പത്തനംതിട്ട: ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം പുതിയ ജില്ലാ പ്രസിഡന്റ് എത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് അമ്പതില്‍ താഴെ അംഗങ്ങളാണ്. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന നേതാവ് ജോബ് മൈക്കിള്‍ എംഎല്‍എ പങ്കെടുത്ത യോഗത്തിലാണ് അംഗസംഖ്യ കുറഞ്ഞത്. അദ്ദേഹം അസംതൃപ്തി അറിയിച്ചുവെന്നും സൂചന.

എന്‍.എം. രാജു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് തുടങ്ങിയതാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍. നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമയായിരുന്ന രാജു കുടുംബസമേതം നിലവില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എന്‍.എം. രാജുവിനെ മാറ്റി ചെറിയാന്‍ പോളച്ചിറയ്ക്കലിനെ ജില്ലാ പ്രസിഡന്റാക്കിയിരുന്നു. രാജുവിനെ സംസ്ഥാന ട്രഷററുമാക്കി. പിന്നീട് സാമ്പത്തിക തട്ടിപ്പില്‍ ആരോപണവിധേയനായതോടെ രാജുവിനെ നീക്കി.

അടുത്തിടെയാണ് ചെറിയാന് പകരം മുന്‍ ജില്ലാ പഞ്ചായത്തംഗം സജി അലക്സിനെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഏറെ നാളായി പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന അസംതൃപ്തിക്ക് മാറ്റമുണ്ടാകാന്‍ സജി അലക്സിന് ആയില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഏറെ നാളായി പാര്‍ട്ടിക്ക് ജില്ലാ തല പരിപാടികള്‍ ഒന്നും തന്നെ നടത്താന്‍ കഴിയുന്നില്ല. കലക്ടറേറ്റിന് സമീപത്തെ എസ്എന്‍ഡിപി പ്രാര്‍ഥനാ മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗത്തോട് അംഗങ്ങള്‍ മുഖം തിരിച്ചു. 54 മണ്ഡലം പ്രസിഡന്റുമാരില്‍ 11 പേര്‍ മാത്രമാണ് പങ്കെടുത്തത്. ജില്ലാ പ്രസിഡന്റിന്റെ സ്വന്തം നാടായ തിരുവല്ല നിയോജക മണ്ഡലത്തില്‍ നിന്നും രണ്ടു മണ്ഡലം പ്രസിഡന്റുമാരാണ് യോഗത്തിലുണ്ടായിരുന്നത്.

10 മുതിര്‍ന്ന നേതാക്കളെ യോഗത്തില്‍ ആദരിക്കുന്നതിന് തിരുമാനിച്ചിരുന്നു. രണ്ടു പേരാണ് ആദരവ് ഏറ്റുവാങ്ങാന്‍ എത്തിയത്. ഇരുന്നൂറില്‍പ്പരം അംഗങ്ങളാണ് ജനറല്‍ ബോഡിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. 40 നും 50 നും ഇടയില്‍ പേരാണ് പങ്കെടുത്തത്. ജില്ലയുടെ ചുമതലയുളള ജോബ് മൈക്കിള്‍ എംഎല്‍എ യോഗത്തില്‍ ആളു കുറഞ്ഞതിനെ കുറിച്ച് അസംതൃപ്തി ജില്ലാ നേതൃത്വത്തെയും ജോസ് കെ. മാണിയെയും അറിയിച്ചുവെന്നാണ് സൂചന