- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മതവിധി പറയുന്ന പണ്ഡിതന്മാരെ പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്നത് ഖേദകരം'; ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച് 10 മുശാവറ അംഗങ്ങള്‍; രോഷം പിഎംഎ സലാം അടക്കമുള്ളവര്‍ക്കെതിരെ; വിവാദം തെരുവിലേക്കും; ഉമര്‍ഫൈസിക്കെതിരെ ഒരു വിഭാഗം പ്രത്യക്ഷ സമരത്തിന്
'മതവിധി പറയുന്ന പണ്ഡിതന്മാരെ പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്നത് ഖേദകരം'
കോഴിക്കോട്: സമസ്തയും ലീഗും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി വിവാദം കൊഴുക്കുന്നു. പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച് 10 മുശാവറ അംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് പാണക്കാട് തങ്ങള്‍ കുടുംബത്തിനെതിരെയും സമസ്തയില്‍ ്അതൃപ്തി പുകയുന്നതായി സൂചനകള്‍ എത്തിയത്. ഉമര്‍ ഫൈസിക്കെതിരെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും വിമര്‍ശവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് ഒരു വിഭാഗം ആളുകള്‍ ഉമര്‍ഫൈസിയെ പിന്തുണച്ച് രംഗത്തെത്തിയത്.
മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സംയുക്ത പ്രസ്താവനയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാചക കുടുംബത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വര്‍ധിച്ചു വരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. പിഎംഎ സലാമിനെ പോലുള്ളവര്‍ക്ക് എതിരെയാണ് സമസ്ത പ്രസ്താവന ഇറക്കിയിരിക്കുന്നത്.
മുശാവറ അംഗങ്ങളുടെ സംയുക്ത പ്രസ്താവന ഇങ്ങനെയാണ്:
മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണ്. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധര്‍മമാണ്. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിന് നേരെ നടന്നു കൊണ്ടിരിക്കുന്ന ദുഷ് പ്രചാരണങ്ങളും അദ്ദേഹത്തിനെതിരെ പൊലീസ് കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ല. മത പണ്ഡിതന്മാരെയും സമൂഹം ഏറെ ആദരിക്കുന്ന പ്രവാചക കുടുംബത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വര്‍ധിച്ചു വരുന്നത് ആശങ്ക ഉളവാക്കുന്നു.
സമസ്ത പ്രസിഡന്റ് ഉള്‍പ്പടെയുള്ള പണ്ഡിതന്മാര്ക്കും സംഘടനക്കും നേരെ കഴിഞ്ഞ ഏതാനും മാസങ്ങളായി ദുഷ്പ്രചരണം നടക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തപെട്ട ആളുകള്‍ പോലും ഇതില്‍ ഭാഗഭാക്കാകുന്നു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഉള്‍പെടെ ഉത്തവാദിത്വപ്പെട്ട നേതാക്കള്‍ നിരന്തരം ഇതാവര്‍ത്തിക്കുന്നതില്‍ സമസ്ത നേതൃത്വം നേരെത്തെ പ്രതിഷേധം അറിയിച്ചതാണ്. ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് സുന്നി വിശ്വാസികളെ പ്രയാസപ്പെടുത്തിയ കാര്യമാണ്.
കേരള മുസ്ലിംകളിലെ സിംഹഭാഗത്തെ പ്രധിനിധികരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശാക്തീകരണത്തെ തടയിടുന്നതില്‍ സലഫി - ജമാഅത്ത് -തീവ്രവാദ സംഘടനകള്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ സുന്നികളുമായുള്ള ആശയപരമായ പോരാട്ടത്തില്‍ ദയനീയമായി പരാജയപ്പെട്ട ഇസ്ലാമിലെ പരിഷ്കരണ വാദികള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗം സമസ്തയുടെ ഘടനാപരമായ പ്രവര്‍ത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞു കയറുകയും ഇടപെടുകയും ചെയ്യുന്നതിന്റെ അനന്തരഫലമാണ് സുന്നി പ്രാസ്ഥാനിക രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് നിമിത്തമായിട്ടുള്ളത്.
സി.ഐ.സി വിഷയത്തില്‍ സയ്യിദ് സ്വാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പെടെയുള്ള മധ്യസ്ഥന്മാര് പലവട്ടം എടുത്ത മധ്യസ്ഥ തീരുമാനങ്ങള്‍ നിഷ്കരുണം തള്ളിക്കളഞ്ഞെന്ന് മാത്രമല്ല മധ്യസ്ഥന്മാര് വീണ്ടും ചര്‍ച്ച ചെയ്യാനിരിക്കെയാണ് മാറ്റി നിര്‍ത്തപ്പെട്ടയാളെ വീണ്ടും ജനറല്‍ സെക്രട്ടറിയായി അവരോധിച്ചത്. ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ട് സമുദായത്തിനിടയിലെ ഐക്യം നിലനിര്‍ത്തിയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തിനും നിലപാടുകള്‍ക്കും പ്രധാന്യം നല്‍കിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകാന്‍ എല്ലാവര്ക്കും കഴിയണം.
പ്രസ്താവനയില്‍ ഒപ്പുവെച്ച സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍:
1. യു.എം അബ്ദുറഹ്മാന് മുസ്ലിയാര്
2. വാക്കോട് മൊയ്തീന് കുട്ടി ഫൈസി
3. എ.വി അബ്ദുറഹ്മാന് മുസ്ലിയാര്
4. ഒളവണ്ണ അബൂബക്കര്‍ ദാരിമി
5. പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്
6. ഐ.ബി ഉസ്മാന് ഫൈസി എറണാകുളം
7. ബി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് ബംബ്രാണ
8. അബ്ദുസലാം ദാരിമി ആലമ്പാടി
9. ഉസ്മാനുല്‍ ഫൈസി തോടാര്‍
10. കുഞ്ഞിമുഹമ്മദ് മുസ്ലിയാര് നെല്ലായ
പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഖാസിയാവാന്‍ യോഗ്യതയില്ലെന്നായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമര്‍ശനം. ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്. ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നിയമങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റിയവരാവണം ഖാസിമാര്‍. ഖിതാബ് ഓതുകയും വേണം. ഇതൊക്കെ ഉണ്ട് എന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാസിയാക്കിക്കോളി എന്നാണ് പറയുന്നത്. അങ്ങനെ ഖാസിയാക്കിക്കൊടുക്കാന് കുറെയാളുകള്‍. നമ്മുടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടു നില്ക്കുന്നു. കുറെയാളുകള്‍ ചേര്‍ന്ന് ഖാസിയെ തീരുമാനിക്കുകയാണ്.
ഇതിനൊക്കെ ഒരു നിയമമില്ലെ. അതിരുവിടുകയാണ്. സമസ്ത സി.ഐ.സി വിഷയത്തില്‍ ഒരു കാര്യം പറഞ്ഞു. അത് കേള്‍ക്കാന്‍ തയാറായില്ല.സമസ്ത പറഞ്ഞാല്‍ കേള്‍ക്കണ്ടെ. പണ്ടൊക്കെ അങ്ങനെയായിരുന്നോ? മഹല്ലുകളില്‍ സമസ്തയെ വെല്ലുവിളിക്കുകയാണ്. സമസ്തയെ വെല്ലുവിളിച്ച് വേറെ പാര്‍ട്ടിയുണ്ടാക്കുകയാണ്. ഖാസി ഫൗണ്ടേഷന് എന്തിനാണ്? ഇതിന്റെ അര്‍ഥമെന്താണ്.
അത്തരം പ്രശ്നങ്ങള്‍ക്ക് അടുത്ത ദിവസം പരിഹാരമുണ്ടാക്കണം. അല്ലെങ്കില്‍ ചിലതൊക്കെ തുറന്നുപറയും. നമ്മുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ട്. അത് ഉപയോഗിക്കും എന്ന ഭയം നിങ്ങള്‍ക്ക് നല്ലതാണ്. കരുതിയിരുന്നോണം. ഇതെല്ലാം ഉള്ളതാണ്. ഉള്ളതുമായി സഹകരിച്ച് പോകുന്നത് രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കും നല്ലതാണ് -എടവണ്ണപ്പാറയില്‍ നടന്ന ഗ്രാന്‍ഡ് മൗലിദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു ഉമര്‍ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം.
അതേസമയം തര്‍ക്കം തെരുവിലേക്കും നീങ്ങുന്നതായി സൂചനയുണ്ട്. സാദിഖലിയെ അവഹേലിച്ച ഉമര്‍ഫൈസിക്കെതിരെ തെരുവില്‍ യോഗം നടത്താന്‍ ഒരു വിഭാഗം രംഗത്തുണ്ട്. എടവണ്ണപ്പാറയില്‍ ഇന്ന് വൈകുന്നേരം പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഉമര്‍ ഫൈസിയെ പുറത്താക്കണം എന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.