- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസിസി പുനഃസംഘടന: പത്തനംതിട്ടയിലെ കോൺഗ്രസിൽ തമ്മിലടി തുടരുന്നു; ജനറൽ സെക്രട്ടറി വി.ആർ. സോജിക്ക് മർദനമേറ്റു; മുൻ പ്രസിഡന്റ് പി. മോഹൻരാജ് വാർത്ത ലൈവായി ചോർത്തിയെന്ന് ആരോപണം; എല്ലാ ഡിസിസി പ്രസിഡന്റുമാരേയും സഹായിച്ചിട്ടേയുള്ളൂവെന്ന് പി.ജെ. കുര്യൻ; ജില്ലയിൽ കോൺഗ്രസ് കുഴപ്പത്തിലേക്ക്
പത്തനംതിട്ട: ഡിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കം ജില്ലയിലെ കോൺഗ്രസിൽ അവസാനിക്കുന്നില്ല. ബുധനാഴ്ച നടന്ന ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. സോജിക്ക് മർദനമേറ്റു. പുറത്ത് നിന്ന് ഗുണ്ടകളെ ഇറക്കി തന്നെ മർദിക്കുകയായിരുന്നുവെന്ന് സോജി ആരോപിച്ചു. പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. യോഗനടപടികൾ മുൻ പ്രസിഡന്റ് പി. മോഹൻരാജ് ലൈവായി ചാനലുകൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പ്രസംഗം നേതാക്കൾ തടസപ്പെടുത്തി.
രാവിലെ ഭാരവാഹികളുടെ യോഗവും ഉച്ചയ്ക്ക് ശേഷം ഡിസിസി എക്സിക്യൂട്ടീവ് യോഗവുമാണ് നടന്നത്. ഉച്ചയ്ക്ക് ശേഷം നടന്ന യോഗമാണ് കൈയാങ്കളിയിൽ കലാശിച്ചത്. പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷ പ്രസംഗം നടത്തിയതിന് പിന്നാലെ തനിക്ക് കുറച്ച് കാര്യങ്ങൾ പറയാണുണ്ടെന്ന് പറഞ്ഞ് മുൻ പ്രസിഡന്റ് പി. മോഹൻരാജ് മൈക്ക് കൈക്കലാക്കി. ഇത് തിരികെ വാങ്ങിയ പ്രസിഡന്റ് സംസാരിക്കാനുള്ള സമയം പിന്നീട് നൽകാമെന്ന് അറിയിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.എ. നസീർ ഉദ്ഘാടനം ചെയ്തതിന് ശേഷം മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. ശിവദാസൻ നായർ പ്രസംഗിച്ചു. പ്രസിഡന്റിനെയും നേതൃത്വത്തെ അദ്ദേഹം കണക്കിന് പരിഹസിച്ചു.
പിന്നീട് പി. മോഹൻരാജ് പ്രസംഗിച്ചു. ഒരാളെയും തനിക്ക് ഭയമില്ലെന്നും പറയേണ്ട കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തെ വിമർശിക്കുകയും ചെയ്തു. ഇതിന് ശേഷം കുളനടയിൽ നിന്നുള്ള വനിതാ നേതാവ് ലാലി ജോൺ എഴുന്നേറ്റ് ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. സോജിയെ രൂക്ഷമായി വിമർശിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ഒരു തെരഞ്ഞെടുപ്പ് കേസിൽ സിപിഎം നേതാവിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത് സോജിയാണെന്നും ആ വിവരം ചോദിച്ച തന്നെ അസഭ്യം പറഞ്ഞുവെന്നും ലാലി ആരോപിച്ചു. ഈ സമയം തനിക്ക് പറയാൻ അവസരം വേണമെന്ന് സോജി ആവശ്യപ്പെട്ടു. ലാലി പറഞ്ഞു കഴിഞ്ഞാൽ സോജിക്ക് അവസരം അനുവദിക്കാമെന്ന് മുതിർന്ന നേതാവ് പി.ജെ. കുര്യൻ അറിയിച്ചു. ഇതനുസരിച്ച് വേദിയിലേക്ക് ചെന്ന സോജിയെ തട്ട ഹരികുമാർ, യൂത്ത് കോൺഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട എന്നിവർ ചേർന്ന് മർദിച്ചു. തട്ട ഹരികുമാർ ലാലിയുടെ ബോഡി ഗാർഡ് ആണെന്ന് സോജി പറഞ്ഞു.
ഇതു സംബന്ധിച്ച് സോജി പത്തനംതിട്ട പൊലീസിലും കെപിസിസി പ്രസിഡന്റിനും പരാതി നൽകി. തുടർന്ന് പ്രസംഗിച്ച മുതിർന്ന നേതാവ് പി.ജെ. കുര്യൻ താനാണ് ഡി.സി.സി നിയന്ത്രിക്കുന്നത് എന്ന ആരോപണം നിഷേധിച്ചു. തനിക്ക് പിണക്കം മുൻ പ്രസിഡന്റ് ബാബു ജോർജിനോട് മാത്രമാണ്. മുൻ പ്രസിഡന്റുമാരായ പി. മോഹൻരാജ്, ശിവദാസൻ നായർ എന്നിവരടക്കമുള്ള ഡിസിസി പ്രസിഡന്റുമാർ എന്നോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്. അഞ്ചു വർഷവും സാറു പറയുന്നത് അനുസരിച്ച് പ്രവർത്തിക്കാമെന്ന് പറഞ്ഞ് വന്നവരാണ്. അപ്പോഴും താൻ പറഞ്ഞത് ഞാൻ പറയുന്നതല്ല പാർട്ടി പറയുന്നത് അനുസരിച്ച് പ്രവർത്തിക്കണമെന്നാണ്. തന്നോട് ആലോചിച്ചല്ല നിലവിലെ പ്രസിഡന്റ് ഓരോന്ന് ചെയ്യുന്നത്. 22 മണ്ഡലം പ്രസിഡന്റുമാരെ അദ്ദേഹം നിയമിച്ചു. കൊറ്റനാടിന്റെ കാര്യത്തിൽ മാത്രമാണ് തന്നോട് അഭിപ്രായം ചോദിച്ചത്.
പുനഃസംഘടനാ ചർച്ചയിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഭാരവാഹികളെ നിശ്ചയിക്കണമെന്നാണ് ശിവദാസൻ നായർ അടക്കമുള്ളവർ പറഞ്ഞത്. അപ്പോഴും താൻ പറഞ്ഞത് കഴിവുള്ളവരെ നോക്കിയാണ് വയ്ക്കേണ്ടത് എന്നാണ്. രാഷ്ട്രീയത്തിൽ സത്യം മാത്രം പറയുന്നയാളാണ് താനെന്നും കുര്യൻ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്