിൽ നാഫെഡ് 1.25 ലക്ഷവും കേന്ദ്രീയ ഭണ്ഡാർ എഴുപത്തഞ്ചായിരവും എൻ.സി.സി.എഫ്. അമ്പതിനായിരവും ടൺ അരിയാണ് സംഭരിക്കാൻ നിർദ്ദേശിച്ചത്. ഭാരത് ബ്രാൻഡ് അരി വിൽപ്പന എങ്ങനെയെന്ന് വിശദീകരിച്ചുള്ള രണ്ടാമത്തെ കത്ത് എഫ്‌സിഐ. ചെയർമാനുപുറമേ മൂന്ന് കേന്ദ്ര ഏജൻസികളുടെ എം.ഡി.മാർക്കും കേന്ദ്ര ഭക്ഷ്യമന്ത്രാലയം ജനുവരി 30-ന് അയച്ചുവെന്നാണ് മാതൃഭൂമി റിപ്പോർട്ട്. എല്ലാവിഭാഗം ഉപഭോക്താക്കൾക്കുമായി അഞ്ചുലക്ഷം ടൺ അരി ഏറ്റെടുത്ത് വിതരണം ചെയ്യാനും ആദ്യഘട്ടത്തിൽ രണ്ടരലക്ഷം ഇത്തരത്തിൽ ഏറ്റെടുക്കാനുമാണ് നിർദ്ദേശം.

മാർച്ച് 31വരെയാണിത്. ഇതിന് കിലോഗ്രാമിന് 24 രൂപ വില കണക്കാക്കി. അതിൽ കിലോഗ്രാമിന് 5.41 രൂപ കേന്ദ്രംതന്നെ മൂന്ന് ഏജൻസികൾക്കും സബ്‌സിഡി ഇളവും അനുവദിച്ചു. ഇതനുസരിച്ച് കിലോഗ്രാമിന് 18.59 രൂപ പ്രകാരം ഏജൻസികൾക്ക് അരി ഏറ്റെടുക്കാം. ഇതാണ് പരമാവധി 29 രൂപയിൽ കവിയാത്ത വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിതരണംചെയ്യുന്നത്. ഇതിലൂടെ കേന്ദ്രത്തിന് ലാഭവും കിട്ടുന്നു.

സംഭരണത്തിനും മറ്റും ഏജൻസികൾക്ക് വേണ്ടിവരുന്ന ചെലവുകൂടി കണക്കാക്കിയാണ് ഈയൊരു തുക കേന്ദ്രം നിശ്ചയിച്ചുനൽകിയത്. ജി.എസ്.ടി. അടക്കമുള്ള ചെലവുകളെല്ലാം ചേർത്താൽ 33 രൂപ കൈകാര്യച്ചെലവ് ഏജൻസികൾക്ക് വരുമെങ്കിലും 29 രൂപ സബ്‌സിഡി നിരക്കിൽ വിൽക്കണമെന്ന് നിർദ്ദേശിച്ചതുപ്രകാരമാണ് ഭാരത് അരി അങ്ങനെ വിലയിരുത്തുന്നത്.

എഫ്‌സിഐ.യുടെ പക്കൽ സ്റ്റോക്കുള്ള അസംസ്‌കൃത അരി മാർച്ച് 31-നകം മൂന്ന് ഏജൻസികൾവഴിമാത്രം വിതരണംചെയ്യാനാണ് നിർദ്ദേശം. ഭാരത് അരിയായി ഇപ്പോൾ വിൽക്കുന്നത് വെള്ള അരിയാണെങ്കിലും ചുവന്ന അരിയും എഫ്‌സിഐ.കളിലുണ്ട്. അതും മറ്റ് ഏജൻസികൾക്ക് നൽകുന്നില്ല. ഇതോടെ അരിവിപണിയിൽ സംസ്ഥാന ഇടപെടലിന് കഴിയാത്ത അവസ്ഥ വരും.