തലശ്ശേരി: സി.പി.എം. കണ്ണപുരം ചുണ്ട ബ്രാഞ്ചംഗം കണ്ണപുരത്തെ അലിച്ചിവീട്ടില്‍ റിജിത്ത് ശങ്കരനെ (25) ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി. രാഷ്ട്രീയവിരോധം മാത്രമായിരുന്നു കാരണം. 2005 ഒക്ടോബര്‍ മൂന്നിനാണ് റിജിത്തിനെ പത്തംഗ അക്രമിസംഘം ക്രൂരമായി കൊന്നത്. കൊലപാതകം നടന്നിട്ട് ഒക്ടോബറില്‍ 20 വര്‍ഷം പൂര്‍ത്തിയാകും.

ചുണ്ട തച്ചന്‍കണ്ടി ക്ഷേത്രത്തിനടുത്തുവെച്ചാണ് സി.പി.എം. പ്രവര്‍ത്തകനായ റിജിത്തിനെ കൊലപ്പെടുത്തിയത്. കിണറിനു പിറകില്‍ കടുവ ഇര പിടിക്കുന്നതിന് സമാനമായി ഒളിച്ചിരുന്ന 10 പേര്‍ ആയുധവുമായി ചാടിവീണ് അക്രമിച്ചു. അതില്‍ നിന്നും രക്ഷപ്പെടാന്‍ റിജിത്തനായില്ല. സുധാകരന്‍ അക്രമത്തിന് തുടക്കമിട്ടു. ഒന്നിച്ചുണ്ടായിരുന്ന നികേഷിനെ കുത്തുന്നത് തടഞ്ഞ റിജിത്തിനെ ജയേഷ് കഠാരകൊണ്ട് കുത്തി. ശരീരത്തിന്റെ പിറകിലാണ് കുത്തേറ്റത്. റിജിത്തിന് ചെറുകുന്ന് സെയ്ന്റ് മാര്‍ട്ടിന്‍ ഡി പോറസ് ആസ്പത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു. വളപട്ടണം സി.ഐ.യായിരുന്ന ടി.പി. പ്രേമരാജനാണ് അന്വേഷണം നടത്തിയത്.

ഈ മാസം നാലിന് റിജിത്ത് വധകേസില്‍ ഒന്‍പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികളുണ്ടായിരുന്ന കേസില്‍ മൂന്നാം പ്രതി അജേഷ് വാഹനാപകടത്തില്‍ മരിച്ചു.കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍വീട്ടില്‍ സുധാകരന്‍(57),കൊത്തില താഴെവീട്ടില്‍ ജയേഷ്(41), ചാങ്കുളത്തുപറമ്പില്‍ രഞ്ജിത്ത്(44),പുതിയപുരയില്‍ അജീന്ദ്രന്‍(51),ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍(52), പുതിയപുരയില്‍ രാജേഷ്(46),കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത്(47), സഹോദരന്‍ ശ്രീജിത്ത്(43),തെക്കേവീട്ടില്‍ ഭാസ്‌കരന്‍(67) എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

കൊലയുടെ തലേദിവസം വൈകീട്ട് ആര്‍.എസ്.എസ്. ശാഖ നടത്തുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് അക്രമ കാരണം. ആര്‍.എസ്.എസ്. ശാഖ അക്രമിക്കാന്‍ എത്തിയപ്പോള്‍ അപരിചിതരായ ആളുകള്‍ അക്രമിച്ചെന്നായിരുന്നു പ്രതിഭാഗ വാദം. സംഭവം നടന്ന സ്ഥലം ശാഖയുടെ അടുത്തല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് കോടതി അംഗീകരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോകുമ്പോഴാണ് അക്രമം. സുഹൃത്തുക്കളായ കെ.വി. നികേഷ്, ആര്‍.എസ്. വികാസ്, കെ.എന്‍. വിമല്‍ എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. നികേഷിന്റെ പരാതിയാണ് കേസെടുത്തത്. വാക്കത്തി, കഠാര, വടിവാള്‍, വലിയ കഠാര, സ്റ്റീല്‍പൈപ്പ്, ഉറയോടുകൂടിയ വാള്‍ എന്നിവ ഉപയോഗിച്ചായിരുന്നു കൊല.

അക്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ മൂന്നിടത്തുനിന്ന് അന്വേഷണസംഘം കണ്ടെത്തി. കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരം, ഒരു വീട്ടിലെ മടല്‍ കൂമ്പാരം, നീലിയാര്‍കോട്ടം മരത്തിന് സമീപം എന്നിവിടങ്ങളില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. അന്യായമായി സംഘംചേരല്‍ സംഘംചേര്‍ന്ന് അക്രമം, ആയുധവുമായി സംഘംചേര്‍ന്നു, അന്യായമായി തടഞ്ഞുവെച്ചു, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിച്ചു എന്നീ കുറ്റങ്ങള്‍ക്കും പ്രതികള്‍ കുറ്റക്കാരാണ്. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, 10 പ്രതികള്‍ ആയുധം കൈവശംവെച്ചതിനും കുറ്റക്കാരാണ്. കുറ്റക്കാരാണന്ന് കണ്ടെത്തിയ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

പ്രതികളില്‍ ആറുപേര്‍ സഹോദരങ്ങളാണ്. രണ്ടും മൂന്നും പ്രതികളും അഞ്ചും ഏഴും എട്ടും ഒന്‍പതും പ്രതികളും സഹോദരങ്ങളാണ്. കൊലപാതകം നടന്നിട്ട് 19 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധിപറഞ്ഞത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയശേഷം ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതികള്‍ ജഡ്ജിയോട് പറഞ്ഞു. ഭാര്യ മരിച്ചു; മകന്‍ മാത്രമേയുള്ളൂവെന്ന് പത്താംപ്രതി ടി.വി. ഭാസ്‌കരന്‍. സഹോദരങ്ങള്‍ പ്രതിയായതിനാല്‍ വീട്ടുകാരെ സംരക്ഷിക്കാന്‍ ആളില്ലെന്ന് ഒന്‍പതാംപ്രതി ശ്രീജിത്ത്. സഹോദരന്‍ ശ്രീകാന്തും പ്രതിയാണ്. അമ്മ മാത്രമേയുള്ളൂ. സഹോദരന്‍ മരിച്ചു. അതിനാല്‍ ശിക്ഷയിളവ് നല്‍കണമെന്ന് രണ്ടാം പ്രതി ജയേഷ്. ജയേഷിന്റെ ഇരട്ട സഹോദരന്‍ കേസില്‍ പ്രതിയായിരുന്ന അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു.

കണ്ണപുരം ചുണ്ടയില്‍ പാവപ്പെട്ട തൊഴിലാളി കുടുംബാംഗമായ റിജിത്ത് കണ്ണപുരത്തെ യും ചൂണ്ടയിലേയും സിപിഎം പ്രവര്‍ത്തകനായിരുന്നു. ചെറുപ്പത്തിലെ കുടുംബം പോറ്റാന്‍ നിര്‍മ്മാണത്തൊഴിലിലേര്‍പ്പെട്ട റിജിത്ത് പാര്‍ടിപ്രവര്‍ത്തനങ്ങളിലും, വര്‍ഗ- ബഹുജന സംഘടനാപ്രവര്‍ത്തനങ്ങളിലും, കലാകായിക സാമൂഖ്യക്ഷേമപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി വീട്ടിലേക്ക് നടന്നുപോയ റിജിത്തിനെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

2005 ഒക്ടോബര്‍ മൂന്നിന് രാത്രി 7.45ന് തച്ചന്‍കണ്ടിയാല്‍ ക്ഷേത്രത്തിനടുത്തായിരുന്നു ആക്രമണം.ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കെ വി നികേഷ്, ആര്‍ എസ് വികാസ്,കെ എന്‍ വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.വെട്ടേറ്റ റിജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.