- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയിൽ വിള്ളൽ?
മലയാളത്തിലെ മുഴുവൻ അഭിനേതാക്കളെയും പ്രതിനിധീകരിച്ച് 'അമ്മ' എന്ന താരസംഘടനയ്ക്ക് പുറമേ ഡബ്ല്യുസിസി എന്ന വനിതാകൂട്ടായ്മയും ഉണ്ടെങ്കിലും, നടി മഞ്ജുവാര്യരുടെ നേതൃത്വത്തിലുണ്ടായിരുന്ന സൗഹൃദ കൂട്ടായ്മയായിരുന്നു, മലയാള സിനിമയിലെ സ്ത്രീ ശക്തിയുടെ ആണിക്കല്ല്. നടിയെ ആക്രമിച്ച കേസിലടക്കം ശക്തമായി ഇടപെടാൻ ഇവർക്ക് കഴിഞ്ഞിരുന്നു.
സിനിമകൾക്കു അപ്പുറത്തേക്ക് വളർന്ന ആത്മബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കൂട്ടായ്മയായുന്നു അത്. അത്തരമൊരു അപൂർവ്വ സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, ശ്വേത മേനോൻ തുടങ്ങിയവർ. എന്നാൽ ഇന്ന് ആ ഗ്യാങ്ങിൽ ഇന്ന് വിള്ളൽ വീണിരിക്കയാണ്. ശ്വേത മേനോൻ അടക്കമുള്ളവർ ഇന്ന് ആ ടീമിലില്ല.
ഇടയ്ക്ക് ചങ്ങാതികളുമായി ചില സ്വരചേർച്ചയില്ലായ്മകൾ വന്നതോടെ ആ ചങ്ങാതികൂട്ടം ഉപേക്ഷിക്കുകയായിരുന്നു ശ്വേത മേനോൻ. എന്താണ് ആ സൗഹൃദത്തിനു സംഭവിച്ചത് എന്നതിനെ കുറിച്ച് ഈയിടെ ഒരു അഭിമുഖത്തിൽ ശ്വേത തുറന്നടിച്ചിരുന്നു. -'കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട്. എനിക്ക് നേരെ വാ നേരെ പോ രീതിയാണ്. എനിക്ക് വാക്കുകൾ വളച്ചൊടിച്ച് സംസാരിക്കാൻ അറിയില്ല. അടിസ്ഥാനപരമായി, ഞാൻ ഒറ്റ മോളാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അതുകൊണ്ടു തന്നെ, എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാൽ എനിക്ക് അത് ഡൈജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഞാൻ ആരോടും കള്ളത്തരം പറയാറില്ല, അതു ഞാൻ മറ്റുള്ളവരിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെന്തോ ഒരു സ്വരചേർച്ചയില്ലായ്മ ഉണ്ടായി."- ശ്വേതാമേനോൻ പറയുന്നു.
'ഞാൻ ബോംബെക്കാരിയാണ്. എന്നെ മാത്രമാണ് പറ്റിക്കുന്നതെന്നാണ് അന്ന് എനിക്ക് തോന്നിയത്. എന്തിനാണ് ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നതെന്ന് തോന്നിപ്പോയി. ഞാൻ ബോളിവുഡിൽ നിന്നും വന്നതാണ്. അവിടെ എനിക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. ഇവിടെ വന്നിട്ട് എന്തിനാണ് ഞാൻ എന്നെ ബുദ്ധിമുട്ടിക്കുന്നതെന്ന് സ്വയം ചോദിച്ചു. പുറത്തു നിന്നും ആളുകൾ ചോദിക്കാൻ തുടങ്ങി. പുറത്തുനിന്നു ആളുകൾ ചോദിക്കാൻ തുടങ്ങിയതോടെ ഞാൻ വലിയാൻ തുടങ്ങി. ഇതോടെ ഞാൻ പതുക്കെ വലിയാൻ തുടങ്ങി.'
'മഞ്ജു വാര്യർ- ദിലീപ് പ്രശ്നമൊന്നുമല്ല. എന്തായാലും എനിക്ക് കുറച്ച് കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ല. ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ്സ് ഫൈൻ ഓക്കെ, ഗുഡ് ലക്ക് എന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നെയത് സാരമായി ബാധിക്കാൻ തുടങ്ങിയിരുന്നു. അവരെല്ലാവരും ഇപ്പോഴും നല്ല സൗഹൃദമാണ്. ഞാനും അവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണുമ്പോൾ സംസാരിക്കാറുണ്ട്, പക്ഷേ ഞാൻ ആ ഗ്രൂപ്പിന്റെ ഭാഗമല്ല. ഞാൻ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല"- ശ്വേത പറയുന്നു.
പി ആറുകളുടെ സൂപ്പർ സ്റ്റാർ
അതിനിടെ നടി മംമ്ത മോഹൻദാസിന്റെ വാക്കുകളും ഇൻഡസ്ട്രിയിൽ വലിയ ചർച്ചയായിട്ടുണ്ട്. പിആർ വർക്കേഴ്സിനെ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്ന് ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്നാണ് നടി മംമ്ത മോഹൻദാസ് പറഞ്ഞത്. താൻ സൂപ്പർസ്റ്റാർഡം എന്ന കാര്യത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാത്ത ആളാണെന്നും തനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ലെന്നും മംമ്ത കൂട്ടിചേർത്തു.
മംമ്തയുടെ വിമർശനം മഞ്ജു വാര്യർക്ക് നേരെയാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോൾ താൻ അതിൽ സഹതാരമായി അഭിനയിക്കാൻ തയ്യാറായെന്നും എന്നാൽ പിന്നീട് തന്റെ ഒരു സിനിമയിലേക്ക് ഗസ്റ്റ് റോളിലേക്ക് ക്ഷണിച്ചപ്പോൾ ഈ നടി വന്നില്ലെന്നും മംമ്ത ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായെത്തിയ 'ഉദാഹരണം സുജാത' എന്ന ചിത്രത്തിൽ മംമ്ത ഗസ്റ്റ് റോളിൽ എത്തിയിരുന്നു.
'ഈ സൂപ്പർസ്റ്റാർഡം പോലുള്ള കാര്യത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാത്തയാളാണ് ഞാൻ. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്താണ് ഈ സൂപ്പർസ്റ്റാർ എന്നതിന്റെ അർത്ഥമെന്ന് നമ്പർ വൺ, നമ്പർ ടു റാങ്കിങ്ങൊക്കെ ശ്രദ്ധിക്കുന്നവരാണ് സൂപ്പർസ്റ്റാർ ടൈറ്റിലിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ഞാൻ എന്തായാലും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. എനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ല എന്നതാണ് സത്യം. സ്വന്തം പി.ആർ വർക്കേഴ്‌സിനെ വെച്ച് പത്തുപന്ത്രണ്ട് മീഡിയകളിൽ പേരിനൊപ്പം സൂപ്പർസ്റ്റാർ എന്ന് ചേർക്കുന്ന സ്വയം പ്രഖ്യാപിത സൂപ്പർസ്റ്റാറുകൾ നമുക്ക് ചുറ്റുമുണ്ട്. അവരെയൊന്നും ഞാൻ കാര്യമാക്കാറില്ല. എന്റെ പണി അഭിനയിക്കുക എന്നത് മാത്രമാണ്. അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും എന്റെ 100 ശതമാനവും അതിന് വേണ്ടി കൊടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ട്. വേറൊന്നും ആവശ്യമില്ല." -എന്നാണ് ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മംമ്ത പറഞ്ഞത്.
അതേസമയം ഇതെല്ലാം വെറും വ്യക്തിപരമായ പ്രശ്നങ്ങൾ മാത്രമാണെന്നും, നടിയെ ആക്രമിച്ച സംഭവത്തെ തുടർന്ന് മലയാള സിനിമയിൽ ഉണ്ടായ ചേരിതിരിവിനൊന്നും, ഇതുമായി യാതൊരുബന്ധവുമില്ലെന്ന് അഭിപ്രായപ്പെടുന്നുവരുമുണ്ട്.